---
title: "വെളിച്ചവുമില്ല, ഫാനുമില്ല; ടൗൺഹാളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വടകര മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ"
english_title: "Vadakara Town Hall Infrastructure Issue Musicians Welfare Association Demands Action"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381479/vadakara-town-hall-infrastructure-issues-musicians-welfare-association-demands-action"
published_at: "2026-09-07T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e5f87e9852_vadakara-town-hall-infrastructure-issues-musicians-welfare-association-demands-action.jpg"
keywords: ["Vadakara Town Hall", "Vadakara Municipality", "Musicians Welfare Association Vadakara"]
---

# വെളിച്ചവുമില്ല, ഫാനുമില്ല; ടൗൺഹാളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വടകര മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ

> **Lead Summary:** **വടകര: ** വൻതുക വാടക ഈടാക്കുന്ന വടകര ടൗൺഹാളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാത്ത നഗരസഭയുടെ നടപടിയിൽ കടുത്ത പ്രതിഷേധം. ടൗൺഹാളിന്റെ ശോചനീയാവസ്ഥ യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടകര മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ ജനറൽ ബോഡി യോഗം പ്രമേയം പാസാക്കി.

## Article Content

**വടകര: ** വൻതുക വാടക ഈടാക്കുന്ന വടകര ടൗൺഹാളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാത്ത നഗരസഭയുടെ നടപടിയിൽ കടുത്ത പ്രതിഷേധം. ടൗൺഹാളിന്റെ ശോചനീയാവസ്ഥ യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടകര മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ ജനറൽ ബോഡി യോഗം പ്രമേയം പാസാക്കി.

അടുത്തിടെ അസോസിയേഷൻ സംഘടിപ്പിച്ച ‘നിലാവേ മായുമോ’ എന്ന സംഗീതപരിപാടിക്ക് മികച്ച ജനപങ്കാളിത്തം ലഭിച്ചെങ്കിലും, ഹാളിലെ സൗകര്യക്കുറവ് കാരണം കലാകാരന്മാരും സംഘാടകരും കാണികളും വലിയ ദുരിതമാണ് അനുഭവിച്ചത്. സ്റ്റേജിന്റെ പിൻഭാഗത്ത് വെളിച്ചമോ ഫാനോ ഇല്ലാത്തതിനാൽ കടുത്ത ചൂടിലും ഇരുട്ടിലുമാണ് കലാകാരന്മാർക്ക് പരിപാടിക്കായി കാത്തിരിക്കേണ്ടി വന്നത്.

ഗ്രീൻ റൂമിനോട് ചേർന്നുള്ള ടോയ്‌ലറ്റുകളുടെ അശുചിത്വവും കൃത്യമായ പരിപാലനമില്ലായ്മയും രൂക്ഷമായ പൊടിശല്യവും വലിയ ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. സ്റ്റേജിൽ ആവശ്യമായ പോഡിയം, പ്രധാന കർട്ടനുകൾ എന്നിവയില്ലാത്തതിനാൽ പുറത്തുനിന്ന് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വലിയ തുക നൽകി വാടകയ്‌ക്കെടുക്കേണ്ട അവസ്ഥയാണുള്ളത്.

ഹാളിലെ ഫാനുകൾ പ്രവർത്തിക്കാത്തതും കോമ്പൗണ്ടിൽ വെളിച്ചമില്ലാത്തതും കാണികളെയും സംഘാടകരെയും ഒരുപോലെ വലയ്ക്കുന്നു. ഇത് വടകരയിലെ സാംസ്കാരിക പരിപാടികളുടെ സംഘാടനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ നഗരസഭ ഉടൻ വിഷയത്തിൽ ഇടപെട്ട് ടൗൺഹാൾ നവീകരിക്കണമെന്ന് ജനറൽ ബോഡി ആവശ്യപ്പെട്ടു.

**English Summary: **

The Vadakara Musicians Welfare Association passed a resolution demanding immediate intervention from the Vadakara Municipality to repair the dilapidated Town Hall and provide basic amenities. Despite collecting high rental fees, the hall lacks proper lighting, functioning fans, clean toilets, and basic stage infrastructure like curtains and podiums. Organizers noted that these poor conditions force them to spend extra money on external rentals and discourage public participation, adversely affecting the cultural domain of Vadakara.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381479/vadakara-town-hall-infrastructure-issues-musicians-welfare-association-demands-action)