---
title: "'മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ ഇനി വോട്ട് കിട്ടില്ല'; അധികാരം നിലനിർത്താൻ തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കുന്നുവെന്ന് പി. ഗവാസ്"
english_title: "‘No More Votes in the Name of Religion or God’: P. Gavas Alleges Election System Is Being Subverted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/390163/p-gavas-election-system-subversion-allegation"
published_at: "2026-11-04T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeacbf8957ab_p-gavas-election-system-subversion-allegation.jpg"
keywords: ["CPI", "ElectionCommission", "NarendraModi", "Vadakara", "Constitution"]
---

# 'മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ ഇനി വോട്ട് കിട്ടില്ല'; അധികാരം നിലനിർത്താൻ തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കുന്നുവെന്ന് പി. ഗവാസ്

> **Lead Summary:** വടകര: തെരഞ്ഞെടുപ്പ് സംവിധാനത്തെ പാടെ അട്ടിമറിച്ച് ഭരണം നിലനിർത്താനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് ആരോപിച്ചു. സിപിഐയുടെയും മഹിളാസംഘത്തിന്റെയും സമുന്നത നേതാവായിരുന്ന പി.പി. വിമല ടീച്ചറുടെ അനുസ്മരണ പരിപാടി വടകരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

വടകര: തെരഞ്ഞെടുപ്പ് സംവിധാനത്തെ പാടെ അട്ടിമറിച്ച് ഭരണം നിലനിർത്താനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് ആരോപിച്ചു. സിപിഐയുടെയും മഹിളാസംഘത്തിന്റെയും സമുന്നത നേതാവായിരുന്ന പി.പി. വിമല ടീച്ചറുടെ അനുസ്മരണ പരിപാടി വടകരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പിന്നിൽ ബിജെപിയും സംഘപരിവാറുമാണെന്നത് പകൽപോലെ വ്യക്തമാണെന്ന് ഗവാസ് ആരോപിച്ചു. മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ വോട്ട് പിടിച്ച് അധികാരത്തിലെത്താൻ ഇനി കഴിയില്ലെന്ന് ബിജെപിക്ക് ബോധ്യമായിട്ടുണ്ട്. എങ്ങനെയും അധികാരത്തിൽ കടിച്ചുതൂങ്ങുന്നതിനായി തെരഞ്ഞെടുപ്പ് സംവിധാനത്തെത്തന്നെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ രാജ്യത്തെ ജനങ്ങൾ ഒന്നടങ്കം ഈ ഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ രംഗത്തുവരികയാണ്.

ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ സമാനതകളില്ലാത്ത പ്രക്ഷോഭങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. എന്ത് വിലകൊടുത്തും രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞയോടെയാണ് യുവജനങ്ങൾ തെരുവിലിറങ്ങുന്നത്.

രാജ്യത്ത് നടക്കുന്ന ഇത്തരം പ്രക്ഷോഭങ്ങൾക്ക് ആദ്യ വിത്തുപാകിയത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്ന് അഭിമാനത്തോടെ പറയാനാകും. ജനകീയ പ്രതിഷേധങ്ങളെ അവഗണിച്ച് ഭരണഘടനയെ തകർക്കാൻ ബിജെപിക്കും സംഘപരിവാറിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് സർക്കാരിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള മതനിരപേക്ഷ പ്രസ്ഥാനങ്ങൾ ഒന്നിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സിപിഐയാണ്. ഇന്ന് എല്ലാ മതനിരപേക്ഷ പ്രസ്ഥാനങ്ങളും അതിന്റെ അനിവാര്യത തിരിച്ചറിഞ്ഞിട്ടുണ്ട്.

'മാറ്റം അനിവാര്യമാണ്' എന്ന മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം രാജ്യം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്. വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങൾ സമരങ്ങളുടെ മുന്നണിപ്പോരാളികളായി മാറുന്നു. ഈ പ്രക്ഷോഭങ്ങൾ വിജയിക്കുകതന്നെ ചെയ്യുമെന്നും ഗവാസ് പറഞ്ഞു.

ഇത്തരം പ്രക്ഷോഭങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളുടെ പ്രവർത്തനങ്ങൾ മാതൃകയാണ്. ഏറ്റെടുത്ത എല്ലാ ചുമതലകളും തികഞ്ഞ അർപ്പണബോധത്തോടെ പൂർത്തിയാക്കുന്നതിൽ പി.പി. വിമല ടീച്ചർ കാണിച്ച മാതൃക പുതിയ തലമുറയ്ക്ക് വലിയ പാഠമാണ്.

ജില്ലയിലുടനീളം സഞ്ചരിച്ച് മഹിളാ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ വിമല ടീച്ചർക്ക് കഴിഞ്ഞു. അവരുടെ ഓർമകൾ കരുത്താക്കി മുന്നേറാൻ കഴിയണം. അവർ ഉയർത്തിപ്പിടിച്ച പ്രത്യയശാസ്ത്രം വഴികാട്ടിയാണ്. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ ഇത്തരം നേതാക്കളുടെ സ്മരണകൾ കരുത്തുപകരുമെന്നും ഗവാസ് കൂട്ടിച്ചേർത്തു.

രാവിലെ പഴങ്കാവിലെ വസതിയിലുള്ള പി.പി. വിമല ടീച്ചറുടെ സ്മൃതികുടീരത്തിൽ പാർട്ടി പ്രവർത്തകർ പുഷ്പാർച്ചന നടത്തി. പി. അശോകൻ പതാക ഉയർത്തി.

അനുസ്മരണ ചടങ്ങിൽ സിപിഐ ലോക്കൽ സെക്രട്ടറി സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ. സത്യൻ, പി. സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി ഇ. രാധാകൃഷ്ണൻ, മഹിളാസംഘം ജില്ലാ ട്രഷറർ കല്യാണി ടീച്ചർ, ജില്ലാ ജോയിന്റ് സെക്രട്ടറി റീന സുരേഷ്, മുനിസിപ്പൽ കൗൺസിലർമാരായ കെ. സരോജിനി, പി. ഗീത, മഹിളാസംഘം നേതാവ് എൻ.എം. വിമല എന്നിവർ സംസാരിച്ചു. ആർ.കെ. സുരേഷ് ബാബു സ്വാഗതം പറഞ്ഞു.

അനുസ്മരണത്തിന്റെ ഭാഗമായി വൈകീട്ട് വടകര കൊപ്ര ഭവനിൽ നടന്ന വനിതാസംഗമം എൻഎഫ്ഐഡബ്ല്യു ദേശീയ സമിതി അംഗം കെ.എസ്. ജയ ഉദ്ഘാടനം ചെയ്തു. മഹിളാസംഘം മണ്ഡലം പ്രസിഡന്റ് പി. ഗീത അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്, ആർ. സത്യൻ, റീന സുരേഷ്, കല്യാണി ടീച്ചർ, ഇ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ പി. അശോകൻ സ്വാഗതവും ആർ.കെ. സുരേഷ് ബാബു നന്ദിയും പറഞ്ഞു.

CPI district secretary Adv. P. Gavas alleged in Vadakara that the Narendra Modi-led government is trying to subvert the election system to stay in power. Speaking at a memorial event for P.P. Vimala Teacher, he said secular forces must unite against fascism and protect the Constitution.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/390163/p-gavas-election-system-subversion-allegation)