---
title: "എസ്.എസ്.എൽ.സി. മികവിന് 68 പേർക്ക് യു.എൽ.സി.സി.എസിന്റെ ഉപഹാരം "
english_title: "SSLC ULCCS Award for Excellence 68"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3688/sslc-ulccs-award-for-excellence-68"
published_at: "2021-10-06T06:54:00+05:30"
category: "Vatakara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615cfb822ad40_sslc awad.jpg"
keywords: []
---

# എസ്.എസ്.എൽ.സി. മികവിന് 68 പേർക്ക് യു.എൽ.സി.സി.എസിന്റെ ഉപഹാരം 

> **Lead Summary:**  **വടകര **:ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളിൽ എസ്.എസ്.എൽ.സി.ക്കു മികച്ച വിജയം നേടിയ 68 വിദ്യാർത്ഥികൾക്ക് പുരസ്ക്കാരം നല്‍കി . ഇരിങ്ങൽ സർഗ്ഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടന്ന ചടങ്ങിൽ സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരി പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കും അംഗഭംഗം വന്നവർക്കുമുള്ള ധനസഹായവും യോഗത്തിൽ വിതരണം ചെയ്തു.

## Article Content

 **വടകര **:ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളിൽ എസ്.എസ്.എൽ.സി.ക്കു മികച്ച വിജയം നേടിയ 68 വിദ്യാർത്ഥികൾക്ക് പുരസ്ക്കാരം നല്‍കി . ഇരിങ്ങൽ സർഗ്ഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടന്ന ചടങ്ങിൽ സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരി പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കും അംഗഭംഗം വന്നവർക്കുമുള്ള ധനസഹായവും യോഗത്തിൽ വിതരണം ചെയ്തു.

അപകടങ്ങളിൽ മരിച്ച സൊസൈറ്റിയംഗങ്ങളല്ലാത്ത തൊഴിലാളികളായ സി.കെ. അശ്വന്ത്, വിഷ്ണു വിനോദ് എന്നിവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപവീതവും കോവിഡ് ബാധിച്ചു മരിച്ച എൻജിനീയർ പി. ഹരിദാസന്റെ കുടുംബത്തിനു 10 ലക്ഷം രൂപയും നല്‍കി . അപകടത്തിൽ അംഗവൈകല്യം വന്ന അതിഥിത്തൊഴിലാളി കമൽ മജുംദാറിനുള്ള 14 ലക്ഷം രൂപ അദ്ദേഹത്തിനു പങ്കെടുക്കാൻ കഴിയാഞ്ഞതിനാൽ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് എം.ഡി. എസ്. ഷാജു അറിയിച്ചു.

എസ്.എസ്.എൽ.സി.വിജയികൾക്ക് ഗ്രേഡുകളുടെ അടിസ്ഥാനത്തിൽ മൂന്നു റാങ്കുകൾ നിശ്ചയിച്ചാണു സമ്മാനം നല്‍കിയത് . മെഡലും സർട്ടിഫിക്കറ്റും ഉപഹാരവും അടങ്ങിയതാണു സമ്മാനങ്ങൾ. ഒന്നാം റാങ്കിനു 10,000 രൂപയും രണ്ടാം റാങ്കിന് 8,000 രൂപയും മൂന്നാം റാങ്കിന് 6,000 രൂപയുമാണു സൊസൈറ്റിയുടെ ഉപഹാരം. ഇതിനുപുറമെ, യഥാക്രമം 2,000, 1,500, 1,000 രൂപവീതം സൊസൈറ്റിയംഗങ്ങളുടെ കൾച്ചറൽ സെന്ററിന്റെ സമ്മാനവും ഉണ്ടായിരുന്നു.

മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ 52 പേർ ഒന്നാം റാങ്കുകാരായി. പത്തുപേർ രണ്ടാം റാങ്കിനും ആറുപേർ മൂന്നാം റാങ്കിനും അർഹരായി. ഏഴുലക്ഷത്തിൽപ്പരം രൂപയാണ് ആകെ സമ്മാനത്തുക. പ്ലസ് ടൂ വിജയികൾക്കുള്ള പാരിതോഷികങ്ങൾ ഈ മാസം 16-നു സമ്മാനിക്കും.

സൊസൈറ്റിയുടെ വൈസ് ചെയർമാൻ വി.കെ. അനന്തൻ അദ്ധ്യക്ഷനായ ചടങ്ങിൽ ഡയറക്റ്റർമാരായ പി. പ്രകാശൻ, എം. പദ്മനാഭൻ, പി.കെ. സുരേഷ് ബാബു, കെറ്റി.കെ. അജി, റ്റി.റ്റി. ഷിജിൻ, സി.ഇ.ഒ. സുനിൽ കുമാർ രവി, സി.ജി.എം. റോഹൻ പ്രഭാകർ, കോർപ്പറേറ്റ് എച്ച്.എസ്.ഇ. മാനേജർ ഈശ്വരമൂർത്തി, പി.എം.സി. ഹെഡ് ശ്യാം കുമാർ ശ്യാമപ്രസാദ്, എ.ജി.എം. ഫ്രെഡി സോമൻ, ജി.എം. റ്റി.പി. രാജീവൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.പി. ഷാബു എന്നിവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3688/sslc-ulccs-award-for-excellence-68)