---
title: "തൊണ്ടിവയല്‍ കുടിവെള്ള സമരം:  ഉടമയുടെ വീട്ടിലേക്ക് ബഹുജന മാര്‍ച്ച് നടത്തും "
english_title: "Thondivayal drinking water strike: A mass march will be held to the owner's house"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/37141/thondivayal-drinking-water-strike-a-mass-march-will-be-held-to-the-owners-house"
published_at: "2022-04-11T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6254643dcf7b0_k-k remala.jpg"
keywords: []
---

# തൊണ്ടിവയല്‍ കുടിവെള്ള സമരം:  ഉടമയുടെ വീട്ടിലേക്ക് ബഹുജന മാര്‍ച്ച് നടത്തും 

> **Lead Summary:** **അഴിയൂര്‍: **ഒരു പ്രദേശത്തിന്റെ കുടിവെള്ളം മുട്ടിച്ച് തൊണ്ടിവയലില്‍ ഐസ് പ്ലാന്റ് പണിയാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കാന്‍ സമരസഹായ സമിതിയുടെ തീരുമാനം.

## Article Content

**അഴിയൂര്‍: **ഒരു പ്രദേശത്തിന്റെ കുടിവെള്ളം മുട്ടിച്ച് തൊണ്ടിവയലില്‍ ഐസ് പ്ലാന്റ് പണിയാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കാന്‍ സമരസഹായ സമിതിയുടെ തീരുമാനം.

നിരവധി സമരങ്ങളുടെ ഭാഗമായി പഞ്ചായത്ത് ഭരണസമിതി 2017ല്‍ അനുമതി നിഷേധിച്ച വ്യവസായം വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിനെതിരെ സമര സഹായസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഐക്യദാര്‍ഢ്യ കൂട്ടായ്മയിലാണ് ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിച്ചത്.

ആദ്യപടിയായി ഏപ്രില്‍ 25ന് ഉടമ സുഷിജ സുകുമാരന്റെ വസതിയിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. നിലവിലെ സ്ഥിതി പരിശോധിച്ച് തീര്‍പ്പ് കല്‍പിക്കാനുള്ള ഹൈക്കോടതി വിധിയില്‍ തെറ്റിദ്ധാരണ പരത്താനുള്ള പഞ്ചായത്ത് സിക്രട്ടറി അടക്കമുള്ളവരുടെ നിലപാടിനെതിരെ നിയമപോരാട്ടം ശക്തമാക്കാനും തീരുമാനിച്ചു.

ഐക്യദാര്‍ഢ്യ കൂട്ടായ്മ കെ കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമര സഹായ സമിതി ചെയര്‍മാന്‍ എന്‍ വേണു അദ്ധ്യക്ഷത വഹിച്ചു. എ ടി ശ്രീധരന്‍ വിഷയാവതരണം നടത്തി.

ജില്ലാ പഞ്ചായത്തംഗം നിഷ പുത്തമ്പുരയില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റീന രയരോത്ത്, പ്രീത പി കെ, പ്രമോദ് മാട്ടാണ്ടി, സാലിം പുനത്തില്‍, കവിത അനില്‍കുമാര്‍ വിവിധ കക്ഷി പ്രതിനിധികളായ , വി പി ജയന്‍, വി കെ അനില്‍കുമാര്‍, രാജന്‍ മാസ്റ്റര്‍, പ്രകാശന്‍ പാറമ്മല്‍, എ ടി മഹേഷ്, സൈനുദ്ധീന്‍ എ കെ , ഷുഹൈബ്, മിഥുന്‍ലാല്‍, കെ പി വിജയന്‍ എന്നിവര്‍ സംസാരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പ്രദേശവാസികളും കൂട്ടായ്മയില്‍ സംബന്ധിച്ചു. സമര സഹായ സമിതി കണ്‍വീനര്‍ വി പി ലിനീഷ് സ്വാഗതവും ചെറുവത്ത് രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/37141/thondivayal-drinking-water-strike-a-mass-march-will-be-held-to-the-owners-house)