---
title: "പ്രതികൾ ഒളിവിൽ ; വടകര അഴിയൂരിൽ  പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആറ് പേർക്കെതിരെ കേസ് "
english_title: "Vadakara Abhijith Suicide Case Registered Against Six People Kerala News"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/372876/vadakara-17-year-old-boy-suicide-case-registered-against-six"
published_at: "2026-07-17T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59bd445d4c8_vadakara-17-year-old-boy-suicide-case-registered-against-six-people.jpg"
keywords: ["Latest news", "vadakara suicide case", "chombala police case", "kozhikode local news", "student suicide case kerala"]
---

# പ്രതികൾ ഒളിവിൽ ; വടകര അഴിയൂരിൽ  പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആറ് പേർക്കെതിരെ കേസ് 

> **Lead Summary:** വടകര: **[**വടകരയിൽ പതിനേഴുകാരനായ അഭിജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ലഹരി ഉപയോഗിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചതിലും വിചാരണ ചെയ്തതിലും മനംനൊന്താണ് അഭിജിത്ത് ജീവനൊടുക്കിയതെന്ന് കാണിച്ച് സുഹൃത്തുക്കൾ നൽകിയ പരാതിയിലാണ് നടപടി.

## Article Content

വടകര: **[**വടകരയിൽ പതിനേഴുകാരനായ അഭിജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ലഹരി ഉപയോഗിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചതിലും വിചാരണ ചെയ്തതിലും മനംനൊന്താണ് അഭിജിത്ത് ജീവനൊടുക്കിയതെന്ന് കാണിച്ച് സുഹൃത്തുക്കൾ നൽകിയ പരാതിയിലാണ് നടപടി.

കണ്ണൂർ സ്വദേശികളായ റിസ്‌വാൻ, അഭിനവ്, ഷമിൽ, നസീഫ്, ഷഹബാസ്, മിസ്ഹബ് എന്നിവർക്കെതിരെയാണ് ചോമ്പാല പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് അഭിജിത്തിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം ഒരുസംഘം ആളുകൾ ചേർന്ന് തന്നെ മർദ്ദിച്ചതായും ശരീരമാസകലം വേദനയുണ്ടെന്നും അഭിജിത്ത് അമ്മയോടും സഹോദരനോടും പറഞ്ഞിരുന്നു. എന്നാൽ അഭിജിത്തിന്റെ മരണശേഷമാണ് സുഹൃത്തുക്കൾ ക്രൂരമായ ആൾക്കൂട്ട വിചാരണയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത്.

തങ്ങൾ ലഹരി ഉപയോഗിച്ചെന്ന് തെറ്റിദ്ധരിച്ച് ഈ സംഘം ക്രൂരമായി മർദ്ദിച്ചെന്നും അഭിജിത്തിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി വീട്ടിൽ പറയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കൾ പറഞ്ഞു. ഇതിൽ മനംനൊന്താണ് അഭിജിത്ത് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത്.

മരണത്തിൽ ചോമ്പാല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സുഹൃത്തുക്കൾ ചൊക്ലി പൊലീസിലും പരാതി നൽകിയത്. സംഭവത്തിൽ അഭിജിത്തിന്റെ കുടുംബം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കേസിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/372876/vadakara-17-year-old-boy-suicide-case-registered-against-six)