---
title: "വടകര സ്വദേശിനി തങ്കമണിയുടെ മരണം: മെഡിക്കല്‍ രേഖകള്‍ പിടിച്ചെടുത്ത് പൊലീസ്, പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും"
english_title: "Thangamani Death: Police Seize Medical Records, Doctor’s Statement Due Today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386968/thangamani-death-medical-records-police"
published_at: "2026-10-14T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf0a993457f_thangamani-death-medical-records-police.jpg"
keywords: ["MedicalNegligence", "KeralaNews", "PoliceInvestigation", "Postmortem", "GovernmentHospital"]
---

# വടകര സ്വദേശിനി തങ്കമണിയുടെ മരണം: മെഡിക്കല്‍ രേഖകള്‍ പിടിച്ചെടുത്ത് പൊലീസ്, പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

> **Lead Summary:** **വടകര: **ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരണപ്പെട്ട സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു. ചികിത്സാ പിഴവിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. കേസിന്റെ അന്വേഷണ പുരോഗതിയുടെ ഭാഗമായി പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

## Article Content

**വടകര: **ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരണപ്പെട്ട സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു. ചികിത്സാ പിഴവിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. കേസിന്റെ അന്വേഷണ പുരോഗതിയുടെ ഭാഗമായി പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

വടകര സ്വദേശിനിയായ തങ്കമണിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഒക്ടോബർ എട്ടിനാണ് ഗർഭാശയം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം വാർഡിലേക്ക് മാറ്റിയ തങ്കമണിക്ക് ശക്തമായ പനിയും തുടർച്ചയായ ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് വൻകുടലിൽ മുറിവുണ്ടായതായി കണ്ടെത്തിയത്.

ഗർഭാശയം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് വൻകുടലിൽ മുറിവുണ്ടായതെന്നും, ഇതേതുടർന്നുണ്ടായ ഗുരുതരമായ അണുബാധയാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. ആരോഗ്യനില വഷളായതിനെ തുടർന്ന് അടിയന്തരമായി മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയെങ്കിലും തങ്കമണിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

സംഭവത്തിൽ മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. അന്വേഷണത്തിനു ശേഷം പൊലീസ് തയ്യാറാക്കുന്ന റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറും. തുടർന്ന് ഔദ്യോഗികമായി മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധാഭിപ്രായം തേടിയശേഷമാകും കേസിൽ അടുത്തഘട്ട നിയമനടപടികൾ സ്വീകരിക്കുക.

Police have sealed the treatment records in the death of Vadakara native Thangamani, who died after a hysterectomy at a government medical college hospital. As part of the probe, the statement of the doctor who conducted the postmortem will be recorded today.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386968/thangamani-death-medical-records-police)