---
title: "മാലിന്യസംഘത്തിന്റെ കളി നാട്ടുകാരുടെ മുന്നിൽ പാളി; ടാർപോളിൻ മറവിൽ കനാലിൽ ശുചിമുറി മാലിന്യം തള്ളിയ ലോറിയും ജീപ്പുമായി രണ്ട് പേർ പിടിയിൽ"
english_title: "Two Arrested for Dumping Toilet Waste in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378299/two-arrested-dumping-toilet-waste-vadakara"
published_at: "2026-08-13T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d749e9178a_two-arrested-dumping-toilet-waste-vadakara.jpg"
keywords: ["Vadakara", "Toilet Waste", "Illegal Dumping", "Kerala Police", "Waste Disposal"]
---

# മാലിന്യസംഘത്തിന്റെ കളി നാട്ടുകാരുടെ മുന്നിൽ പാളി; ടാർപോളിൻ മറവിൽ കനാലിൽ ശുചിമുറി മാലിന്യം തള്ളിയ ലോറിയും ജീപ്പുമായി രണ്ട് പേർ പിടിയിൽ

> **Lead Summary:** വടകര: **[**അക്ലോത്ത്നട കനാലിലും പുത്തൂർ അറക്കിലാട് റോഡിലും ശുചിമുറി മാലിന്യം തള്ളിയ സംഘത്തിലെ രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശികളായ കാരോത്ത് താഴത്ത് ഉമ്മർ , പൈക്കരതൊടി നൗഷാദ് എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ടാങ്കർ ലോറിയും ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ വടകര കോടതി റിമാൻഡ് ചെയ്തു.

## Article Content

വടകര: **[**അക്ലോത്ത്നട കനാലിലും പുത്തൂർ അറക്കിലാട് റോഡിലും ശുചിമുറി മാലിന്യം തള്ളിയ സംഘത്തിലെ രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശികളായ കാരോത്ത് താഴത്ത് ഉമ്മർ , പൈക്കരതൊടി നൗഷാദ് എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ടാങ്കർ ലോറിയും ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ വടകര കോടതി റിമാൻഡ് ചെയ്തു.

രണ്ട് ദിവസങ്ങളിലായി പൊതുസ്ഥലത്തും കനാലിലും ശുചിമുറി മാലിന്യം തള്ളിയിരുന്നതായി നാട്ടുകാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് നിരീക്ഷണം ആരംഭിച്ചിരുന്നു. മാലിന്യം തള്ളുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച രാത്രി ഒരു ജീപ്പ് പ്രദേശത്ത് കറങ്ങിയിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. ഇതോടെ നാട്ടുകാർ പ്രദേശത്ത് നിലയുറപ്പിച്ച് വാഹനങ്ങളെ നിരീക്ഷിക്കുകയായിരുന്നു.

പുലർച്ചെയോടെ മാലിന്യവുമായി എത്തിയ ടാങ്കർ ലോറി നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ലോറി നിർത്താതെ പോയതായി പറയുന്നു. തുടർന്ന് ജീപ്പിനെ കിലോമീറ്ററുകളോളം പിന്തുടർന്ന നാട്ടുകാർ നാദാപുരത്ത് വച്ച് വാഹനം തടഞ്ഞു. ജീപ്പിലുണ്ടായിരുന്നവരെ നാദാപുരം പൊലീസിന് കൈമാറി.

ഇവരെക്കൊണ്ട് വിളിപ്പിച്ച് ടാങ്കർ ലോറി സ്ഥലത്തെത്തിച്ചെങ്കിലും ലോറിയുടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. തുടർന്ന് ജീപ്പും ടാങ്കർ ലോറിയും വടകര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് ഉമ്മറിനും നൗഷാദിനുമെതിരെ കേസെടുത്തത്.

ടാങ്കർ ലോറിയാണെന്ന് തിരിച്ചറിയാതിരിക്കാൻ ടാർപോളിൻ ഉപയോഗിച്ച് വാഹനത്തെ സാധാരണ ലോറിയുടെ രൂപത്തിലാക്കിയിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായി പറയുന്നു. ആദ്യം ജീപ്പിലെത്തി പ്രദേശം പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് ടാങ്കർ ലോറിയിൽ മാലിന്യം തള്ളിയിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മാലിന്യം തള്ളുന്നതിന് മുമ്പ് ജീപ്പ് പ്രദേശത്ത് എത്തിച്ച് സ്ഥിതിഗതികൾ പരിശോധിക്കുകയായിരുന്നു സംഘത്തിന്റെ രീതിയെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്ത് ആളുകളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ടാങ്കർ ലോറി എത്തിച്ച് മാലിന്യം തള്ളിയിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

അക്ലോത്ത്നട കനാലിലും പുത്തൂർ അറക്കിലാട് റോഡിലും തുടർച്ചയായി ശുചിമുറി മാലിന്യം തള്ളിയതിനെ തുടർന്ന് നാട്ടുകാർ നടത്തിയ നിരീക്ഷണമാണ് സംഘത്തെ പിടികൂടുന്നതിലേക്ക് നയിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

**English Summary:**

Two men, Umar (45) and Noushad (50), from Vaidyarangadi, Ramanattukara, were arrested by Vadakara Police after local residents allegedly caught them dumping toilet waste at Aklothnada canal and Puthur-Arakkilad road. A tanker lorry and a jeep were taken into custody, and the accused were remanded by the Vadakara court. Locals began monitoring the area after waste was dumped for two consecutive days. CCTV footage showed a jeep checking the locations before the tanker arrived. The jeep was later stopped at Nadapuram, while the tanker driver reportedly escaped. Police say the tanker was covered with a tarpaulin to make it appear like an ordinary lorry.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378299/two-arrested-dumping-toilet-waste-vadakara)