---
title: "അഫീഫയുടെ മരണം: സമഗ്ര അന്വേഷണവും കർശന നടപടിയും വേണമെന്ന് ആക്ഷൻ കമ്മിറ്റി"
english_title: "Vadakara Afifa Death Case: Action Committee Demands Impartial Probe"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377830/vadakara-afifa-death-action-committee-demands-probe"
published_at: "2026-08-10T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79dcbe6172b_vadakara-afifa-death-action-committee-demands-probe.jpg"
keywords: ["Afifa Death", "Vadakara Baby Hospital", "Medical Negligence", "Action Committee", "KK Rema MLA"]
---

# അഫീഫയുടെ മരണം: സമഗ്ര അന്വേഷണവും കർശന നടപടിയും വേണമെന്ന് ആക്ഷൻ കമ്മിറ്റി

> **Lead Summary:** **വടകര: **വടകര ബേബി ഹോസ്പിറ്റലിൽ പ്രസവ ചികിത്സയിലിരിക്കെ അഫീഫ മരണപ്പെട്ട സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് അഫീഫ നീതി ജനകീയ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ചോമ്പാല കല്ലാമലയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ കമ്മിറ്റി ഭാരവാഹികളാണ് ആവശ്യം ഉന്നയിച്ചത്.

## Article Content

**വടകര: **വടകര ബേബി ഹോസ്പിറ്റലിൽ പ്രസവ ചികിത്സയിലിരിക്കെ അഫീഫ മരണപ്പെട്ട സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് അഫീഫ നീതി ജനകീയ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ചോമ്പാല കല്ലാമലയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ കമ്മിറ്റി ഭാരവാഹികളാണ് ആവശ്യം ഉന്നയിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളും നാട്ടുകാരും ഉന്നയിക്കുന്ന ഡോ. സജീനയുടെ ചികിത്സാ വീഴ്ച, ഗുരുതര മെഡിക്കൽ അനാസ്ഥ, ചികിത്സ വൈകിപ്പിക്കൽ, അടിയന്തര ജീവൻരക്ഷാ നടപടികളിലെ വീഴ്ച തുടങ്ങിയ ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണ്. ഇവ സത്യസന്ധമായും നിഷ്പക്ഷമായും അന്വേഷിക്കേണ്ട പൊതുതാൽപര്യ വിഷയമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

പ്രസവാനന്തര ഗുരുതര രക്തസ്രാവമുണ്ടായിട്ടും അടിയന്തര ചികിത്സയിലും വിദഗ്ധ ഇടപെടലിലും കാലതാമസം സംഭവിച്ചുവെന്നും, വിലപ്പെട്ട സമയം നഷ്ടപ്പെട്ട ശേഷമാണ് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

അന്വേഷണത്തിൽ മെഡിക്കൽ അനാസ്ഥയോ നിയമലംഘനമോ തെളിയുന്ന പക്ഷം ബന്ധപ്പെട്ട ഡോക്ടർമാർക്കും ആശുപത്രി മാനേജ്മെന്റിനുമെതിരെ കർശന നിയമനടപടികൾ സ്വീകരിച്ച് നീതി ഉറപ്പാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മരണപ്പെട്ട അഫീഫയുടെ കുടുംബത്തിന് നീതിയും ആവശ്യമായ സർക്കാർ സഹായവും ലഭ്യമാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വകാര്യ ആശുപത്രികളിലെ പ്രസവ ചികിത്സാ സംവിധാനങ്ങൾ ഉൾപ്പെടെ കർശന പരിശോധനയും പരിഷ്കാര നടപടികളും സ്വീകരിക്കണമെന്നും ആവശ്യമുണ്ട്. അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് കെ.കെ രമ എം.എൽ.എ, പാറക്കൽ അബ്ദുള്ള എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകി.

നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം ഉണ്ടാകുമെന്ന് അവർ ഉറപ്പുനൽകിയതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ യു.എ റഹീം, കെ.കെ ജയചന്ദ്രൻ, കെ.ടി അബൂബക്കർ, എ.ടി റഫീക്ക്, അനീസ് മുബാറക്ക്, അർഷാദ് മുബാറക്ക് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377830/vadakara-afifa-death-action-committee-demands-probe)