---
title: "പി എച്ച് അബ്ദുല്ല മാസ്റ്റർ സ്മാരക അധ്യാപക അവാർഡ് രാജേന്ദ്രൻ എടത്തുംകരയ്ക്ക്"
english_title: "PH Abdulla Master Memorial Teacher Award Rajendran Edathumkara Selected"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381022/ph-abdulla-master-memorial-teacher-award-rajendran-edathumkara-vatakara"
published_at: "2026-09-03T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a998fd62ec90_ph-abdulla-master-memorial-teacher-award-rajendran-edathumkara-vatakara.jpg"
keywords: ["PH Abdulla Master Award", "Rajendran Edathumkara", "Kerala Mappila Kala Academy"]
---

# പി എച്ച് അബ്ദുല്ല മാസ്റ്റർ സ്മാരക അധ്യാപക അവാർഡ് രാജേന്ദ്രൻ എടത്തുംകരയ്ക്ക്

> **Lead Summary:** **വടകര: **അധ്യാപകനും കലാ സാംസ്കാരിക പ്രവർത്തകനുമായിരുന്ന കേരള മാപ്പിള കലാ അക്കാദമി സ്ഥാപകൻ പി എച്ച് അബ്ദുല്ല മാസ്റ്ററുടെ ഓർമ്മയ്ക്കായി വർഷംതോറും അധ്യാപക ദിനത്തോടനുബന്ധിച്ച് നൽകി വരാറുള്ള മൂന്നാമത് അധ്യാപക അവാർഡിന് വടകര മണിയൂർ സ്വദേശിയും തലശ്ശേരി ബ്രണ്ണൻ കോളേജിലെ പ്രൊഫസറുമായ രാജേന്ദ്രൻ എടത്തുംകര അർഹനായി.

## Article Content

**വടകര: **അധ്യാപകനും കലാ സാംസ്കാരിക പ്രവർത്തകനുമായിരുന്ന കേരള മാപ്പിള കലാ അക്കാദമി സ്ഥാപകൻ പി എച്ച് അബ്ദുല്ല മാസ്റ്ററുടെ ഓർമ്മയ്ക്കായി വർഷംതോറും അധ്യാപക ദിനത്തോടനുബന്ധിച്ച് നൽകി വരാറുള്ള മൂന്നാമത് അധ്യാപക അവാർഡിന് വടകര മണിയൂർ സ്വദേശിയും തലശ്ശേരി ബ്രണ്ണൻ കോളേജിലെ പ്രൊഫസറുമായ രാജേന്ദ്രൻ എടത്തുംകര അർഹനായി.

അധ്യാപന രംഗത്തെ മികവിനും പ്രഭാഷണ-ഗവേഷണ മേഖലകളിലെ ശ്രദ്ധേയമായ ഇടപെടലുകൾക്കും മാപ്പിള കലകളെക്കുറിച്ചുള്ള ആധികാരിക പഠനങ്ങൾക്കും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ്, ജനറൽ സെക്രട്ടറി അഷ്റഫ് കൊടുവള്ളി എന്നിവർ അറിയിച്ചു.

ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസറും മാപ്പിള കലാ അക്കാദമി സംസ്ഥാന ചീഫ് കോഓർഡിനേറ്ററുമായ മുഹമ്മദലി കാസർഗോഡ്, ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോ. സി പി ശിവദാസൻ, മാപ്പിള കലാ അക്കാദമി സംസ്ഥാന രക്ഷാധികാരിയും അധ്യാപകനുമായ ഫൈസൽ എളേറ്റിൽ എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

അധ്യാപനത്തോടൊപ്പം വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും പഠനങ്ങളും നടത്തിവരുന്ന രാജേന്ദ്രൻ മാപ്പിള കലകളുടെ ചരിത്രം, പാരമ്പര്യം, സാമൂഹിക പശ്ചാത്തലം, കലാ-സാംസ്കാരിക സവിശേഷതകൾ എന്നിവയെക്കുറിച്ച് ഗൗരവപൂർവമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്.

മാപ്പിളപ്പാട്ട് ഉൾപ്പെടെയുള്ള മാപ്പിള കലാരൂപങ്ങളെ കേവലം വിനോദത്തിന്റെ ഭാഗമായി കാണാതെ, മലബാറിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിന്റെ പ്രധാന അടയാളങ്ങളായി സമീപിച്ചാണ് രാജേന്ദ്രൻ പഠനങ്ങൾ നടത്തുന്നത്. മാപ്പിള കലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അദ്ദേഹം പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും അക്കാദമിക ചർച്ചകളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തുവരുന്നു.

മാപ്പിള കലകളുടെ രൂപീകരണവും വികാസവും അതിന്റെ സാമൂഹിക സാഹചര്യങ്ങളും ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ ഇടപെടലുകൾ ഈ മേഖലയിലെ പഠനങ്ങൾക്ക് ഏറെ വിലപ്പെട്ടതാണ്. അധ്യാപകൻ എന്ന നിലയിൽ വിദ്യാർത്ഥികളിൽ അന്വേഷണാത്മക ചിന്തയും വായനാശീലവും വളർത്തുന്നതിലും രാജേന്ദ്രൻ ശ്രദ്ധേയമായ പങ്കുവഹിക്കുന്നുണ്ട്.

മാപ്പിള കലകളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും അക്കാദമിക രംഗത്തെ സജീവ സാന്നിധ്യവും പരിഗണിച്ച് രാജേന്ദ്രന് പുരസ്കാരം നൽകുന്നത് മാപ്പിള കലാപഠന മേഖലയ്ക്ക് തന്നെയുള്ള അംഗീകാരമാണെന്ന് അക്കാദമി ഭാരവാഹികൾ പറഞ്ഞു.

പി എച്ച് അബ്ദുല്ല മാസ്റ്ററുടെ സ്മരണയ്ക്ക് മുന്നിൽ ആദരമർപ്പിക്കുന്നതോടൊപ്പം, മാപ്പിള കലകളുടെ ശാസ്ത്രീയ പഠനത്തിനും ഗവേഷണത്തിനും പുതിയ തലമുറയിലെ അധ്യാപകരെയും ഗവേഷകരെയും പ്രോത്സാഹിപ്പിക്കുകയുമാണ് അവാർഡിലൂടെ ലക്ഷ്യമിടുന്നതെന്നും ഭാരവാഹികൾ വ്യക്തമാക്കി.

**English Summary**

The third PH Abdulla Master Memorial Teacher Award, given annually on Teachers Day in memory of teacher and cultural activist and Kerala Mappila Kala Academy founder PH Abdulla Master, has been awarded to Rajendran Edathumkara, native of Maniyur, Vadakara and professor at Brennen College, Thalassery. The award considers excellence in teaching, lectures, research and authentic studies on Mappila arts, said district president MK Ashraf and general secretary Ashraf Koduvalli. Jury included Muhammadali Kasargod, Dr CP Sivadasan and Faisal Elayil. Rajendran's studies on history and socio-cultural aspects of Mappila arts were noted.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381022/ph-abdulla-master-memorial-teacher-award-rajendran-edathumkara-vatakara)