---
title: "ആരുടെ താൽപര്യം സംരക്ഷിക്കാൻ ? വടകര ലിങ്ക് റോഡിലെ സ്വകാര്യ ബസ് പാർക്കിങ്, പഴയ സ്റ്റാൻഡിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ തൊഴിലാളി യൂണിയൻ"
english_title: "Vadakara Private Buses Link Road To Old Stand Shift Protest Bus Workers Union"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/382023/vadakara-private-bus-parking-link-road-old-stand-shift-protest-union"
published_at: "2026-09-10T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2a9a9a0773_vadakara-private-bus-parking-link-road-old-stand-shift-protest-union.jpg"
keywords: ["Vadakara News", "Private Bus Stand Vadakara", "Bus Workers Union Protest", "Vadakara Traffic Issue"]
---

# ആരുടെ താൽപര്യം സംരക്ഷിക്കാൻ ? വടകര ലിങ്ക് റോഡിലെ സ്വകാര്യ ബസ് പാർക്കിങ്, പഴയ സ്റ്റാൻഡിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ തൊഴിലാളി യൂണിയൻ

> **Lead Summary:** വടകര: ലിങ്ക് റോഡിൽ പാർക്ക് ചെയ്ത് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ വീണ്ടും പഴയ ബസ് സ്റ്റാൻഡിലേക്ക് മാറ്റാനുള്ള നീക്കം ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണമെന്ന് സംയുക്ത ബസ് തൊഴിലാളി യൂണിയൻ യോഗം ആവശ്യപ്പെട്ടു.

## Article Content

വടകര: ലിങ്ക് റോഡിൽ പാർക്ക് ചെയ്ത് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ വീണ്ടും പഴയ ബസ് സ്റ്റാൻഡിലേക്ക് മാറ്റാനുള്ള നീക്കം ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണമെന്ന് സംയുക്ത ബസ് തൊഴിലാളി യൂണിയൻ യോഗം ആവശ്യപ്പെട്ടു.

അധികൃതർ നൽകിയ ഉറപ്പുകൾ പാലിക്കാതെയുള്ള ഏകപക്ഷീയമായ നടപടിയെ ശക്തമായി പ്രതിരോധിക്കാനും യോഗം തീരുമാനിച്ചു. വടകര നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി റൂറൽ എസ്.പി. ഓഫീസ് മുതൽ കൈനാട്ടി വരെയുള്ള സർവീസ് റോഡ് നവീകരിക്കുക, മാർക്കറ്റ് റോഡ്, ജെ.ടി. റോഡ്, മെയിൻ റോഡ് എന്നിവിടങ്ങളിലെ അനധികൃത പാർക്കിങ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ തൊഴിലാളി യൂണിയനും ബസ് ഉടമ സംഘടനയും പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഗതാഗതക്കുരുക്ക് കാരണം ബസുകൾക്ക് സമയക്രമം പാലിച്ച് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യവും തൊഴിലാളികൾക്ക് കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും കഴിയാത്ത പ്രശ്നങ്ങളും അധികൃതരെ അറിയിച്ചിരുന്നു.

തുടർന്ന് നഗരസഭാ ചെയർമാൻ, ആർ.ഡി.ഒ., എം.എൽ.എ., ജില്ലാ കലക്ടർ എന്നിവർ യോഗം വിളിച്ചുചേർത്ത് പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്നും ഓഗസ്റ്റ് ആറുമുതൽ ലിങ്ക് റോഡ് കേന്ദ്രീകരിച്ച് ബസ് സർവീസ് നടത്തുമെന്നും തീരുമാനിച്ചിരുന്നു.

എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിൽ ബസുകൾ വീണ്ടും പഴയ സ്റ്റാൻഡിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് യൂണിയന്റെ തീരുമാനം.

എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ. സതീശൻ, അഡ്വ. ഇ. നാരായണൻ നായർ, വിനോദ് ചെറിയത്ത്, മടപ്പള്ളി മോഹനൻ, പി. സജീവ് കുമാർ, കെ. പ്രകാശൻ, മജീദ് അറക്കിലാട്, പി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

**English Summary:**

Vadakara: Joint Bus Workers Union meeting demanded clarification on whose interest is being protected by moving private buses parked and operating from Link Road back to old bus stand. Union said authorities failed to keep promises given in meeting with Municipal Chairman, RDO, MLA and Collector that issues like service road renovation from Rural SP Office to Kainatty and illegal parking removal would be solved and buses would operate from Link Road from August 6. Union decided to strongly resist unilateral move.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/382023/vadakara-private-bus-parking-link-road-old-stand-shift-protest-union)