---
title: "ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം; ലഹരി മാഫിയയുടെ ഉറവിടങ്ങൾ തേടി പ്രത്യേക അന്വേഷണ സംഘം"
english_title: " Operation Thoofan Second Phase Begins Anti Narcotic Investigation Team Three Units Ramesh Chennithala VD Satheesan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/383320/operation-thoofan-second-phase-anti-narcotic-investigation-team-putta-vimaladitya-ward-level-samithis"
published_at: "2026-09-18T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad29eb228ab_operation-thoofan-second-phase-anti-narcotic-investigation-team-putta-vimaladitya-ward-level-samithis.jpg"
keywords: ["Operation Thoofan", "Ramesh Chennithala", "Home Minister", "Anti Narcotic Investigation Team"]
---

# ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം; ലഹരി മാഫിയയുടെ ഉറവിടങ്ങൾ തേടി പ്രത്യേക അന്വേഷണ സംഘം

> **Lead Summary:** വടകര: സംസ്ഥാനത്തെ ലഹരി മാഫിയകൾക്കെതിരായ നടപടികൾ ശക്തമാക്കി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടത്തിന് തുടക്കമിട്ട് സർക്കാർ. ഇതിന്റെ ഭാഗമായി ഉയർന്ന മൂല്യമുള്ളതും അന്തർസംസ്ഥാന, അന്താരാഷ്ട്ര ബന്ധങ്ങളുള്ളതുമായ മയക്കുമരുന്ന് കള്ളക്കടത്ത് കേസുകൾ അന്വേഷിക്കുന്നതിനായി ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചു.

## Article Content

വടകര: സംസ്ഥാനത്തെ ലഹരി മാഫിയകൾക്കെതിരായ നടപടികൾ ശക്തമാക്കി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടത്തിന് തുടക്കമിട്ട് സർക്കാർ. ഇതിന്റെ ഭാഗമായി ഉയർന്ന മൂല്യമുള്ളതും അന്തർസംസ്ഥാന, അന്താരാഷ്ട്ര ബന്ധങ്ങളുള്ളതുമായ മയക്കുമരുന്ന് കള്ളക്കടത്ത് കേസുകൾ അന്വേഷിക്കുന്നതിനായി ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചു.

സെപ്റ്റംബർ 18 മുതൽ സംഘത്തിന്റെ പ്രവർത്തനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൂഫാൻ നോഡൽ ഓഫീസറും നോർത്ത് ഐ.ജിയുമായ പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് യൂണിറ്റുകളാണ് രൂപീകരിച്ചിരിക്കുന്നത്. ഓരോ യൂണിറ്റിലും ഒരു ഡിവൈ.എസ്.പി, രണ്ട് സി.ഐമാർ, രണ്ട് എസ്.ഐമാർ, എ.എസ്.ഐമാർ ഉൾപ്പെടെ 10 സി.പി.ഒ, എസ്.സി.പി.ഒമാരും ഉൾപ്പെടും. ഉയർന്ന മൂല്യമുള്ള ലഹരി കേസുകളിൽ ശാസ്ത്രീയവും കേന്ദ്രീകൃതവുമായ അന്വേഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വാർഡ് തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ച് തൂഫാൻ ജനജാഗ്രതാ സമിതികൾക്കും രൂപം നൽകും. സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 28ന് മലപ്പുറം വേങ്ങരയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.

വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമ സേന, യുവജന സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലായിരിക്കും സമിതികളുടെ പ്രവർത്തനം.

രണ്ടാംഘട്ടത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കും പ്രത്യേക പരിഗണന നൽകും. ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന തൂഫാൻ കെയർ പദ്ധതിയിൽ സംസ്ഥാനത്തെ 35ഓളം പ്രധാന ആശുപത്രികൾ പങ്കാളികളാകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഐ.എം.എയുമായി സഹകരിച്ച് തൂഫാൻ റീഹാബിലിറ്റേഷൻ പ്രോട്ടോക്കോളും നടപ്പാക്കും. ലഹരിയുടെ കെണിയിൽപ്പെട്ടവർക്ക് തുറന്ന് സംസാരിക്കുന്നതിനായി തൂഫാൻ ആപ്പും ആരംഭിക്കും. അമൃത യൂണിവേഴ്‌സിറ്റിയുടെ ഐ.ടി വിഭാഗമാണ് സാങ്കേതിക സഹായം നൽകുന്നത്.

ലഹരി വിതരണത്തിന്റെ തോത് കുറയ്ക്കുന്നതിനൊപ്പം ആവശ്യകത കുറയ്ക്കുന്നതിനും നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഓപ്പറേഷൻ തൂഫാനിലൂടെ സംസ്ഥാനത്തേക്കുള്ള ലഹരി വിതരണത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു. തൂഫാന്റെ പ്രവർത്തനം വിതരണക്കാരിൽ നിന്ന് ലഹരി എത്തിക്കുന്ന ഉറവിടങ്ങളിലേക്കും വ്യാപിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.

മലപ്പുറത്തെ എം.ഡി.എം.എ കേസിൽ പ്രധാനപ്പെട്ട നാല് കണ്ണികളെ അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്. ചെന്നൈയിലും ബിഹാറിലുമുള്ള ഒളിത്താവളങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഇതുവരെ 13 പേർ അറസ്റ്റിലായിട്ടുണ്ട്. ലഹരി വാങ്ങുന്നതിനായി പ്രതികൾക്ക് സാമ്പത്തിക സഹായം നൽകുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

**English Summary:**

Government launched second phase of Operation Thoofan against drug mafia. Home Minister Ramesh Chennithala said Anti Narcotic Investigation Team formed to probe high-value inter-state and international drug smuggling cases, operational from September 18. Team led by Thoofan nodal officer North IG Putta Vimaladitya with three units in Thiruvananthapuram, Ernakulam, Kozhikode. Each unit includes DySP, 2 CIs, 2 SIs, ASIs and 10 CPOs, SCPOs. Ward-level Thoofan Jana Jagratha Samithis with LSGD to be launched September 28 at Vengara Malappuram by CM VD Satheesan, presided by Industries Minister PK Kunhalikutty. Rehabilitation focus with Thoofan Care involving 35 hospitals, Thoofan Rehabilitation Protocol with IMA, and Thoofan App with Amrita University IT support. Minister claimed 20-30% reduction in drug supply and four key accused arrested in Malappuram MDMA case from Chennai and Bihar hideouts, total 13 arrests.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/383320/operation-thoofan-second-phase-anti-narcotic-investigation-team-putta-vimaladitya-ward-level-samithis)