---
title: "ഷൈമയ്ക്ക് ജീവിതത്തിലേക്ക് മടങ്ങണം; കരൾ മാറ്റിവെക്കാൻ 60 ലക്ഷം, നാടിന്റെ കൈത്താങ്ങ് തേടി കുടുംബം"
english_title: "Shyma Needs a Liver Transplant: Family Seeks Public Help for Rs 60 Lakh Treatment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/389781/shyma-liver-transplant-fundraiser"
published_at: "2026-11-01T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae74ea542504_shyma-liver-transplant-fundraiser.jpg"
keywords: ["LiverTransplant", "MedicalFundraiser", "HealthAppeal", "PublicSupport"]
---

# ഷൈമയ്ക്ക് ജീവിതത്തിലേക്ക് മടങ്ങണം; കരൾ മാറ്റിവെക്കാൻ 60 ലക്ഷം, നാടിന്റെ കൈത്താങ്ങ് തേടി കുടുംബം

> **Lead Summary:** തിരുവള്ളൂർ: ഗുരുതരമായ കരൾരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതി ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസ്സുകളുടെ സഹായം തേടുന്നു. തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ ചാനിയംകടവ് നെല്ലിയുള്ള മലയിൽ ഷൈമയാണ് അടിയന്തര കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി സാമ്പത്തിക സഹായം തേടുന്നത്.

## Article Content

തിരുവള്ളൂർ: ഗുരുതരമായ കരൾരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതി ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസ്സുകളുടെ സഹായം തേടുന്നു. തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ ചാനിയംകടവ് നെല്ലിയുള്ള മലയിൽ ഷൈമയാണ് അടിയന്തര കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി സാമ്പത്തിക സഹായം തേടുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷൈമയ്ക്ക് എത്രയും വേഗം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാരുടെ നിർദേശം. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഏകദേശം 60 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

ഒരു കുട്ടിയുടെ മാതാവായ ഷൈമയുടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കൂലിവേലയിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. നിത്യജീവിതച്ചെലവുകൾ പോലും കണ്ടെത്താൻ പ്രയാസപ്പെടുന്നതിനിടെയാണ് ഷൈമയെ ഗുരുതരമായ കരൾരോഗം ബാധിച്ചത്. ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കുടുംബം സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ്.

ഷൈമയുടെ ചികിത്സയ്ക്കാവശ്യമായ തുക സമാഹരിക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ കുടുംബസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങളായ കുണ്ടാറ്റിൽ മൊയ്തു ചെയർമാനും കൊടക്കാട്ട് അഖിലേഷ് കൺവീനറുമായാണ് കമ്മിറ്റി പ്രവർത്തിക്കുന്നത്.

വടകര എംപി ഷാഫി പറമ്പിൽ, കുറ്റ്യാടി മണ്ഡലം എംഎൽഎ പാറക്കൽ അബ്ദുള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ്, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.വി. രാമകൃഷ്ണൻ, വൈസ് പ്രസിഡന്റ് സബിത മണക്കുനി എന്നിവർ സഹായ കമ്മിറ്റിയുടെ മുഖ്യരക്ഷാധികാരികളാണ്.

ചികിത്സാ സഹായം സ്വീകരിക്കുന്നതിനായി യൂണിയൻ ബാങ്കിൽ 'ഷൈമ സഹായ കമ്മിറ്റി' എന്ന പേരിൽ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഷൈമയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ പൊതുജനങ്ങളും സന്നദ്ധ സംഘടനകളും പ്രവാസികളും ഉൾപ്പെടെയുള്ളവർ കൈത്താങ്ങാകണമെന്ന് കുടുംബസഹായ കമ്മിറ്റി അഭ്യർത്ഥിച്ചു.

**സഹായം നൽകുന്നതിനുള്ള ബാങ്ക് വിവരങ്ങൾ**

**ബാങ്ക്: യൂണിയൻ ബാങ്ക്**

**അക്കൗണ്ട് പേര്: ഷൈമ സഹായ കമ്മിറ്റി**

**അക്കൗണ്ട് നമ്പർ: 0097220110002746**

**IFSC കോഡ്: UBIN0900974**

Shyma, a young mother from Thiruvallur, is undergoing treatment for severe liver disease at Kozhikode Medical College Hospital and needs an urgent liver transplant. Her family, facing acute financial hardship, has launched a local support committee and opened a bank account to raise the estimated Rs 60 lakh needed for surgery and follow-up care.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/389781/shyma-liver-transplant-fundraiser)