---
title: "കവാടത്തിൽ വഴിതടഞ്ഞ് പാർക്കിങ്, അകത്ത് വീർപ്പുമുട്ടി തടവുകാർ; വടകര സബ് ജയിൽ പ്രതിസന്ധിയിൽ"
english_title: "Vadakara Sub Jail Infrastructure Issues Puthuppanam New Jail Construction Delay"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/382479/vadakara-sub-jail-infrastructure-issues-new-jail-construction-delay-"
published_at: "2026-09-13T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6bd7c48641_vadakara-sub-jail-infrastructure-issues-new-jail-construction-delay.jpg"
keywords: ["Vadakara Sub Jail", "Puthuppanam Jail Construction", "NDPS Court Vadakara"]
---

# കവാടത്തിൽ വഴിതടഞ്ഞ് പാർക്കിങ്, അകത്ത് വീർപ്പുമുട്ടി തടവുകാർ; വടകര സബ് ജയിൽ പ്രതിസന്ധിയിൽ

> **Lead Summary:** **വടകര: **ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച വടകര സബ് ജയിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുന്നു. ജയിലിലെ അസൗകര്യങ്ങൾ തടവുകാർക്ക് വലിയ പ്രയാസം സൃഷ്ടിക്കുമ്പോഴും പുതുപ്പണത്ത് അനുവദിച്ച പുതിയ റൂറൽ ജില്ലാ ജയിലിന്റെ നിർമാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുകയാണ്.

## Article Content

**വടകര: **ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച വടകര സബ് ജയിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുന്നു. ജയിലിലെ അസൗകര്യങ്ങൾ തടവുകാർക്ക് വലിയ പ്രയാസം സൃഷ്ടിക്കുമ്പോഴും പുതുപ്പണത്ത് അനുവദിച്ച പുതിയ റൂറൽ ജില്ലാ ജയിലിന്റെ നിർമാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുകയാണ്.

പുതിയ ജയിൽ നിർമാണത്തിന് അനുമതി ലഭിച്ചതിനാൽ നിലവിലെ കെട്ടിടത്തിൽ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. മുൻപ് നിരവധി പ്രതികൾ ഇവിടെനിന്ന് ചാടിപ്പോയ ചരിത്രമുണ്ട്. 14 പേരെ മാത്രം പാർപ്പിക്കാൻ ശേഷിയുള്ള സെല്ലുകളിൽ പലപ്പോഴും ഇരുപതിലധികം പേരെയാണ് താമസിപ്പിക്കുന്നത്. വടകരയിൽ എൻ.ഡി.പി.എസ് (NDPS) കോടതി പ്രവർത്തിക്കുന്നതിനാൽ റിമാൻഡ് പ്രതികളുടെ എണ്ണം വലിയ തോതിൽ ഉയരുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

ഇറിഗേഷൻ വകുപ്പ് ജയിൽ വകുപ്പിന് കൈമാറിയ പുതുപ്പണം റൂറൽ ജില്ലാ പോലീസ് മേധാവി ഓഫീസിന് സമീപത്തെ 60 സെന്റ് ഭൂമിയിലാണ് പുതിയ റൂറൽ ജില്ലാ ജയിൽ നിർമിക്കുന്നത്. 18 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 2.35 കോടി രൂപയുടെ ചുറ്റുമതിലും പ്രധാന കവാടവുമാണ് പൂർത്തിയാക്കേണ്ടത്.

എന്നാൽ ഈ പ്രവൃത്തികൾ പോലും എങ്ങുമെത്തിയിട്ടില്ല. 223 അന്തേവാസികളെ പാർപ്പിക്കാനും 150-ഓളം ജയിൽ ജീവനക്കാർക്ക് ജോലി ചെയ്യാനുമുള്ള സൗകര്യത്തോടെയാണ് പുതിയ ജയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലഹരിക്കേസ് പ്രതികൾക്കായി പ്രത്യേക സംവിധാനവും ഇതിലുണ്ട്.

ഇതിനുപുറമെ, നിലവിലെ സബ് ജയിലിന് മുന്നിലെ അനധികൃത വാഹന പാർക്കിങ്ങും വലിയ ഭീഷണിയാകുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിൽ തടവുകാരെ ആശുപത്രിയിലേക്കോ കോടതിയിലേക്കോ കൊണ്ടുപോകാൻ ജയിൽ വാഹനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത വിധം പ്രധാന കവാടത്തിന് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

**English Summary:**

The historic Vadakara Sub Jail is struggling with severe overcrowding and lack of basic amenities, while the construction of the proposed new Rural District Jail at Puthuppanam remains delayed. Cells meant for 14 inmates currently house around 20, largely due to the high number of remand prisoners under the Vadakara NDPS Court. The proposed ₹18-crore modern jail facility on 60 cents of land is yet to make significant progress. Unauthorized parking in front of the sub-jail entrance further hinders emergency transportation of inmates.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/382479/vadakara-sub-jail-infrastructure-issues-new-jail-construction-delay-)