---
title: "കുട്ടോത്ത്–അട്ടക്കുണ്ട് കടവ് റോഡ് വികസനം: യുഡിഎഫ് നിലപാട് പദ്ധതി ഇല്ലാതാക്കാൻ ഇടയാക്കുമെന്ന് ഇരകളുടെ കർമ്മസമിതി"
english_title: "Kuttooth–Attakkundu Kadavu Road Project: Committee Says UDF Stance Threatens Development"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/390251/kuttooth-attakkundu-kadavu-road-project-udf-stance"
published_at: "2026-11-04T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb73567535c_kuttooth-attakkundu-kadavu-road-project-udf-stance.jpg"
keywords: ["KIIFB", "RoadDevelopment", "UDF", "KeralaInfrastructure", "Maniyoor"]
---

# കുട്ടോത്ത്–അട്ടക്കുണ്ട് കടവ് റോഡ് വികസനം: യുഡിഎഫ് നിലപാട് പദ്ധതി ഇല്ലാതാക്കാൻ ഇടയാക്കുമെന്ന് ഇരകളുടെ കർമ്മസമിതി

> **Lead Summary:** മണിയൂർ: കുട്ടോത്ത്–അട്ടക്കുണ്ട് കടവ് റോഡ് വികസനവുമായി ബന്ധപ്പെട്ട് യുഡിഎഫ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് കിഫ്ബി ഫണ്ടും പദ്ധതിയും നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് ഇരകളുടെ കർമ്മസമിതി ആരോപിച്ചു. മണിയൂരിലെ ജനങ്ങളുടെ ദീർഘകാല അഭിലാഷമായ റോഡ് വികസനം അനിശ്ചിതത്വത്തിലാക്കുന്ന നിലപാടിൽ നിന്ന് യുഡിഎഫ് പിന്മാറണമെന്നും കർമ്മസമിതി ആവശ്യപ്പെട്ടു.

## Article Content

മണിയൂർ: കുട്ടോത്ത്–അട്ടക്കുണ്ട് കടവ് റോഡ് വികസനവുമായി ബന്ധപ്പെട്ട് യുഡിഎഫ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് കിഫ്ബി ഫണ്ടും പദ്ധതിയും നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് ഇരകളുടെ കർമ്മസമിതി ആരോപിച്ചു. മണിയൂരിലെ ജനങ്ങളുടെ ദീർഘകാല അഭിലാഷമായ റോഡ് വികസനം അനിശ്ചിതത്വത്തിലാക്കുന്ന നിലപാടിൽ നിന്ന് യുഡിഎഫ് പിന്മാറണമെന്നും കർമ്മസമിതി ആവശ്യപ്പെട്ടു.

പദ്ധതിയുടെ ആദ്യ വിശദമായ പദ്ധതിരേഖ (ഡിപിആർ) മുതൽ 10 മീറ്റർ വീതിയിലുള്ള റോഡാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ സർവകക്ഷി തീരുമാനത്തിന്റെ പേരിൽ ഇതിന് വിരുദ്ധമായി കൂടുതൽ വീതിയിൽ സ്ഥലം ഏറ്റെടുക്കുന്നതിനായി അതിർത്തിക്കല്ലുകൾ സ്ഥാപിച്ചതാണ് പദ്ധതിയെ വിവാദത്തിലാക്കിയതെന്ന് കർമ്മസമിതി ആരോപിച്ചു.

റോഡ് ബന്ധിപ്പിക്കുന്ന ഇരുവശങ്ങളിലുമുള്ള പ്രധാന റോഡുകൾക്ക് 5.5 മീറ്റർ മാത്രമാണ് ടാറിങ് വീതി. ഈ സാഹചര്യത്തിൽ അതിലേറെ വീതിയിൽ റോഡ് വികസിപ്പിക്കണമെന്ന ആവശ്യം യുക്തിരഹിതമാണെന്നും ഇതിന്റെ പേരിൽ ഏഴുവർഷത്തിലധികമായി പദ്ധതി തടസ്സപ്പെടുത്തുകയാണെന്നും കർമ്മസമിതി കുറ്റപ്പെടുത്തി.

2026 ഓഗസ്റ്റ് 13ന് ചേർന്ന കിഫ്ബി ജനറൽ ബോഡി യോഗത്തിൽ 11(1) വിജ്ഞാപന നടപടികൾ പൂർത്തിയാക്കിയ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടോത്ത്–അട്ടക്കുണ്ട് കടവ് റോഡ് പദ്ധതിക്കുള്ള കിഫ്ബി ധനസഹായം ഇപ്പോഴും നിലനിൽക്കുന്നതെന്ന് കർമ്മസമിതി ചൂണ്ടിക്കാട്ടി.

