---
title: "വടകരയിൽ ചുഴലിക്കാറ്റും കനത്ത നാശനഷ്ടവും; വള്ള്യാടിൽ മരം വീണ് മൂന്ന് വീടുകൾ തകർന്നു"
english_title: "Cyclone and heavy damage in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/371354/cyclone-and-heavy-damage-in-vadakara"
published_at: "2026-07-09T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f41a571a30_gsdhg.jpg"
keywords: ["Latest news", "Vadakara", "Cyclone", "Heavy rain"]
---

# വടകരയിൽ ചുഴലിക്കാറ്റും കനത്ത നാശനഷ്ടവും; വള്ള്യാടിൽ മരം വീണ് മൂന്ന് വീടുകൾ തകർന്നു

> **Lead Summary:** വടകര: **[**വടകരയിലും പരിസര പ്രദേശങ്ങളിലും മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിലും ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടം. ബുധനാഴ്ച പകൽ പതിനൊന്നോടെയുണ്ടായ ശക്തമായ കാറ്റിൽ വള്ള്യാട് ഞാലിയിൽ മുക്കിൽ മൂന്ന് വീടുകൾ മരം വീണ് തകർന്നു. മരങ്ങൾ കടപുഴകി വീണ് പ്രദേശത്തെ നിരവധി ഇലക്ട്രിക് പോസ്റ്റുകളും തകർന്നിട്ടുണ്ട്.

## Article Content

വടകര: **[**വടകരയിലും പരിസര പ്രദേശങ്ങളിലും മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിലും ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടം. ബുധനാഴ്ച പകൽ പതിനൊന്നോടെയുണ്ടായ ശക്തമായ കാറ്റിൽ വള്ള്യാട് ഞാലിയിൽ മുക്കിൽ മൂന്ന് വീടുകൾ മരം വീണ് തകർന്നു. മരങ്ങൾ കടപുഴകി വീണ് പ്രദേശത്തെ നിരവധി ഇലക്ട്രിക് പോസ്റ്റുകളും തകർന്നിട്ടുണ്ട്.

ഞാലിയിൽ മുക്കിൽ ആലാറ്റിൽ മീത്തൽ ബാബു, രാജൻ എന്നിവരുടെ വീടുകൾക്ക് മുകളിലേക്ക് സമീപത്തെ തേക്ക് മരങ്ങൾ വീണാണ് നാശനഷ്ടമുണ്ടായത്. പത്മാവതി അമ്മയുടെ വീടിനോട് ചേർന്ന ഷെഡിന് മുകളിലേക്ക് തെങ്ങ് വീണ് വീടിനും കേടുപാടുകൾ സംഭവിച്ചു. ശക്തമായ കാറ്റിൽ കടമേരി പുതിയോട്ടുമീത്തൽ അശോകന്റെ വീടിന് മുകളിലേക്ക് ഈട്ടിമരം കടപുഴകി വീണു.

വള്ളിയാട് ആലാറ്റിൽ ഭാഗത്തുണ്ടായ ചുഴലിക്കാറ്റിൽ കുഞ്ഞിപ്പുരയിൽ കുഞ്ഞിരാമൻ, വാഴേരി ബാബു ഒറ്റപ്പുരയ്ക്കൽ, കണാരൻ ആലാറ്റിൽ എന്നിവരുടെ വീടുകളിലും പറമ്പുകളിലും വലിയ നാശനഷ്ടമുണ്ടായി. നിരവധി മരങ്ങൾ വീണതിനൊപ്പം വാഴ ഉൾപ്പെടെയുള്ള കൃഷികളും വ്യാപകമായി നശിച്ചിട്ടുണ്ട്.

നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ റവന്യു ഉദ്യോഗസ്ഥരും തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ.വി. രാമകൃഷ്ണൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സന്ദർശിച്ചു. സാന്ത്വനം വള്ളിയാട്, ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് വള്ളിയാട് എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തി. വീടുകൾക്കും കൃഷിക്കും ഉണ്ടായ നാശനഷ്ടങ്ങൾ കൃത്യമായി കണക്കാക്കി ദുരിതബാധിതർക്ക് പരമാവധി നഷ്ടപരിഹാരം നൽകണമെന്ന് കർഷകസംഘം കോട്ടപ്പള്ളി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/371354/cyclone-and-heavy-damage-in-vadakara)