---
title: "സാഹിത്യത്തിന്റെ ഉത്സവകാലം വീണ്ടും; കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ നാലാം പതിപ്പിന് അരങ്ങൊരുങ്ങുന്നു, ലോഗോ പ്രകാശനം ചെയ്തു"
english_title: "Kadathanad Literature Festival gears up for fourth edition in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/390232/kadathanad-literature-festival-fourth-edition-vadakara"
published_at: "2026-11-04T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb495b5be57_kaththanad-literature-festival-fourth-edition-vadakara.jpg"
keywords: ["Vadakara", "LiteraryFestival", "CulturalEvent", "KeralaNews", "Kadathanad Literature Festival"]
---

# സാഹിത്യത്തിന്റെ ഉത്സവകാലം വീണ്ടും; കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ നാലാം പതിപ്പിന് അരങ്ങൊരുങ്ങുന്നു, ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** വടകര: സാഹിത്യത്തിന്റെയും കലയുടെയും സംസ്കാരത്തിന്റെയും സമകാലിക ചിന്തകളുടെയും സംഗമവേദിയായ കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ നാലാം പതിപ്പിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. 2027 ജനുവരി 1, 2, 3 തീയതികളിൽ വടകര ടൗൺഹാളിലാണ് ഫെസ്റ്റിവൽ നടക്കുക.

## Article Content

വടകര: സാഹിത്യത്തിന്റെയും കലയുടെയും സംസ്കാരത്തിന്റെയും സമകാലിക ചിന്തകളുടെയും സംഗമവേദിയായ കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ നാലാം പതിപ്പിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. 2027 ജനുവരി 1, 2, 3 തീയതികളിൽ വടകര ടൗൺഹാളിലാണ് ഫെസ്റ്റിവൽ നടക്കുക.

സാഹിത്യം, കല, സംസ്കാരം, രാഷ്ട്രീയം, ജനാധിപത്യം തുടങ്ങിയ മേഖലകളിലെ സമകാലിക വിഷയങ്ങളെ ആസ്പദമാക്കി വിപുലമായ സംവാദവേദിയാണ് ഇത്തവണയും ഒരുങ്ങുന്നത്. മൂന്ന് ദിവസങ്ങളിലായി അമ്പതോളം സെഷനുകൾ സംഘടിപ്പിക്കും.

സമൂഹത്തിന്റെ വിവിധ തലങ്ങളെയും ജനജീവിതത്തെയും സ്വാധീനിക്കുന്ന വിഷയങ്ങൾ ഫെസ്റ്റിവലിൽ ചർച്ചയാകും. പുസ്തകചർച്ചകൾ, ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള സംവാദങ്ങൾ, ആരോഗ്യബോധവൽക്കരണ ക്ലാസുകൾ, കാർഷിക മേഖലയിലെ പ്രതിസന്ധികളും അതിജീവന മാർഗങ്ങളും തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾക്ക് പ്രാധാന്യം നൽകും.

അറിവും ആശയങ്ങളും അനുഭവങ്ങളും പരസ്പരം പങ്കുവെക്കാനുള്ള വേദിയായി ഫെസ്റ്റിവലിനെ മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം. സാഹിത്യസംവാദങ്ങൾക്കൊപ്പം ഗസൽ, നാടകം തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.

കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ സാഹിത്യകാരന്മാർ, രാഷ്ട്രീയ നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ, ആരോഗ്യവിദഗ്ധർ, കാർഷിക മേഖലയിലെ വിദഗ്ധർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ഫെസ്റ്റിവലിന്റെ ഭാഗമാകും.

മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ശശി തരൂർ എം.പി., ഷാഫി പറമ്പിൽ എം.പി., കനിമൊഴി എം.പി., ജയറാം രമേശ്, മഹുവ മൊയ്ത്ര എം.പി. തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. കർണാടക, തെലങ്കാന സാഹിത്യ അക്കാദമികളുടെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

സാഹിത്യം കേവലം ആസ്വാദനത്തിനുള്ള ഉപാധിയല്ലെന്നും കാലത്തോടും സമൂഹത്തോടും സംവദിക്കുന്ന സർഗാത്മക ഇടപെടലാണെന്നുമുള്ള ആശയമാണ് ഫെസ്റ്റിവൽ മുന്നോട്ടുവെക്കുന്നത്. ജനാധിപത്യബോധവും സാമൂഹിക ഉത്തരവാദിത്വവും ഉയർത്തിപ്പിടിക്കുന്ന സാംസ്കാരിക വേദിയായി നാലാം പതിപ്പിനെ മാറ്റാനാണ് സംഘാടകരുടെ ശ്രമം.

ലോഗോ പ്രകാശനച്ചടങ്ങിൽ കേരള സാഹിത്യ അക്കാദമി ചെയർമാനും കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡയറക്ടറുമായ കൽപ്പറ്റ നാരായണൻ, ഫെസ്റ്റിവൽ ചെയർമാൻ അഡ്വ. ഐ. മൂസ, എളമ്പിലാട് നാരായണൻ, വി.പി. സർവോത്തമൻ, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, രമേശ് നൊച്ചാട്ട്, എൻ.കെ. രവീന്ദ്രൻ, ഹരീന്ദ്രൻ കരിമ്പനപ്പാലം എന്നിവർ പങ്കെടുത്തു.

**ചെയർമാൻ: ഐ മൂസ**

** കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ**

**ഫോൺ 9447478089**

The fourth edition of the Kaththanad Literature Festival will be held at Vadakara Town Hall on January 1, 2 and 3, 2027. The festival will feature around 50 sessions over three days, covering literature, art, culture, politics, democracy, health awareness and agriculture, along with cultural performances.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/390232/kadathanad-literature-festival-fourth-edition-vadakara)