---
title: "ഓടയിൽ കക്കൂസ് മാലിന്യമടക്കം മലിനജലം; രൂക്ഷമായ ദുർഗന്ധത്തിൽ പൊറുതിമുട്ടി വില്ല്യാപ്പള്ളി ടൗൺ"
english_title: "Sewage, Foul Stench Plague Villiyappally Town After Drain Removal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/390550/villiyappally-town-sewage-stench-drain-removal"
published_at: "2026-11-06T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aee0023c1a43_villiyappally-town-sewage-stench-drain-removal.jpg"
keywords: ["KeralaNews", "SewageIssue", "RoadRenovation", "PublicHealth", "Vadakara"]
---

# ഓടയിൽ കക്കൂസ് മാലിന്യമടക്കം മലിനജലം; രൂക്ഷമായ ദുർഗന്ധത്തിൽ പൊറുതിമുട്ടി വില്ല്യാപ്പള്ളി ടൗൺ

> **Lead Summary:** വടകര: നാദാപുരം–ചേലക്കാട്–വില്ല്യാപ്പള്ളി–വടകര റോഡ് നവീകരണത്തിന്റെ ഭാഗമായി വില്ല്യാപ്പള്ളി ടൗണിലെ ഓട നീക്കം ചെയ്തതോടെ രൂക്ഷമായ ദുർഗന്ധം മൂലം നാട്ടുകാരും വ്യാപാരികളും ദുരിതത്തിൽ. ഓടയിൽ കക്കൂസ് മാലിന്യമടക്കമുള്ള മലിനജലം നിറഞ്ഞുകവിഞ്ഞതോടെയാണ് ടൗണിൽ ഗുരുതരമായ ശുചിത്വപ്രശ്നം ഉയർന്നിരിക്കുന്നത്.

## Article Content

വടകര: നാദാപുരം–ചേലക്കാട്–വില്ല്യാപ്പള്ളി–വടകര റോഡ് നവീകരണത്തിന്റെ ഭാഗമായി വില്ല്യാപ്പള്ളി ടൗണിലെ ഓട നീക്കം ചെയ്തതോടെ രൂക്ഷമായ ദുർഗന്ധം മൂലം നാട്ടുകാരും വ്യാപാരികളും ദുരിതത്തിൽ. ഓടയിൽ കക്കൂസ് മാലിന്യമടക്കമുള്ള മലിനജലം നിറഞ്ഞുകവിഞ്ഞതോടെയാണ് ടൗണിൽ ഗുരുതരമായ ശുചിത്വപ്രശ്നം ഉയർന്നിരിക്കുന്നത്.

റോഡ് വീതികൂട്ടലിന്റെ ആദ്യഘട്ടത്തിൽ ടൗണിലെ നിരവധി കെട്ടിടങ്ങളിൽനിന്ന് കക്കൂസ് മാലിന്യമുൾപ്പെടെയുള്ള മലിനജലം ഓടയിലേക്ക് ഒഴുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ ചില വ്യാപാര സ്ഥാപനങ്ങൾക്കെതിരെ സ്റ്റോപ്പ് മെമ്മോ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിരുന്നു.

എന്നാൽ, ഇത്തരം നടപടികൾക്കുശേഷവും മലിനജലം ഓടയിലേക്ക് ഒഴുക്കുന്നത് തുടരുന്നതായാണ് നാട്ടുകാരുടെ പരാതി. അടുത്തിടെ ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്ന ഒരു കെട്ടിടസമുച്ചയത്തിൽനിന്ന് മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) പ്രവർത്തകരും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ ആർജെഡി പഞ്ചായത്ത് കമ്മിറ്റി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

നിലവിൽ ടൗണിന്റെ ഹൃദയഭാഗത്ത് റോഡ് വികസനത്തിനായി നീക്കം ചെയ്ത ഓടയിൽ കടുംപച്ച നിറത്തിലുള്ള മലിനജലം കെട്ടിക്കിടക്കുകയും ഒഴുകുകയും ചെയ്യുന്ന അവസ്ഥയാണ്. രൂക്ഷമായ ദുർഗന്ധം കാരണം ടൗണിലെത്തുന്ന പൊതുജനങ്ങളും സമീപത്തെ വ്യാപാരികളും ഏറെ പ്രയാസം നേരിടുകയാണ്.

വടകര മേഖലയിൽ ഷിഗെല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ടൗണിലെ മലിനജല പ്രശ്നം കൂടുതൽ ആശങ്കയുണ്ടാക്കുന്നതായി ആർജെഡി ചൂണ്ടിക്കാട്ടി. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

വില്ല്യാപ്പള്ളി ടൗണിലെ മലിനജല പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെടണമെന്ന് രാഷ്ട്രീയ ജനതാദൾ ആവശ്യപ്പെട്ടു. മലിനജലം ഒഴുക്കുന്ന കെട്ടിടങ്ങളും സ്ഥാപനങ്ങളും കണ്ടെത്തി നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്നും റോഡ് നവീകരണത്തിനൊപ്പം ഫലപ്രദമായ മലിനജല നിർമാർജന സംവിധാനം ഉറപ്പാക്കണമെന്നും ആർജെഡി ആവശ്യപ്പെട്ടു.

Villiyappally town in Vadakara is facing a severe sanitation crisis after drain removal for road renovation left sewage and wastewater stagnating in the open. Locals and traders say the foul smell has made daily life difficult, while RJD workers have demanded strict action and a permanent solution from the panchayat and health department.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/390550/villiyappally-town-sewage-stench-drain-removal)