---
title: "മണിയൂർ പോക്സോ കേസ്: ജാമ്യം റദ്ദാക്കിയ വിധിയിലെ സ്റ്റേ നീക്കി ഹൈക്കോടതി; ഒന്നാം പ്രതി അബ്ദുൾ റഫീഖ് പൊലീസ് കസ്റ്റഡിയിൽ"
english_title: "Maniyur POCSO Case: High Court Lifts Stay, Accused Abdul Rafiq Taken Into Custody"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/390176/maniyur-pocso-case-high-court-stay-lifted"
published_at: "2026-11-04T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeadd3e74d11_maniyur-pocso-case-high-court-stay-lifted.jpg"
keywords: ["POCSOCase", "HighCourt", "PoliceCustody", "Vadakara", "KeralaNews"]
---

# മണിയൂർ പോക്സോ കേസ്: ജാമ്യം റദ്ദാക്കിയ വിധിയിലെ സ്റ്റേ നീക്കി ഹൈക്കോടതി; ഒന്നാം പ്രതി അബ്ദുൾ റഫീഖ് പൊലീസ് കസ്റ്റഡിയിൽ

> **Lead Summary:** വടകര: പൊലീസിന്റെ വീഴ്ചയെ തുടർന്ന് വിവാദമായ മണിയൂർ പോക്സോ കേസിലെ പ്രതി വടകര ബാങ്ക് റോഡ് ചങ്ങരോത്ത് സ്വദേശി അബ്ദുൾ റഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യം റദ്ദാക്കിയ കീഴ്ക്കോടതി ഉത്തരവിന്മേലുള്ള സ്റ്റേ ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് നടപടി. വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ ചെങ്ങോട്ടുകാവിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.

## Article Content

വടകര: പൊലീസിന്റെ വീഴ്ചയെ തുടർന്ന് വിവാദമായ മണിയൂർ പോക്സോ കേസിലെ പ്രതി വടകര ബാങ്ക് റോഡ് ചങ്ങരോത്ത് സ്വദേശി അബ്ദുൾ റഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യം റദ്ദാക്കിയ കീഴ്ക്കോടതി ഉത്തരവിന്മേലുള്ള സ്റ്റേ ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് നടപടി. വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ ചെങ്ങോട്ടുകാവിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.

കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈഎസ്പി എൻ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പയ്യോളി, കൊയിലാണ്ടി പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം വടകര ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അബ്ദുൾ റഫീഖിനെതിരെ കേസെടുത്തത്. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നതെന്നാണ് പരാതി. 2026 ജനുവരി 16ന് പയ്യോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നിരുന്നു. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും തുടർനടപടികൾ ഫലപ്രദമായില്ലെന്ന ആരോപണം ഉയർന്നു.

സെപ്റ്റംബറിൽ നാട്ടിൽ തിരിച്ചെത്തിയ പ്രതി കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയിൽനിന്ന് ജാമ്യം നേടുകയായിരുന്നു. പോക്സോ കേസിലെ പ്രതി നാട്ടിലെത്തിയിട്ടും പൊലീസ് അറസ്റ്റ് ചെയ്യാതിരുന്നതാണ് വലിയ വിവാദത്തിന് വഴിവെച്ചത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയതെന്ന ആരോപണവുമായി നാട്ടുകാരും രംഗത്തെത്തി.

പ്രതിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികൾ ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കി. പ്രതിയുടെ വീട്ടിലേക്കും പയ്യോളി പൊലീസ് സ്റ്റേഷനിലേക്കും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോയത്.

പ്രതിയെ പിടികൂടുന്നതിൽ ഫലപ്രദമായ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് പയ്യോളി പൊലീസ് സ്റ്റേഷനിലെ സിഐയെയും സിപിഒയെയും സസ്പെൻഡ് ചെയ്തിരുന്നു. പൊലീസിന്റെ അപേക്ഷ പരിഗണിച്ച് ഒക്ടോബർ 24ന് കൊയിലാണ്ടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി അബ്ദുൾ റഫീഖിന്റെ ജാമ്യം റദ്ദാക്കി.

എന്നാൽ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പ്രതി വീണ്ടും ഒളിവിൽ പോയി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇയാൾ കടന്നുകളഞ്ഞതായാണ് വിവരം.

ഇതിനിടെ ജാമ്യം റദ്ദാക്കിയ കൊയിലാണ്ടി കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ നീക്കിയതോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനുള്ള നിയമതടസ്സം മാറിയത്. തുടർന്നുള്ള പൊലീസ് നീക്കത്തിനൊടുവിലാണ് ചെങ്ങോട്ടുകാവിൽ വെച്ച് അബ്ദുൾ റഫീഖിനെ പിടികൂടിയത്.

Police took Abdul Rafiq, the first accused in the controversial Maniyur POCSO case, into custody after the High Court lifted its stay on the lower court order canceling his bail. He was traced and detained in Chengottukavu and later taken for medical examination before being shifted to the Vadakara Crime Branch office.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/390176/maniyur-pocso-case-high-court-stay-lifted)