---
title: "ജനകീയ ഇടപെടലിന് ഫലം; വള്ളിക്കാട്–ബാലവാടി റോഡിൽ നവീകരണ പ്രവൃത്തികൾക്ക് തുടക്കം"
english_title: "Vadakara Vallikkad-Balavadi Road Renovation Begins"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/390989/vadakara-vallikkad-balavadi-road-renovation-begins-new"
published_at: "2026-11-10T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2d179dac0f_vadakara-vallikkad-balavadi-road-renovation-begins-new.jpg"
keywords: ["Vadakara News", "Vadakara Jagratha", "Vallikkad Balavadi Road", "Road Safety Kerala", "KK Rama"]
---

# ജനകീയ ഇടപെടലിന് ഫലം; വള്ളിക്കാട്–ബാലവാടി റോഡിൽ നവീകരണ പ്രവൃത്തികൾക്ക് തുടക്കം

> **Lead Summary:** **വടകര: **തുടർച്ചയായ വാഹനാപകടങ്ങളും അപകടമരണങ്ങളും ആശങ്കയുയർത്തിയ മുട്ടുങ്ങൽ–പക്രംതളം റോഡിലെ വള്ളിക്കാട്–ബാലവാടി ഭാഗത്ത് നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. വടകര ജാഗ്രതയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ ഇടപെടലുകളുടെയും നിരന്തരമായ സമ്മർദങ്ങളുടെയും ഫലമായാണ് നടപടി.

## Article Content

**വടകര: **തുടർച്ചയായ വാഹനാപകടങ്ങളും അപകടമരണങ്ങളും ആശങ്കയുയർത്തിയ മുട്ടുങ്ങൽ–പക്രംതളം റോഡിലെ വള്ളിക്കാട്–ബാലവാടി ഭാഗത്ത് നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. വടകര ജാഗ്രതയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ ഇടപെടലുകളുടെയും നിരന്തരമായ സമ്മർദങ്ങളുടെയും ഫലമായാണ് നടപടി.

കൈനാട്ടി റെയിൽവേ മേൽപ്പാലം പിന്നിട്ടുള്ള ഈ ഭാഗത്ത് അപകടങ്ങൾ പതിവായതോടെയാണ് റോഡ് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി വടകര ജാഗ്രത രംഗത്തെത്തിയത്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കുകയും വിപുലമായ റോഡ് സുരക്ഷാ സമിതിക്ക് രൂപം നൽകുകയും ചെയ്തു.

തുടർന്ന് വടകര എം.പി. ഷാഫി പറമ്പിൽ, എം.എൽ.എ. കെ.കെ. രമ, കോഴിക്കോട് ജില്ലാ കലക്ടർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് സമിതി നിവേദനം നൽകി. നിരവധി തവണ നടത്തിയ തുടർ ഇടപെടലുകൾക്കൊടുവിൽ എം.എൽ.എ. കെ.കെ. രമയുടെ ഇടപെടലിനെത്തുടർന്ന് റോഡ് നവീകരണ പ്രവൃത്തികൾ റണ്ണിങ് കോൺട്രാക്ടിൽ ഉൾപ്പെടുത്തി ആരംഭിക്കുകയായിരുന്നു.

റോഡിന്റെ കേവലമായ അറ്റകുറ്റപ്പണികളിൽ ഒതുങ്ങുന്നതല്ല സമിതിയുടെ ആവശ്യങ്ങൾ. ഡ്രെയിനേജ് പൂർത്തീകരണം, ഫുട്പാത്ത് നിർമാണം, കൈവരികൾ സ്ഥാപിക്കൽ, സിഗ്നൽ ലൈനുകൾ, മുന്നറിയിപ്പ് ബോർഡുകൾ, സിഗ്നൽ ലൈറ്റുകൾ, സീബ്രാലൈനുകൾ എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. അപകടസാധ്യത കണക്കിലെടുത്ത് വള്ളിക്കാട്–ബാലവാടി ഭാഗം ബ്ലാക്ക് സ്പോട്ടായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളിൽ എ.ഐ. ക്യാമറകളും സർവൈലൻസ് ക്യാമറകളും സ്ഥാപിക്കണമെന്നും സമിതി നിർദേശിച്ചു.

റോഡിന്റെ ഇരുവശങ്ങളിലുമുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക, അനധികൃത പാർക്കിങ് നിയന്ത്രിക്കുക, വർക്ക്‌ഷോപ്പുകൾക്ക് മുന്നിൽ കേടായ വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കുക, കാൽനടയാത്രക്കാർക്ക് തടസ്സമില്ലാത്ത സൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഹോമിയോ ആശുപത്രിക്ക് സമീപം ബസ് സ്റ്റോപ്പ് അനുവദിക്കണമെന്നും വിവിധ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ സീബ്രാലൈനുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.

ഇതിനുപുറമെ, കൈനാട്ടി റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ പൊതുമുതൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനും സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ ഡ്രെയിനേജ് പ്രവൃത്തി ആരംഭിക്കുന്നതിനും വടകര ജാഗ്രത നടത്തിയ നിയമപരമായ ഇടപെടലുകൾക്ക് സാധിച്ചിരുന്നു. മേൽപ്പാല നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഇടപെട്ട് ഏകദേശം ഒമ്പത് കോടി രൂപയുടെ ചെലവ് കുറയ്ക്കുന്നതിനും ടോൾ ഒഴിവാക്കുന്നതിനും സംഘടനയുടെ ഇടപെടൽ സഹായകമായതായി സമിതി വ്യക്തമാക്കുന്നു.

