---
title: "ഇനി കൃഷിയും നശിപ്പിച്ച് ജീവനും ഭീഷണിയായി വിലസി നടക്കാമെന്ന് കരുതണ്ട! ചോറോടിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു"
english_title: "Chorode Panchayat Wild Boar Hunt Vadakara Authorized Shooter"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377042/chorode-panchayat-wild-boar-hunt-vadakara "
published_at: "2026-08-06T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7456b5d3b2b_chorode-panchayat-wild-boar-hunt-vadakara_.jpg"
keywords: ["Chorode", "Vadakara", "Wild Boar", "Crop Damage", "Wild Boar Hunt"]
---

# ഇനി കൃഷിയും നശിപ്പിച്ച് ജീവനും ഭീഷണിയായി വിലസി നടക്കാമെന്ന് കരുതണ്ട! ചോറോടിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

> **Lead Summary:** വൈക്കിലശ്ശേരി:**[ **കാട്ടുപന്നി ഭീതിയിൽ പൊറുതിമുട്ടിയ ചോറോട് ഗ്രാമപഞ്ചായത്തിൽ പന്നിവേട്ട ശക്തമാക്കി പഞ്ചായത്ത് അധികൃതർ. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ തുരത്താൻ വനംവകുപ്പിന്റെ അംഗീകൃത ഷൂട്ടറെ ഇറക്കിയാണ് പഞ്ചായത്തിന്റെ പടയൊരുക്കം.

## Article Content

വൈക്കിലശ്ശേരി:**[ **കാട്ടുപന്നി ഭീതിയിൽ പൊറുതിമുട്ടിയ ചോറോട് ഗ്രാമപഞ്ചായത്തിൽ പന്നിവേട്ട ശക്തമാക്കി പഞ്ചായത്ത് അധികൃതർ. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ തുരത്താൻ വനംവകുപ്പിന്റെ അംഗീകൃത ഷൂട്ടറെ ഇറക്കിയാണ് പഞ്ചായത്തിന്റെ പടയൊരുക്കം.

കഴിഞ്ഞ ദിവസം ആറാം വാർഡിലെ വൈക്കിലശ്ശേരി കുറ്റിയിൽ പള്ളിക്ക് സമീപം തമ്പടിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. പ്രദേശവാസികളുടെ നിരന്തര പരാതിയെ തുടർന്ന് പന്നികളുടെ ആവാസകേന്ദ്രം കൃത്യമായി കണ്ടെത്തിയായിരുന്നു തിരച്ചിൽ. മൂന്ന് പന്നികളുടെ സംഘത്തെയാണ് കണ്ടെത്തിയത്. ഇതിൽ ഒന്നിനെ വെടിവെച്ചുവീഴ്ത്തിയെങ്കിലും രണ്ടെണ്ണം ഓടിരക്ഷപ്പെട്ടു. വനംവകുപ്പിന്റെ പരിശീലനം ലഭിച്ച എമ്പാനൽഡ് ഷൂട്ടർ പ്രദീപൻ അരൂരാണ് പന്നിയെ വെടിവെച്ചുകൊന്നത്.

നാട്ടിലിറങ്ങുന്ന പന്നികൾ കൃഷി നശിപ്പിക്കുന്നതിന് പുറമെ യാത്രക്കാരെയും കാൽനടക്കാരെയും ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. പന്നി കുറുകെ ചാടി നിരവധി ഇരുചക്രവാഹന യാത്രക്കാർക്കാണ് മേഖലയിൽ പരിക്കേറ്റത്. ഗ്രാമസഭകളിലും പഞ്ചായത്ത് മീറ്റിംഗുകളിലും ജനങ്ങൾ പ്രധാന പരാതിയായി ഉന്നയിക്കുന്നതും ഈ പന്നിശല്യമാണ്.

മുമ്പ് കുരിക്കിലാട്, വൈക്കിലശ്ശേരി, വള്ളിക്കാട് എന്നിവിടങ്ങളിലും സമാനരീതിയിൽ പന്നികളെ വെടിവെച്ചുകൊന്നിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വരുംദിവസങ്ങളിലും വേട്ട തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ്, വാർഡ് മെമ്പർ സദാശിവൻ എന്നിവർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377042/chorode-panchayat-wild-boar-hunt-vadakara )