---
title: "ഗ്രാമത്തിന്റെ തപാൽപ്പെട്ടി പൂട്ടരുത്; വടകരയിൽ നിന്ന് ഉയർന്നത് ഗ്രാമീണരുടെ ആശങ്ക"
english_title: "Do Not Shut Rural Post Boxes: Concern Rises in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/390707/vadakara-village-post-office-concern"
published_at: "2026-11-08T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aefc834b6aca_vadakara-rural-post-offices-shutdown.jpg"
keywords: ["PostalDepartment", "RuralServices", "Vadakara", "BranchPostOffice"]
---

# ഗ്രാമത്തിന്റെ തപാൽപ്പെട്ടി പൂട്ടരുത്; വടകരയിൽ നിന്ന് ഉയർന്നത് ഗ്രാമീണരുടെ ആശങ്ക

> **Lead Summary:** വടകര: ഗ്രാമീണ മേഖലകളിലെ തപാൽ ഓഫീസുകൾ അടച്ചുപൂട്ടാനുള്ള പോസ്റ്റൽ വകുപ്പിന്റെ നീക്കത്തിനെതിരെ വടകര താലൂക്ക് വികസന സമിതി യോഗത്തിൽ ആശങ്ക. ഗ്രാമീണ ജനതയ്ക്ക് ഏറെ ആശ്രയമായ ബ്രാഞ്ച് തപാൽ ഓഫീസുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

## Article Content

വടകര: ഗ്രാമീണ മേഖലകളിലെ തപാൽ ഓഫീസുകൾ അടച്ചുപൂട്ടാനുള്ള പോസ്റ്റൽ വകുപ്പിന്റെ നീക്കത്തിനെതിരെ വടകര താലൂക്ക് വികസന സമിതി യോഗത്തിൽ ആശങ്ക. ഗ്രാമീണ ജനതയ്ക്ക് ഏറെ ആശ്രയമായ ബ്രാഞ്ച് തപാൽ ഓഫീസുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന ഗ്രാമീണ തപാൽ ഓഫീസുകൾ അടച്ചുപൂട്ടാനുള്ള പോസ്റ്റൽ ഡയറക്ടറേറ്റിന്റെ നിർദേശത്തെ തുടർന്നാണ് വിവിധ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാലയാണ് വിഷയം യോഗത്തിൽ ഉന്നയിച്ചത്.

വടകര നഗരസഭയിലെ മേപ്പയിൽ, പുത്തൂർ, നടക്കുതാഴ, കൊയിലാണ്ടി നഗരസഭയിലെ മേലൂർ, കുറുവങ്ങാട്, നടേരി, പെരുവട്ടൂർ എന്നിവിടങ്ങളിലെ ബ്രാഞ്ച് തപാൽ ഓഫീസുകളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. ഇതോടൊപ്പം കേന്ദ്രഭരണ പ്രദേശമായ മാഹിയിലെ പള്ളൂർ, നാലുതറ, പന്തക്കൽ എന്നിവിടങ്ങളിലെ തപാൽ ഓഫീസുകളും പട്ടികയിലുണ്ട്.

പെൻഷൻ വിതരണം, മണിയോർഡർ, കത്തിടപാടുകൾ തുടങ്ങി വിവിധ സേവനങ്ങൾക്കായി ഗ്രാമീണ ജനത ആശ്രയിക്കുന്ന തപാൽ ഓഫീസുകൾ അടച്ചുപൂട്ടുന്നത് സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് വയോജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് തപാൽ സേവനങ്ങൾ ലഭ്യമാകുന്നതിൽ ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയും ഉയർന്നു.

ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് തപാൽ സേവനങ്ങൾ അപ്രാപ്യമാക്കുന്ന നടപടി പുനഃപരിശോധിക്കണമെന്നും നിലവിലുള്ള ബ്രാഞ്ച് തപാൽ ഓഫീസുകളുടെ പ്രവർത്തനം നിലനിർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

തപാൽ ഓഫീസുകൾ അടച്ചുപൂട്ടാനുള്ള നീക്കം സംബന്ധിച്ച വിഷയം തിരുവനന്തപുരത്ത് നേരിട്ട് പോസ്റ്റ് മാസ്റ്റർ ജനറലിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കെ.കെ. രമ എം.എൽ.എ അറിയിച്ചു.

Vadakara taluk development committee expressed concern over the postal department’s move to shut branch post offices in rural areas. The meeting urged authorities to withdraw the plan, warning that pension distribution, money orders and other essential services would be disrupted, especially for the elderly.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/390707/vadakara-village-post-office-concern)