---
title: "പൂവാടൻഗേറ്റ് അടിപ്പാതയിലെ ഗതാഗത പ്രശ്നം; പാലക്കാട് ഡിആർഎം സ്ഥലം സന്ദർശിച്ചു"
english_title: "Palakkad DRM Visits Poovadankate Underpass in Vadakara Over Traffic Issues"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378188/vadakara-poovadankate-underpass-traffic-issues-drm-visit"
published_at: "2026-08-12T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c4eebd0608_vadakara-poovadankate-underpass-traffic-issues-drm-visit.jpg"
keywords: ["Vadakara", "Poovadankate Underpass", "Palakkad DRM", "Railway", "Traffic Issues"]
---

# പൂവാടൻഗേറ്റ് അടിപ്പാതയിലെ ഗതാഗത പ്രശ്നം; പാലക്കാട് ഡിആർഎം സ്ഥലം സന്ദർശിച്ചു

> **Lead Summary:** വടകര: **[** വടകര മുനിസിപ്പാലിറ്റിയിലെ പൂവാടൻഗേറ്റ് അടിപ്പാതയിലെ ഗതാഗത പ്രശ്നങ്ങൾ നേരിട്ടറിയാൻ പാലക്കാട് റെയിൽവെ ഡിവിഷണൽ മാനേജർ മധുകർ റോട്ട് സ്ഥലം സന്ദർശിച്ചു. ജനങ്ങൾ നേരിടുന്ന യാത്രാ ദുരിതത്തിന് എത്രയും വേഗം പരിഹാരം കാണുമെന്നും അടിപ്പാതയുടെ ഇരുഭാഗത്തെയും അപ്രോച്ച് റോഡിൽ മേൽക്കൂര നിർമ്മിക്കുന്നത് വേഗത്തിലാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

## Article Content

വടകര: **[** വടകര മുനിസിപ്പാലിറ്റിയിലെ പൂവാടൻഗേറ്റ് അടിപ്പാതയിലെ ഗതാഗത പ്രശ്നങ്ങൾ നേരിട്ടറിയാൻ പാലക്കാട് റെയിൽവെ ഡിവിഷണൽ മാനേജർ മധുകർ റോട്ട് സ്ഥലം സന്ദർശിച്ചു. ജനങ്ങൾ നേരിടുന്ന യാത്രാ ദുരിതത്തിന് എത്രയും വേഗം പരിഹാരം കാണുമെന്നും അടിപ്പാതയുടെ ഇരുഭാഗത്തെയും അപ്രോച്ച് റോഡിൽ മേൽക്കൂര നിർമ്മിക്കുന്നത് വേഗത്തിലാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

വടക്കൻ മേഖലയിലെ റെയിൽവെയുടെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രത്യേക ട്രെയിനിലാണ് ഡി.ആർ.എമ്മും സംഘവും വടകരയിലെത്തിയത്. പൂവാടൻ ഗേറ്റിൽ നിർത്തിയ ട്രെയിനിൽ നിന്ന് പുറത്തിറങ്ങി അദ്ദേഹം അടിപ്പാത സന്ദർശിക്കുകയും നാട്ടുകാരുമായി സംസാരിക്കുകയും ചെയ്തു. വാർഡ് കൗൺസിലർമാരും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ആക്ഷൻ കമ്മിറ്റി അംഗങ്ങളും ഇവിടത്തെ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.

2021 മാർച്ച് 31-ന് പ്രവൃത്തി ആരംഭിച്ച്, ഒന്നര വർഷം മുൻപ് ഗതാഗതത്തിനായി തുറന്നുകൊടുത്ത അടിപ്പാതയാണിത്. എന്നാൽ നിർമ്മാണം കഴിഞ്ഞതു മുതൽ ഇവിടെ വെള്ളം കെട്ടിനിൽക്കുന്നത് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. മഴക്കാലമായാൽ മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്ത് കളയാവുന്നതിലും അധികം വെള്ളമാണ് ഇവിടെ ഉയരുന്നത്. ഇതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയിലുമാണ് നാട്ടുകാർ. അടിപ്പാതയിലെ നീരുറവകൾ അടയ്ക്കുന്നതിനൊപ്പം മേൽക്കൂര കൂടി പണിതാൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് ഡി.ആർ.എം അറിയിച്ചു.

ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർമാരായ പി.പി. വ്യാസൻ, എം. ഫൈസൽ, ആക്ഷൻ കമ്മിറ്റി ചെയർമാൻ പി. മഹ്മൂദ്, യൂനിറ്റി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ആർ.കെ. പ്രദീപ്, ജോയിന്റ് സെക്രട്ടറി ടി.പി. മുസ്തഫ, എക്സിക്യൂട്ടീവ് അംഗം കെ.പി. നജീബ്, കേയീ കുഞ്ഞമ്മദ്, ആവിക്കൽ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി അബൂബക്കർ, വി.കെ. ശൈലേഷ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378188/vadakara-poovadankate-underpass-traffic-issues-drm-visit)