---
title: "പുറത്തിറങ്ങാനായില്ല...!  കടത്തനാട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസ്: ഒന്നാം പ്രതിക്ക്  ജാമ്യം അനുവദിച്ചു"
english_title: "Kadathanad Society Fraud Case: First Accused Granted Bail but Remains in Jail"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381068/kadathanad-society-fraud-case-first-accused-granted-bail-remains-in-jail"
published_at: "2026-09-04T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a56239c5d4_kadathanad-society-fraud-case-first-accused-granted-bail-remains-in-jail.jpg"
keywords: ["Kadathanad Society Fraud", "Vadakara News", "Bail Granted"]
---

# പുറത്തിറങ്ങാനായില്ല...!  കടത്തനാട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസ്: ഒന്നാം പ്രതിക്ക്  ജാമ്യം അനുവദിച്ചു

> **Lead Summary:** **വടകര : ** കടത്തനാട് ലെബർ കോൺട്രാക്ട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും സൊസൈറ്റി സെക്രട്ടറിയുമായ വെള്ളികുളങ്ങര പ്രീനയ്ക്ക് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.

## Article Content

**വടകര : ** കടത്തനാട് ലെബർ കോൺട്രാക്ട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും സൊസൈറ്റി സെക്രട്ടറിയുമായ വെള്ളികുളങ്ങര പ്രീനയ്ക്ക് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.

പ്രീനയുടെ പേരിൽ ആകെ 11 കേസുകളാണ് നിലവിലുള്ളത്. ഇതിൽ 10 കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തി കോഴിക്കോട് വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇവരുടെ നാല് കേസുകളിലാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ബാക്കി ആറ് കേസുകളിൽ കൂടി ജാമ്യം ലഭിക്കാത്തതിനാൽ ഇവർക്ക് നിലവിൽ ജയിൽ മോചിതയാകാൻ കഴിയില്ല.

2.16 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സഹകരണ വകുപ്പ് നൽകിയ പരാതിയിലാണ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. സൊസൈറ്റിയിൽ നിക്ഷേപിച്ച 22 ലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്ന് ആരോപിച്ച് തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജി നൽകിയ പരാതിയിലാണ് രണ്ടാമത്തെ കേസ് എടുത്തത്.

ഇതിനുപുറമേ മറ്റ് രണ്ട് വ്യക്തികൾ കൂടി നൽകിയ പരാതിയിലും പ്രീനയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി വ്യാഴാഴ്ചയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ബാക്കിയുള്ള കേസുകളിലും ജാമ്യം ലഭിക്കാൻ അടുത്ത ദിവസം ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് അഭിഭാഷകൻ അഡ്വ. ബൈജു രാഘവൻ അറിയിച്ചു.

നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് സൊസൈറ്റി മുൻ പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായിരുന്ന ടി.വി. സുധീർ കുമാറിന്റെ പങ്കാളിയിലെ വീട്ടിൽ തിരുവള്ളൂർ സ്വദേശിയായ ഇബ്രാഹിം ഹാജി പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തതോടെയാണ് സൊസൈറ്റിക്കെതിരെ കൂടുതൽ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്.

കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ പ്രതികൾ അറസ്റ്റിലാകാനുണ്ട്. നിലവിലുള്ള സംഘം പ്രസിഡന്റ് ബഷീർ അഹമ്മദ് ഉൾപ്പെടെയുള്ളവർ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റു പ്രതികളായ സുധീർ കുമാർ, റിനീഷ് എന്നിവർ റിമാൻഡിൽ കഴിയുകയാണ്.

**English Summary:**

In the Kadathanad Labor Contract Society investment fraud case in Vadakara, the District Sessions Court granted bail to the first accused and society secretary, Preena. Though bail was granted in four of the eleven cases registered against her, she cannot leave Kozhikode Women's Jail as bail is pending for the remaining six cases. The scam came to light following a inquiry revealing a Rs 2.16 crore fraud. The case escalated after a depositor committed suicide due to unreturned funds. Key accused, including society president Basheer Ahmed, remain absconding while police issued a lookout notice.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381068/kadathanad-society-fraud-case-first-accused-granted-bail-remains-in-jail)