---
title: "ആ കാലം മറവിയിലേക്ക്; പാലം വേണം,പാലയാട് തുരുത്തി നിവാസികളുടെ സ്വപ്നം യാഥാർഥ്യത്തിലേക്ക് "
english_title: "That time into oblivion; We need a bridge to make the dream of Palayad Thuruthi residents a reality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3691/that-time-into-oblivion-we-need-a-bridge-to-make-the-dream-of-palayad-thuruthi-residents-a-reality"
published_at: "2021-10-06T07:12:00+05:30"
category: "Vatakara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615cff866f70b_water.jpg"
keywords: []
---

# ആ കാലം മറവിയിലേക്ക്; പാലം വേണം,പാലയാട് തുരുത്തി നിവാസികളുടെ സ്വപ്നം യാഥാർഥ്യത്തിലേക്ക് 

> **Lead Summary:** **വടകര**: കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ പാലയാട് തുരുത്തി പാലം യാഥാർത്ഥ്യത്തിലേക്ക്. കടത്തുതോണിയും മരപ്പാലവും ഇനി മുത്തശ്ശി കഥകൾ ആയി അവസാനിക്കും. പാലം പ്രവൃത്തിയുടെ മുന്നോടിയായി മണ്ണ് പരിശോധന തുടങ്ങി. മണിയൂർ പഞ്ചായത്തിലെ ചൊവ്വാപ്പുഴയോടുചേർന്ന തുരുത്തി നിവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട ആവശ്യമായിരുന്നു ഇരുകരകളെയും ബന്ധിപ്പിക്കുന്ന പാലം.

## Article Content

**വടകര**: കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ പാലയാട് തുരുത്തി പാലം യാഥാർത്ഥ്യത്തിലേക്ക്. കടത്തുതോണിയും മരപ്പാലവും ഇനി മുത്തശ്ശി കഥകൾ ആയി അവസാനിക്കും. പാലം പ്രവൃത്തിയുടെ മുന്നോടിയായി മണ്ണ് പരിശോധന തുടങ്ങി. മണിയൂർ പഞ്ചായത്തിലെ ചൊവ്വാപ്പുഴയോടുചേർന്ന തുരുത്തി നിവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട ആവശ്യമായിരുന്നു ഇരുകരകളെയും ബന്ധിപ്പിക്കുന്ന പാലം.

പാലം പണിയുന്നതിന് സംസ്ഥാന സർക്കാർ 67 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് പാലത്തിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫിഷറിസ് മന്ത്രിക്ക് നിവേദനം നൽകിയത്. ടെൻഡർ നടപടി പൂർത്തിയായി.

ഏകദേശം 61 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. അപ്രോച്ച് റോഡുകൾ ഉൾപ്പെടെ പാലത്തിന്റെ ഭാഗമായി നിർമിക്കും. നവംബറിൽ പ്രവൃത്തി തുടങ്ങും.

നിലവിൽ ഇരുകരകളെയും ബന്ധിപ്പിക്കാൻ മരപ്പാലമാണ് ഉപയോഗിക്കുന്നത്. പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സമില്ലാത്ത രീതിയിലായിരിക്കും പാലം നിർമിക്കുക. കാസർകോട്‌ സ്വദേശിയായ ഷനാഹുൽ മഷാക്കാണ് നിർമാണപ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3691/that-time-into-oblivion-we-need-a-bridge-to-make-the-dream-of-palayad-thuruthi-residents-a-reality)