---
title: "വിദേശ ജോലി വാഗ്ദാനം ചെയ്ത് 51 പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; വടകര സ്വദേശിനി മാനന്തവാടി പൊലീസിന്റെ പിടിയിൽ "
english_title: "Vadakara Woman Arrested In Mananthavady For Overseas Job Fraud Involving 51 People"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378811/adakara-woman-arrested-manathavady-job-fraud-oman"
published_at: "2026-08-16T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81a3730a102_mananthavady-job-fraud-arrest-kozhikode-woman.jpg"
keywords: ["Vadakara Woman Arrested", "Woman Arrested", "Job Fraud"]
---

# വിദേശ ജോലി വാഗ്ദാനം ചെയ്ത് 51 പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; വടകര സ്വദേശിനി മാനന്തവാടി പൊലീസിന്റെ പിടിയിൽ 

> **Lead Summary:** വടകര: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 51 പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ വടകര സ്വദേശിനിയെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. വടകര പറയുള്ളതിൽ വീട്ടിലെ ലത സുനിൽ ആണ് പിടിയിലായത്.

## Article Content

വടകര: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 51 പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ വടകര സ്വദേശിനിയെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. വടകര പറയുള്ളതിൽ വീട്ടിലെ ലത സുനിൽ ആണ് പിടിയിലായത്.

ആറാട്ടുതറ സ്വദേശിയായ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. യുവാവിന് പരിചയമുള്ള 21 പേരടക്കം ആകെ 51 പേരെ ഒമാനിലെ അൽ ഐൻ എന്ന സ്ഥലത്ത് പുതിയതായി തുടങ്ങുന്ന സ്ഥാപനത്തിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ, തട്ടിപ്പ് നടത്തിയ ശേഷം പ്രതി വിദേശത്തേക്ക് കടന്നതായി കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. ഇതേത്തുടർന്ന് ഇവർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

വെള്ളിയാഴ്ച മസ്കറ്റിൽ നിന്നുള്ള ഫ്ലൈറ്റിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ലത സുനിലിനെ ഇമിഗ്രേഷൻ അധികൃതരുടെ സഹായത്തോടെ മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മാനന്തവാടി സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തി.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങളെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായി പോലീസ് അറിയിച്ചു. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ യുവാക്കൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്നും ഇതുവരെ എത്ര തുകയാണ് തട്ടിയെടുത്തതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

English Summary:

Latha Sunil, 59, from Parayullathil, Vadakara, was arrested by Mananthavady police for allegedly defrauding 51 people of lakhs of rupees by promising jobs in Al Ain, Oman. The case was filed based on a complaint by a youth from Arattuthara. Police said the accused fled abroad after the fraud and a lookout circular was issued. She was arrested on Friday at Karipur International Airport after arriving from Muscat. Police warned the public to be cautious of overseas job scams and said further investigation is underway.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378811/adakara-woman-arrested-manathavady-job-fraud-oman)