11(1) വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് തടയാൻ കോടതിയെ സമീപിച്ചും ഉദ്യോഗസ്ഥർക്കുമേൽ സമ്മർദം ചെലുത്തിയും ചിലർ ശ്രമിച്ചിരുന്നതായും കർമ്മസമിതി ആരോപിച്ചു. ഇത്തരം നീക്കങ്ങൾ വിജയിച്ചിരുന്നെങ്കിൽ കിഫ്ബി ഉപേക്ഷിച്ച പദ്ധതികളുടെ കൂട്ടത്തിൽ കുട്ടോത്ത്–അട്ടക്കുണ്ട് കടവ് റോഡും ഉൾപ്പെടുമായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.

2020ൽ 10 മീറ്റർ വീതിയിൽ റോഡ് നിർമിക്കുന്നതിന് കിഫ്ബി അംഗീകാരം നൽകിയപ്പോൾ 83.43 കോടി രൂപയായിരുന്നു പദ്ധതിയുടെ അടങ്കൽ തുക. മണിയൂരിന്റെ മുഖച്ഛായ മാറ്റാൻ കഴിയുമായിരുന്ന ഈ പദ്ധതി സർവകക്ഷി യോഗത്തിലെ തെറ്റായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വർഷങ്ങളായി തടസ്സപ്പെടുത്തുകയാണെന്നാണ് കർമ്മസമിതിയുടെ ആരോപണം. പദ്ധതി നഷ്ടപ്പെട്ടാൽ സമീപഭാവിയിലൊന്നും മണിയൂരിലെ റോഡ് വികസനം യാഥാർഥ്യമാകാൻ സാധ്യതയില്ലെന്നും സമിതി ആശങ്ക പ്രകടിപ്പിച്ചു.

മണിയൂർ ഗ്രാമപഞ്ചായത്തിലെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തന്നെ 83 കോടിയിലധികം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയെ എതിർക്കുന്നത് വിരോധാഭാസമാണെന്നും കർമ്മസമിതി വിമർശിച്ചു.

2019 മുതൽ ഏഴോളം കേസുകൾ നടത്തിയിട്ടും അംഗീകൃത ഡിപിആർ ഇല്ലാത്ത 12 മീറ്റർ വീതിയുള്ള റോഡിനും ഏഴ് മീറ്റർ ടാറിങ്ങിനും അനുകൂലമായി കോടതി ഉത്തരവ് ലഭിച്ചിട്ടുണ്ടെങ്കിൽ ആക്ഷൻ കമ്മിറ്റി അത് പരസ്യപ്പെടുത്തണമെന്നും കർമ്മസമിതി ആവശ്യപ്പെട്ടു. അത്തരമൊരു ഉത്തരവില്ലെങ്കിൽ കോടതി വിധികളെ തെറ്റായി വ്യാഖ്യാനിച്ച് നാട്ടുകാരെയും മാധ്യമപ്രവർത്തകരെയും തെറ്റിദ്ധരിപ്പിച്ചതിന് മാപ്പുപറയണമെന്നും സമിതി ആവശ്യപ്പെട്ടു.

മണ്ഡലം എംഎൽഎയും ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളും യാഥാർഥ്യബോധത്തോടെയുള്ള നിലപാട് സ്വീകരിക്കണം. നിലവിൽ അതിർത്തിക്കല്ലുകൾ സ്ഥാപിച്ച പ്രകാരം പദ്ധതി യാഥാർഥ്യമാക്കാൻ മുന്നോട്ടുവന്നാൽ അതിനെ സ്വാഗതം ചെയ്യുമെന്നും പദ്ധതിക്ക് നേരത്തെ നൽകിയിരുന്ന സഹകരണം തുടരുമെന്നും ഇരകളുടെ കർമ്മസമിതി അറിയിച്ചു.

കർമ്മസമിതി കൺവീനർ എം. സുരേഷ്ബാബു പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

The victims’ action committee has alleged that the UDF’s current stance on the Kuttooth–Attakkundu Kadavu road project could jeopardize KIIFB funding and stall the long-pending development. The committee urged the party and local leaders to withdraw what it called an unrealistic position and allow the project to move forward as originally planned.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/390251/kuttooth-attakkundu-kadavu-road-project-udf-stance)