---
title: "ആറ് മുതൽ പണിമുടക്ക്; വടകരയിൽ ബസ് സർവീസ് പ്രതിസന്ധി, ഓഗസ്റ്റ് 5 മുതൽ 5 റൂട്ടുകളിലെ ബസുകൾ ലിങ്ക് റോഡിൽ നിന്ന്"
english_title: "Vadakara Bus Strike From August 5 Buses To Operate From Link Road Again"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376244/vadakara-bus-strike-link-road-august-5"
published_at: "2026-08-02T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f681ecafed_vadakara-bus-strike-link-road-august-5.jpg"
keywords: ["Vadakara Bus Strike", "Link Road", "August 5"]
---

# ആറ് മുതൽ പണിമുടക്ക്; വടകരയിൽ ബസ് സർവീസ് പ്രതിസന്ധി, ഓഗസ്റ്റ് 5 മുതൽ 5 റൂട്ടുകളിലെ ബസുകൾ ലിങ്ക് റോഡിൽ നിന്ന്

> **Lead Summary:** വടകര: ലിങ്ക് റോഡിൽ നിന്ന് പഴയ സ്റ്റാൻഡിലേക്ക് ബസുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് നൽകിയ ഉറപ്പുകൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര, കൊളാവിപ്പാലം, കോട്ടക്കൽ റൂട്ടുകളിലെ ബസുകൾ ഓഗസ്റ്റ് 5 മുതൽ വീണ്ടും ലിങ്ക് റോഡിൽ നിന്ന് സർവീസ് നടത്താൻ സംയുക്ത തൊഴിലാളി യൂനിയൻ യോഗം തീരുമാനിച്ചു.

## Article Content

വടകര: ലിങ്ക് റോഡിൽ നിന്ന് പഴയ സ്റ്റാൻഡിലേക്ക് ബസുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് നൽകിയ ഉറപ്പുകൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര, കൊളാവിപ്പാലം, കോട്ടക്കൽ റൂട്ടുകളിലെ ബസുകൾ ഓഗസ്റ്റ് 5 മുതൽ വീണ്ടും ലിങ്ക് റോഡിൽ നിന്ന് സർവീസ് നടത്താൻ സംയുക്ത തൊഴിലാളി യൂനിയൻ യോഗം തീരുമാനിച്ചു.

നേരത്തെ ബസുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റുന്നതിന് മുമ്പ് തൊഴിലാളി യൂനിയൻ നേതാക്കളും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളും ഉന്നയിച്ച ആവശ്യങ്ങൾ നടപ്പിലാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. നഗരസഭയിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സണും, വടകര ആർ.ഡി.ഒ ഓഫീസിൽ ചേർന്ന യോഗത്തിൽ ആർ.ഡി.ഒയും ഈ ഉറപ്പ് നൽകിയതാണ്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഒരു ഉറപ്പും പാലിക്കപ്പെട്ടിട്ടില്ലെന്ന് യോഗം വിലയിരുത്തി.

സമയക്രമം പാലിച്ച് സർവീസ് നടത്തുന്നതിന് പോലും ബസുകൾക്ക് അവസരമില്ലാത്ത സ്ഥിതിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പഴയ സ്റ്റാൻഡിലെ സൗകര്യക്കുറവ് കാരണം തൊഴിലാളികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയുന്നില്ല. ഗതാഗതക്കുരുക്ക് സ്ഥിരം സംഭവമായിട്ടും പരിഹാരം കാണാൻ ഉത്തരവാദപ്പെട്ട അധികാരികൾ കാഴ്ചക്കാരായി നിൽക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ഈ തീരുമാനം എടുത്തതെന്ന് യോഗം വ്യക്തമാക്കി.

ആർ.ടി.ഒയോ പൊലീസോ ഇതിനെതിരെ നടപടി സ്വീകരിക്കുകയാണെങ്കിൽ പ്രസ്തുത റൂട്ടുകളിലെ ബസുകൾ സർവീസ് നിർത്തിവെക്കും.അതോടൊപ്പം ഓഗസ്റ്റ് 6 മുതൽ വടകര താലൂക്കിലെ മുഴുവൻ സ്വകാര്യ ബസുകളും സർവീസ് നിർത്തി പണിമുടക്ക് നടത്താനും യോഗം തീരുമാനിച്ചു.

എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എ. സതീശൻ, അഡ്വ. ഇ. നാരായണൻ നായർ, വിനോദ് ചെറിയത്ത്, പി. സജീവ് കുമാർ, കെ. പ്രകാശൻ, മടപ്പള്ളി മോഹനൻ, മജീദ് അറക്കിലാട് എന്നിവർ സംസാരിച്ചു.പ്രശ്നത്തിൽ ഉടൻ ഇടപെട്ട് പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും യൂനിയൻ നേതാക്കൾ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376244/vadakara-bus-strike-link-road-august-5)