---
title: "വടകര ജില്ലാ ആശുപത്രിക്ക് മാസ്റ്റർ പ്ലാൻ; 83 കോടിയിൽ കാത്ത് ലാബും സൂപ്പർ സ്പെഷ്യലിറ്റിയും"
english_title: "Vadakara District Hospital To Get Cath Lab And Super Specialty Units"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377829/vadakara-district-hospital-cath-lab-super-specialty-facilities"
published_at: "2026-08-10T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79dbd04cc1f_vadakara-district-hospital-cath-lab-super-specialty-facilities.jpg"
keywords: ["Vadakara District Hospital", "Cath Lab", "PMJVK", "KK Rema MLA", "K Muraleedharan", "Super Specialty"]
---

# വടകര ജില്ലാ ആശുപത്രിക്ക് മാസ്റ്റർ പ്ലാൻ; 83 കോടിയിൽ കാത്ത് ലാബും സൂപ്പർ സ്പെഷ്യലിറ്റിയും

> **Lead Summary:** **വടകര: **വടകര ജില്ലാ ആശുപത്രിയിൽ 83 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിൽ കാത്ത് ലാബ് ഉൾപ്പെടെയുള്ള സൂപ്പർസ്പെഷ്യലിറ്റി സൗകര്യങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി.പി.എം.ജി.വി.കെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.

## Article Content

**വടകര: **വടകര ജില്ലാ ആശുപത്രിയിൽ 83 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിൽ കാത്ത് ലാബ് ഉൾപ്പെടെയുള്ള സൂപ്പർസ്പെഷ്യലിറ്റി സൗകര്യങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി.പി.എം.ജി.വി.കെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന ആരോഗ്യ മന്ത്രി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടതെന്ന് കെ.കെ രമ എം.എൽ.എ അറിയിച്ചു. പുതിയ കെട്ടിടത്തിൽ കാർഡിയോളജി, കാത്ത് ലാബ്, നെഫ്രോ, ന്യൂറോ ഐ.സി.യു, സ്ട്രോക്ക് ലാബ് എന്നീ വിഭാഗങ്ങൾ പ്രവർത്തനമാരംഭിക്കും.

നിലവിൽ ആശുപത്രിയിലെ ഭൗതിക സാഹചര്യങ്ങളും രോഗികൾ നേരിടുന്ന പ്രയാസങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചത്. ആശുപത്രിയിൽ ഒരു കൺസൾട്ടന്റ് സർജനെയും ഒരു കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റിനെയും ഉടൻ നിയമിക്കും.

നിലവിലുള്ള ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി. പുതിയ കെട്ടിടത്തിൽ കാർഡിയോളജി, കാത്ത് ലാബ് സൗകര്യങ്ങൾ ഇല്ലാത്ത വിഷയം കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചേർന്ന യോഗത്തിൽ ചർച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചത്.

കെ.കെ രമ എം.എൽ.എ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, വൈസ് പ്രസിഡന്റ് കെ.കെ നവാസ്, ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. ഡി. സുനിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി വി., കോഴിക്കോട് ഡി.എം.ഒ ഡോ. സരിത കുമാരി എൽ.റ്റി., ഫിനാൻസ് ഓഫീസർ അബ്ദുൾ മുനീർ കെ., ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹസ്രമോൾ എം.യു., വടകര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ശ്യാം, യു.എൽ.സി.സി.എസ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377829/vadakara-district-hospital-cath-lab-super-specialty-facilities)