---
title: "കുറ്റ്യാടി - കണ്ണൂർ വിമാനത്താവള റോഡ് വികസനം യാഥാർത്ഥ്യമാക്കണമെന്ന് താലൂക്ക് വികസന സമിതി"
english_title: "Taluk Panel Urges Fast-Track for Kuttiyadi–Kannur Airport Road Project"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/390653/kuttiyadi-kannur-airport-road-development-new"
published_at: "2026-11-07T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeefc45006f1_kuttiyadi-kannur-airport-road-development.jpg"
keywords: ["KannurAirport", "RoadDevelopment", "VadakaraTaluk", "KeralaInfrastructure", "AirportConnectivity"]
---

# കുറ്റ്യാടി - കണ്ണൂർ വിമാനത്താവള റോഡ് വികസനം യാഥാർത്ഥ്യമാക്കണമെന്ന് താലൂക്ക് വികസന സമിതി

> **Lead Summary:** **വടകര: **കുറ്റ്യാടി - കണ്ണൂർ വിമാനത്താവള റോഡ് വികസനം യാഥാർത്ഥ്യമാക്കണമെന്ന് വടകര താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഭരണാനുമതി നൽകി റോഡ് നിർമ്മാണം വേഗത്തിലാക്കണമെന്നാണ് സമിതിയുടെ ആവശ്യം.

## Article Content

**വടകര: **കുറ്റ്യാടി - കണ്ണൂർ വിമാനത്താവള റോഡ് വികസനം യാഥാർത്ഥ്യമാക്കണമെന്ന് വടകര താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഭരണാനുമതി നൽകി റോഡ് നിർമ്മാണം വേഗത്തിലാക്കണമെന്നാണ് സമിതിയുടെ ആവശ്യം.

കഴിഞ്ഞ 5 വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന സർക്കാർ കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലായി 4 റോഡുകൾ കണ്ണൂർ വിമാനത്താവള കണക്ടിവിറ്റി റോഡുകളായി വികസിപ്പിക്കാൻ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കുറ്റ്യാടി - പെരിങ്ങത്തൂർ - മട്ടന്നൂർ എയർപോർട്ട് റോഡ് ഉൾപ്പെടുത്തിയത്.

കണ്ണൂർ ജില്ലയിലെ ഭാഗങ്ങളിൽ അലൈൻമെന്റ് പൂർത്തിയായി സ്ഥലങ്ങൾ മാർക്ക് ചെയ്തു. കോഴിക്കോട് ജില്ലയിലെ ഭാഗങ്ങളിൽ അലൈൻമെന്റ് പൂർത്തിയാക്കി സർക്കാരിന് ഡി.പി.ആർ സമർപ്പിച്ചെങ്കിലും ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല. ഭരണാനുമതി നൽകി റോഡ് യാഥാർത്ഥ്യമാക്കണമെന്ന ആവശ്യമാണ് യോഗത്തിൽ ഉന്നയിക്കപ്പെട്ടത്. പി. സുരേഷ് ബാബുവാണ് വിഷയം ഉന്നയിച്ചത്.

വിത്ത് തേങ്ങ സംഭരിച്ച ഇനത്തിൽ കാവിലുംപാറ, മരുതോങ്കര, കായക്കൊടി തുടങ്ങിയ പഞ്ചായത്തുകളിലെ കർഷകർക്ക് തുക നൽകാൻ മാസങ്ങളുടെ കാലതാമസം ഉണ്ടായതും യോഗത്തിൽ ചർച്ചയായി. അടിയന്തരമായി കർഷകർക്ക് തുക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പി. സുരേഷ് ബാബുവാണ് ഈ വിഷയവും ഉന്നയിച്ചത്. വിത്ത് തേങ്ങ വിഭാഗം ഒരാഴ്ചയ്ക്കകം വിതരണം പൂർത്തിയാകുമെന്ന് കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ യോഗത്തിൽ ഉറപ്പ് നൽകി.

താലൂക്ക് വികസന സമിതി യോഗത്തിൽ കെ.കെ. രമ അധ്യക്ഷത വഹിച്ചു. തോടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ടി.കെ. അഷ്റഫ്, അഴിയൂർ പ്രസിഡന്റ് കെ. ലീല, എടച്ചേരി പ്രസിഡന്റ് ടി. ഗോപാലൻ, പി. സുരേഷ് ബാബു, പുറന്തോടത്ത് സുകുമാരൻ, പി.പി. രാജൻ, പ്രദീപ് ചോമ്പാല, കളത്തിൽ ബാബു, ടി.എം. മുസ്തഫ, തഹസിൽദാർ കെ. രജീഷ് കുമാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

The Vadakara taluk development committee has demanded that the Kuttiyadi–Peringathur–Mattannur airport road project be given administrative approval and expedited. The project, included in the state’s airport connectivity plan, has seen alignment work completed in Kannur and DPR submission in Kozhikode, but approval is still pending. The meeting also raised concerns over delays in distributing payments to farmers for seed coconut procurement, with officials assuring completion within a week.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/390653/kuttiyadi-kannur-airport-road-development-new)