---
title: "വടകരയിൽ വിദ്യാർഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; 30ഓളം കുട്ടികൾ ചികിത്സ തേടി, സ്കൂളിലെ കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു"
english_title: "Shigella Confirmed in Vadakara Student; Around 30 Children Sought Treatment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/390256/vadakara-shigella-student-30-children-treatment"
published_at: "2026-11-05T06:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aebd433947f0_vadakara-shigella-student-30-children-treatment.jpg"
keywords: ["Shigella", "Vadakara", "SchoolHealth", "FoodPoisoning", "KeralaNews"]
---

# വടകരയിൽ വിദ്യാർഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; 30ഓളം കുട്ടികൾ ചികിത്സ തേടി, സ്കൂളിലെ കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു

> **Lead Summary:** വടകര: വടകര മേപ്പയിൽ എസ്.ബി. സ്കൂളിലെ വിദ്യാർഥിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുമായി സ്കൂളിലെ 30ഓളം വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

## Article Content

വടകര: വടകര മേപ്പയിൽ എസ്.ബി. സ്കൂളിലെ വിദ്യാർഥിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുമായി സ്കൂളിലെ 30ഓളം വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് വൈകുന്നേരത്തോടെയാണ് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി 30ഓളം വിദ്യാർഥികൾ വടകര താലൂക്ക് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടി.

രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച നാല് വിദ്യാർഥികളുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്ടെ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിൽ ഒരു വിദ്യാർഥിയുടെ പരിശോധനാഫലത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മറ്റ് മൂന്ന് വിദ്യാർഥികളുടെ പരിശോധനാഫലങ്ങൾ ലഭിക്കാനുണ്ട്.

സംഭവത്തെ തുടർന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറും വടകര താലൂക്ക് ആശുപത്രി സൂപ്രണ്ടും ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പ് സംഘം സ്കൂളിലെത്തി പരിശോധന നടത്തി. മുൻകരുതൽ നടപടികളുടെ ഭാഗമായി സ്കൂളിൽ നിന്ന് വിദ്യാർഥികൾക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം നൽകി.

രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്കൂളിലെ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഭക്ഷണത്തിലൂടെയാണോ കുടിവെള്ളത്തിലൂടെയാണോ രോഗബാധ ഉണ്ടായതെന്ന കാര്യത്തിൽ പരിശോധനാഫലങ്ങൾ ലഭിച്ചശേഷമേ വ്യക്തത വരൂ.

നിലവിൽ ചികിത്സ തേടിയ വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റാർക്കും പുതുതായി രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളും നിരീക്ഷണവും തുടരുകയാണ്.

A student at SB School in Meppayil, Vadakara, has tested positive for shigella after falling ill following lunch at the school. Around 30 students who showed symptoms of food poisoning sought treatment at hospitals, and water samples from the school well have been sent for testing.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/390256/vadakara-shigella-student-30-children-treatment)