---
title: "കെ.ടി. ബസാറിൽ അടിപ്പാത അനുവദിക്കണം; ഹൈവേ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു"
english_title: "Highway Action Committee formed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/366019/highway-action-committee-formed"
published_at: "2026-06-15T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fb0eec027d_Highway_Action_Committee_formed.jpg"
keywords: ["Latest News", "NH66", "Highway Action Committee", "Chorode"]
---

# കെ.ടി. ബസാറിൽ അടിപ്പാത അനുവദിക്കണം; ഹൈവേ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** വടകര : ദേശീയപാത 66-ൽ കെ.ടി. ബസാറിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ഹൈവേ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

## Article Content

വടകര : ദേശീയപാത 66-ൽ കെ.ടി. ബസാറിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ഹൈവേ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

ചോറോട് ഗ്രാമപഞ്ചായത്തിലെ കൈനാട്ടി മുതൽ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ നാദാപുരം റോഡ് വരെയുള്ള 1.7 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ഏകദേശം 1200-ലധികം വീടുകളിലായി 5000-ത്തോളം ജനങ്ങൾ താമസിക്കുന്നുണ്ട്. ഈ പ്രദേശത്തെ വയോജനങ്ങൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ റോഡിന്റെ ഇരുവശങ്ങളിലേക്കും കടന്ന് എൽ.പി. സ്കൂൾ, ഹൈസ്കൂൾ, പോസ്റ്റോഫീസ്, റേഷൻകട തുടങ്ങിയ സ്ഥാപനങ്ങളിലെത്തുന്നതിന് വലിയ പ്രയാസങ്ങളാണ് നേരിടുന്നത്.

ഇതിനുപുറമെ സർവീസ് റോഡുകളുടെ നിലവിലെ അവസ്ഥയും ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുകയാണ്. സർവീസ് റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ പലപ്പോഴും ഫുട്പാത്തുകൾ കൈയേറുന്നതിനാൽ കാൽനടയാത്രക്കാരുടെ ജീവൻപോലും അപകടത്തിലാകുന്ന സാഹചര്യമാണുള്ളത്. വിദ്യാർത്ഥികൾ, വയോജനങ്ങൾ, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗം കാൽനടയാത്രക്കാരും നിരന്തരം അപകടഭീഷണിയിലാണ് യാത്ര ചെയ്യുന്നത്. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി നാദാപുരം റോഡിനും കൈനാട്ടിക്കും മധ്യഭാഗത്തായി കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി ദേശീയപാത മുറിച്ചുകടക്കുന്നതിനുള്ള അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചോറോട് ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ. ഹരിദാസന്റെ അധ്യക്ഷതയിൽ ബഹുജന കൺവെൻഷൻ നടത്തി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

ഒഞ്ചിയം ഗ്രാമപഞ്ചായത്ത് മെമ്പർ ജയരാജൻ വിഷയം അവതരിഷിച്ചു . ആക്ഷൻകമ്മിറ്റി ഭാരവാഹികളായി പി.കെ. ഹരിദാസൻ (ചെയർമാൻ), പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ, പ്രൊഫ. എം.പി. രാജൻ, കെ. രമേശൻ (വൈസ് ചെയർമാൻമാർ), കെ. ദേവീദാസ് (കൺവീനർ), വി. ദിനേശൻ, കെ. സജിത്ത് കുമാർ, ആർ.കെ. പ്രവീൺ, വി.എം. ബിജു (ജോയിന്റ് കൺവീനർമാർ), പി.കെ. വത്സൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കെ.ടി. ബസാറിൽ അടിപ്പാത അനുവദിക്കുന്നതുവരെ ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/366019/highway-action-committee-formed)