---
title: "വടകര എംഡിഎംഎ കേസ്; ലഹരി കച്ചവടത്തിലെ പ്രധാന കണ്ണി കൂത്താളി സ്വദേശി അറസ്റ്റിൽ"
english_title: "Vadakara MDMA Case: Koothali Native Anas Arrested as Key Link"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386026/vadakara-mdma-case-anas-arrested"
published_at: "2026-10-08T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7153185964_vadakara-mdma-case-anas-arrested.jpg"
keywords: ["MDMACase", "VadakaraNews", "KeralaPolice", "DrugNetwork", "Koothali"]
---

# വടകര എംഡിഎംഎ കേസ്; ലഹരി കച്ചവടത്തിലെ പ്രധാന കണ്ണി കൂത്താളി സ്വദേശി അറസ്റ്റിൽ

> **Lead Summary:** **വടകര: ** അധ്യാപികമാർ ഉൾപ്പെടെ പ്രതികളായ വടകര എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ ആറാം പ്രതി കൂത്താളി സ്വദേശി അനസിനെ പോലീസ് പ്രതിചേർത്തു. നിലവിൽ കൊയിലാണ്ടി സബ് ജയിലിൽ കഴിയുന്ന അനസിന്റെ അറസ്റ്റ് പോലീസ് ജയിലിലെത്തിയാണ് രേഖപ്പെടുത്തിയത്.

## Article Content

**വടകര: ** അധ്യാപികമാർ ഉൾപ്പെടെ പ്രതികളായ വടകര എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ ആറാം പ്രതി കൂത്താളി സ്വദേശി അനസിനെ പോലീസ് പ്രതിചേർത്തു. നിലവിൽ കൊയിലാണ്ടി സബ് ജയിലിൽ കഴിയുന്ന അനസിന്റെ അറസ്റ്റ് പോലീസ് ജയിലിലെത്തിയാണ് രേഖപ്പെടുത്തിയത്.

ലഹരി കച്ചവടത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ അനസിന്റെ നേരിട്ടുള്ള പങ്കാളിത്തം പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി ആവശ്യമുള്ളവർക്ക് ലൊക്കേഷൻ അയച്ചു നൽകിയിരുന്നത് അനസായിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ അധ്യാപികമാർക്ക് പുറമെ കൂടുതൽ സ്ത്രീകളെ ലഹരിവലയിലാക്കി എംഡിഎംഎ ഇടപാടുകളിലെ കണ്ണികളാക്കിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അനസിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് കേസിലെ നിർണായക വിവരങ്ങളും പോലീസിന് ലഭിച്ചു.

അതേസമയം, എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിൽ അനസിനെ കസ്റ്റഡിയിലെടുക്കാൻ പേരാമ്പ്ര പോലീസും ഡാൻസാഫ് (DANSAF) സ്ക്വാഡ് അംഗങ്ങളും ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം അനസും സഹോദരൻ ആസിഫും ചേർന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് അനസ് ജയിലിലായത്. തുടർന്നാണ് വടകര കേസിൽ ഇയാളുടെ പങ്കാളിത്തം ഉറപ്പിച്ച് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ റിമാൻഡിൽ കഴിയുന്ന അഞ്ചാം പ്രതി ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്, പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ മെയ് 5-ന് മണിയൂർ തുറശേരി കടവിൽ നിന്ന് 13.56 ഗ്രാം എം.ഡി.എം.എയുമായി തെക്കെ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാനെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ മുഹമ്മദ് ഇർഫാൻ, ജിജിൽ കുര്യാക്കോസുമായി സാമ്പത്തിക ഇടപാട് നടത്തിയതായി പൊലീസ് കണ്ടെത്തിയത്.

അധ്യാപികമാർ ഉൾപ്പെട്ട വടകര എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസിൽ പിടിയിലായി റിമാൻഡിൽ കഴിയുന്ന ജിജിൽ കുര്യാക്കോസിനെ, കോടതി അനുമതിയോടെയാണ് പയ്യോളി പൊലീസ് ഈ കേസിൽ അറസ്റ്റ് ചെയ്തത്. വടകരയിലെ കേസിൽ കഴിഞ്ഞ ആഴ്ച ജാമ്യം ലഭിച്ചിരുന്നെങ്കിലും പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ചിരുന്നില്ല. നിലവിൽ രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ ജിജിൽ കുര്യാക്കോസ് ജയിൽ മോചിതനാകും. ഇതോടെ ഈ കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ച സ്ഥിതിയാണുള്ളത്.

**English Summary:**

In the Vadakara MDMA case involving school teachers, police have named Anas, a native of Koothali, as the sixth accused and recorded his arrest while he was in Koyilandy Sub Jail. Investigators say he handled financial transactions, shared locations with buyers, and may have helped draw more women into the network. Anas was earlier jailed in a separate case for allegedly attacking Perambra police and DANSAF officers.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386026/vadakara-mdma-case-anas-arrested)