---
title: "മറ്റെല്ലായിടത്തുനിന്നും ആട്ടിയോടിച്ചു, ഒടുവിൽ വടകരയിലെ നീർപ്പക്ഷികൾക്ക് തുണയായത് ഒരു ആശുപത്രി മുറ്റം"
english_title: "Vadakara NH Development Water Birds Nesting At Co operative Hospital Premises"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377427/vadakara-nh-development-birds-nest-cooperative-hospital-premises-environment-news"
published_at: "2026-08-08T12:49:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76d8d7202ee_vadakara-nh-development-birds-nest-cooperative-hospital-premises-environment-news.jpg"
keywords: ["Vadakara News", "Water Birds Nesting Vadakara", "Kozhikode Environment News", "Vadakara sahakarana Hospital"]
---

# മറ്റെല്ലായിടത്തുനിന്നും ആട്ടിയോടിച്ചു, ഒടുവിൽ വടകരയിലെ നീർപ്പക്ഷികൾക്ക് തുണയായത് ഒരു ആശുപത്രി മുറ്റം

> **Lead Summary:** വടകര: **[**വികസനത്തിന്റെ പേരിൽ കോടാലി വീണപ്പോൾ വടകരയിലെ നീർപ്പക്ഷികൾക്ക് ഒടുവിൽ അഭയമായത് ഒരു ആശുപത്രി മുറ്റം. ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി നൂറുകണക്കിന് മരങ്ങൾ മുറിച്ചുമാറ്റിയതോടെ, വടകരയിൽ അവശേഷിക്കുന്ന ഏക കൊറ്റില്ലം ഇപ്പോൾ വടകര സഹകരണ ആശുപത്രിക്ക് മുന്നിലായി ഒതുങ്ങിയിരിക്കുകയാണ്. ആശുപത്രിക്ക് മുന്നിലെ ഏഴ് മാവുകളിലും ഒരു നെല്ലിമരത്തിലുമായി ഇരുപത്തിയഞ്ചോളം കൂടുകളാണ് പക്ഷികൾ ഒരുക്കിയിരിക്കുന്നത്.

## Article Content

വടകര: **[**വികസനത്തിന്റെ പേരിൽ കോടാലി വീണപ്പോൾ വടകരയിലെ നീർപ്പക്ഷികൾക്ക് ഒടുവിൽ അഭയമായത് ഒരു ആശുപത്രി മുറ്റം. ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി നൂറുകണക്കിന് മരങ്ങൾ മുറിച്ചുമാറ്റിയതോടെ, വടകരയിൽ അവശേഷിക്കുന്ന ഏക കൊറ്റില്ലം ഇപ്പോൾ വടകര സഹകരണ ആശുപത്രിക്ക് മുന്നിലായി ഒതുങ്ങിയിരിക്കുകയാണ്. ആശുപത്രിക്ക് മുന്നിലെ ഏഴ് മാവുകളിലും ഒരു നെല്ലിമരത്തിലുമായി ഇരുപത്തിയഞ്ചോളം കൂടുകളാണ് പക്ഷികൾ ഒരുക്കിയിരിക്കുന്നത്.

നീർപ്പക്ഷികൾ കൂട്ടമായി കൂടുകൂട്ടുന്ന ഇടങ്ങളെയാണ് 'കൊറ്റില്ലം' എന്ന് വിളിക്കുന്നത്. കേരളത്തിൽ കൊറ്റില്ലങ്ങൾ വ്യാപകമായി നശിക്കുന്നത് നീർപ്പക്ഷികളുടെ വംശവർദ്ധനവിനെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പക്ഷിനിരീക്ഷകരായ ഡോ. അബ്ദള്ള പാലേരിയും ശശിധരൻ മനേക്കരയും ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസം ഇവർ സഹകരണ ആശുപത്രിക്ക് സമീപത്തെ കൊറ്റില്ലങ്ങൾ സന്ദർശിച്ച് പഠനം നടത്തിയിരുന്നു.

ചെറിയ നീർക്കാക്ക, കുളക്കൊക്ക്, പാതിരാക്കൊക്ക് എന്നീ ഇനത്തിൽപ്പെട്ട നീർപ്പക്ഷികളാണ് നിലവിൽ ഇവിടെയുള്ളത്. മുതിർന്ന പക്ഷികളും പറക്കമുറ്റാറായ കുഞ്ഞുങ്ങളും ഇതിൽ ഉൾപ്പെടുന്നു. ആളും വാഹനങ്ങളും നിറഞ്ഞ ഇത്രയും തിരക്കേറിയ ഒരിടം പക്ഷികൾ കൂടുകൂട്ടാൻ തിരഞ്ഞെടുത്തതിന് പിന്നിൽ ഒരു കാരണമുണ്ട്— ഇവിടെയാകുമ്പോൾ കൂടുകൾ സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷ. എന്നാൽ ഈ അവസാന അഭയകേന്ദ്രവും ഇപ്പോൾ ഭീഷണിയിലാണ്.

മരങ്ങൾക്ക് താഴെ നിർത്തുന്ന വാഹനങ്ങൾക്കുമേൽ പക്ഷികൾ കാഷ്ഠിക്കുന്നത് ഒഴിവാക്കാൻ ഇവിടെയുള്ള ചില മരക്കമ്പുകൾ മുറിച്ചുമാറ്റിയതായി പക്ഷിനിരീക്ഷകർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ മരക്കമ്പുകൾ വെട്ടുന്നത് പക്ഷികളുടെ സന്താനോത്പാദനത്തെ ദോഷകരമായി ബാധിക്കും. നീർപ്പക്ഷികൾ കൂടുകൂട്ടുന്ന വൃക്ഷങ്ങൾ മുറിക്കുന്നതും കൊമ്പുകൾ വെട്ടിമാറ്റുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം കടുത്ത കുറ്റകരമാണെന്ന് ഇവർ ഓർമ്മിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിൽത്തന്നെ ഇനി വെറും പത്തോളം കൊറ്റില്ലങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.

നേരത്തെ വടകര ദേശീയപാതയോരത്ത്, പ്രത്യേകിച്ച് പുതിയ സ്റ്റാൻഡ് ഭാഗത്തെ മരങ്ങളിൽ വ്യാപകമായി കൊറ്റില്ലങ്ങളുണ്ടായിരുന്നു. എന്നാൽ പാത വികസനത്തിനായി വടകര ബൈപ്പാസിൽ മാത്രം നൂറോളം മരങ്ങളാണ് മുറിച്ചുമാറ്റിയത്. അന്ന് മരംമുറിച്ചപ്പോൾ ഒട്ടേറെ കൂടുകളും പക്ഷികളുടെ മുട്ടകളും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമെല്ലാം നിലംപതിച്ച് നശിച്ചുപോയിരുന്നു. ഇതിന് പുറമെ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി അവിടുത്തെ കൊറ്റില്ലവും ഇല്ലാതായി. നിയമങ്ങളെല്ലാം നോക്കുകുത്തിയാക്കിക്കൊണ്ടുള്ള ഇത്തരം പ്രകൃതി ചൂഷണങ്ങൾ നീർപ്പക്ഷികളുടെ സമ്പൂർണ്ണ നാശത്തിനാണ് വഴിവെക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377427/vadakara-nh-development-birds-nest-cooperative-hospital-premises-environment-news)