---
title: "മണിയൂർ പോക്സോ കേസ്: അന്വേഷണത്തിൽ വീഴ്ചയെന്ന് ആരോപണം; പയ്യോളി സിഐയും സിപിഒയും സസ്പെൻഷനിൽ"
english_title: "Maniyur POCSO Case: Probe Lapses Alleged, Payyoli CI and CPO Suspended"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/389065/maniyur-pocso-case-probe-lapses-suspension"
published_at: "2026-10-28T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae157c177ae3_maniyur-pocso-case-probe-lapses-suspension.jpg"
keywords: ["POCSOCase", "PoliceSuspension", "KeralaNews", "InvestigationLapse", "PayyoliPolice"]
---

# മണിയൂർ പോക്സോ കേസ്: അന്വേഷണത്തിൽ വീഴ്ചയെന്ന് ആരോപണം; പയ്യോളി സിഐയും സിപിഒയും സസ്പെൻഷനിൽ

> **Lead Summary:** വടകര: മണിയൂരിലെ 13 വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിന്റെ അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണത്തെ തുടർന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

## Article Content

വടകര: മണിയൂരിലെ 13 വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിന്റെ അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണത്തെ തുടർന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

പയ്യോളി സിഐ ബാബുമോൻ, സിപിഒ അബ്ദുൾ ഹമീദ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ അബ്ദുൽ റഫീഖിനെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ചയുണ്ടായെന്നും പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇത് ഇടയാക്കിയെന്നുമുള്ള ആരോപണങ്ങൾക്ക് പിന്നാലെയാണ് നടപടി.

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പാറക്കൽ അബ്ദുല്ല എംഎൽഎ ആഭ്യന്തരമന്ത്രിയെ സമീപിച്ചിരുന്നു. പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരെ പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിഷേധം ശക്തമാക്കിയിരുന്നു.

പത്തുമാസം മുമ്പാണ് അബ്ദുൽ റഫീഖിനെതിരെ പയ്യോളി പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ മാതാവിന്റെ സുഹൃത്തായിരുന്ന പ്രതി വീട്ടിൽവെച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഭീഷണിപ്പെടുത്തിയും മർദിച്ചും രണ്ടുവർഷത്തോളം പീഡനത്തിനിരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.

സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണ് 13 വയസ്സുകാരി താൻ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് ജനുവരിയിൽ വടകര സ്വദേശിയായ അബ്ദുൽ റഫീഖിനെയും കുട്ടിയുടെ മാതാവിനെയും പ്രതിചേർത്ത് പയ്യോളി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

എന്നാൽ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് അബ്ദുൽ റഫീഖ് വിദേശത്തേക്ക് കടന്നു. കേസിൽ പെൺകുട്ടിയുടെ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തേക്ക് പോയ റഫീഖിനെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി.

ഇതിനിടെ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ച വിവരം അറിഞ്ഞ പ്രതി കഴിഞ്ഞ മാസം അവസാനത്തോടെ നാട്ടിലെത്തുകയും ജാമ്യം നേടുകയും ചെയ്തതായാണ് റിപ്പോർട്ട്. പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിലും പിന്നീട് ജാമ്യം ലഭിച്ചതിലുമാണ് പൊലീസിനെതിരെ ഗുരുതരമായ വീഴ്ചയുണ്ടായെന്ന ആരോപണം ഉയർന്നത്.

**പ്രതിക്ക് ജാമ്യം ലഭിച്ചതിൽ പ്രതിഷേധം ശക്തമായി**

അബ്ദുൽ റഫീഖിന് ജാമ്യം ലഭിച്ചതിന് പിന്നാലെ പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിയുടെ വീടിന് മുന്നിലും പയ്യോളി പൊലീസ് സ്റ്റേഷനിലും പ്രതിഷേധം സംഘടിപ്പിച്ചു.

കഴിഞ്ഞ ദിവസവും സംഭവത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പ്രതിയുടെ വീട്ടിലേക്കായിരുന്നു മാർച്ച്. പ്രതിയുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങ് നടക്കുന്ന ദിവസമായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

Two police officers have been suspended over allegations of lapses in the investigation of a POCSO case from Maniyur. The action follows claims that the accused, Abdul Rafiq, was not arrested in time, allowing him to secure bail later, triggering protests from the victim’s family and local residents.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/389065/maniyur-pocso-case-probe-lapses-suspension)