---
title: "വടകര ജില്ലാ ആശുപത്രിയുടെ പുതിയകെട്ടിട നിര്‍മാണം  ജൂണ്‍ 30 ഓടെ പൂര്‍ത്തിയാകും : കെ.കെ.രമ.എം.എല്‍.എ"
english_title: "Construction of new building for Vadakara District Hospital Completed by June 30: KK Rama MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38855/construction-of-new-building-for-vadakara-district-hospital-completed-by-june-30-kk-rama-mla"
published_at: "2022-04-22T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6262ec069730b_kk reama mla.jpg"
keywords: []
---

# വടകര ജില്ലാ ആശുപത്രിയുടെ പുതിയകെട്ടിട നിര്‍മാണം  ജൂണ്‍ 30 ഓടെ പൂര്‍ത്തിയാകും : കെ.കെ.രമ.എം.എല്‍.എ

> **Lead Summary:** **വടകര: **ജില്ലാ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ പണി ജൂണ്‍ 30ഓടെ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. പൊതുമരാമത്തിനു കീഴിലുള്ള വടകര മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനായി കെ.കെ രമ എം.എല്‍.എ വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

## Article Content

**വടകര: **ജില്ലാ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ പണി ജൂണ്‍ 30ഓടെ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. പൊതുമരാമത്തിനു കീഴിലുള്ള വടകര മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനായി കെ.കെ രമ എം.എല്‍.എ വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഓര്‍ക്കാട്ടേരിയിലെ കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററിന് നബാര്‍ഡ് ഫണ്ടില്‍നിന്നും 5.6 കോടിരൂപ കെട്ടിട നിര്‍മാണത്തിനായി ഭരണാനുമതി ലഭിച്ചു. ഈ പ്രവര്‍ത്തി വൈകാതെ ആരംഭിക്കാനും സാങ്കേതിക അനുമതി നേടിയെടുക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. വടകര കുടുംബകോടതിയുടെ പുതിയ കെട്ടിടത്തിനുള്ള സാങ്കേതിക അനുമതി മെയ് പകുതിയോടെ ലഭിക്കും. തുടര്‍ന്ന് ഓഗസ്റ്റില്‍ ജോലി ആരംഭിക്കാന്‍ കഴിയുമെന്നും എം.എല്‍.എ അറിയിച്ചു.

മടപ്പള്ളി ഗവ.കോളജിന്റെ ജൂബിലി ബില്‍ഡിങ്ങ് നിര്‍മാണത്തിന് സോയില്‍ ഇന്‍വെസ്റ്റിഗേഷനായി 2ലക്ഷം അനുവദിക്കപ്പെട്ടതായും യോഗത്തില്‍ അറിയിച്ചു. കൂടാതെ പി.ജി ബ്ലോക്കിന്റെ നിര്‍മാണ പൂര്‍ത്തീകരണത്തിനും, ലേഡീസ് ഹോസ്റ്റല്‍ വാച്ച്മാന്‍ റൂം നിര്‍മാണത്തിനുമായി അനുവദിക്കപ്പെട്ട 28.5 ലക്ഷം രൂപയുടെ പ്രവര്‍ത്തിയും വൈകാതെ പൂര്‍ത്തീകരിക്കും. വടകര ഫയര്‍ സ്റ്റേഷനിലെ ടോയ്‌ലെറ്റ് നിര്‍മാണത്തിനായി അനുവദിക്കപ്പെട്ട 10 ലക്ഷം രൂപയുടെ പ്രവര്‍ത്തിയും ജൂണ്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു.

മെയ് മാസം അവസാനത്തോടെ വടകര സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കുമെന്നും യോഗത്തിനു ശേഷം എം.എല്‍.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38855/construction-of-new-building-for-vadakara-district-hospital-completed-by-june-30-kk-rama-mla)