റോഡിന്റെ സമഗ്ര വികസനത്തിനും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി തയ്യാറാക്കിയ വിശദമായ രൂപരേഖയും അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന ആവശ്യങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

ജനകീയ കൂട്ടായ്മയുടെയും വിവിധ സംഘടനകളുടെയും പിന്തുണയ്ക്ക് വടകര ജാഗ്രത നന്ദി അറിയിച്ചു. രാഷ്ട്രീയഭേദമന്യേ നാട്ടുകാർ ഒന്നിച്ചുനിന്നതിന്റെ വിജയമായാണ് റോഡ് നവീകരണ പ്രവൃത്തികളുടെ തുടക്കത്തെ സമിതി വിലയിരുത്തുന്നത്.

സമിതിയുടെ ആവശ്യങ്ങൾ വിപുലം

റോഡിന്റെ കേവലമായ അറ്റകുറ്റപ്പണികളിൽ ഒതുങ്ങുന്നതായിരുന്നില്ല സമിതി മുന്നോട്ടുവെച്ച ആവശ്യങ്ങൾ. റോഡിന്റെ സമഗ്രമായ സുരക്ഷയും ഗതാഗത നിയന്ത്രണവും കാൽനടയാത്രക്കാരുടെ അവകാശസംരക്ഷണവും ഉറപ്പാക്കുന്ന വിപുലമായ നിർദേശങ്ങളാണ് അധികാരികൾക്കു മുന്നിൽ അവതരിപ്പിച്ചത്.

ഡ്രെയിനേജ് സംവിധാനം പൂർണമായി പൂർത്തീകരിക്കുക, കാൽനടയാത്രക്കാർക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനാവുന്ന വിധത്തിൽ ഫുട്പാത്ത് നിർമ്മിക്കുക, ആവശ്യമായ സ്ഥലങ്ങളിൽ കൈവരികൾ സ്ഥാപിക്കുക, റോഡിൽ സിഗ്നൽ ലൈനുകൾ വരയ്ക്കുക, മുന്നറിയിപ്പ് ബോർഡുകളും സിഗ്നൽ ബോർഡുകളും സ്ഥാപിക്കുക, വള്ളിക്കാട്–ബാലവാടി ഭാഗത്തെ നിരന്തര അപകടസാധ്യത കണക്കിലെടുത്ത് ബ്ലാക്ക് സ്പോട്ടായി പ്രഖ്യാപിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

അപകടങ്ങൾ മുൻകൂട്ടി കണ്ടെത്താനും നിയന്ത്രിക്കാനും ആവശ്യമായ സ്ഥലങ്ങളിൽ എ.ഐ. ക്യാമറകളും സർവൈലൻസ് ക്യാമറകളും സ്ഥാപിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കയ്യേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കുക, അനധികൃത നിർമ്മാണപ്രവർത്തനങ്ങൾ തടയുക, വാഹനങ്ങളുടെ പാർക്കിങ് നിയന്ത്രിക്കുക, റോഡിൽ വാഹനങ്ങൾ നിർത്തി തൊഴിൽ ചെയ്യുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവെച്ചു.

വർക്ക്‌ഷോപ്പുകളിൽ അറ്റകുറ്റപ്പണിക്കായി എത്തിക്കുന്ന കേടായ വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്ന പ്രവണത അവസാനിപ്പിക്കണം. കടകളിലേക്ക് വരുന്ന വാഹനങ്ങൾ അതത് സ്ഥാപനങ്ങൾക്ക് അനുവദിച്ച പാർക്കിങ് സ്ഥലങ്ങളിൽത്തന്നെ പാർക്ക് ചെയ്യണം. ഡ്രെയിനേജിന് മുകളിലൂടെ കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാനുള്ള സൗകര്യം തടസ്സപ്പെടുത്തുന്ന തരത്തിൽ കടയുടമകൾ സ്വീകരിക്കുന്ന നടപടികൾ അവസാനിപ്പിക്കണം. പൊതുവഴി കച്ചവട സ്ഥാപനങ്ങളുടെ പാർക്കിങ് ഇടമോ തൊഴിൽ സ്ഥലമോ ആയി മാറുന്ന സാഹചര്യം ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

ഇടവിട്ടുള്ള ദിവസങ്ങളിൽ ഈ മേഖലയിൽ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കർശന വാഹന പരിശോധന പതിവാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രികാലങ്ങളിലും ചിലപ്പോൾ പകൽസമയത്തുപോലും അപശബ്ദങ്ങളും അലോസരവും അപകടസാധ്യതയും സൃഷ്ടിച്ചുകൊണ്ട് സഞ്ചരിക്കുന്ന ബുള്ളറ്റ്, യമഹ ബൈക്കുകൾ, കാറുകൾ തുടങ്ങിയ വാഹനങ്ങൾ നിരീക്ഷിച്ച് കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.

ഹോമിയോ ആശുപത്രിക്ക് സമീപം ബസ് സ്റ്റോപ്പ് അനുവദിക്കുക, വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്ത ഇടങ്ങളിലെല്ലാം നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കുക, കൈനാട്ടി റെയിൽവേ മേൽപ്പാലത്തിൽനിന്ന് ബാലവാടി ഭാഗത്തേക്ക് ഇറങ്ങിവരുന്ന സ്ഥലത്തെ അപകടസാധ്യത ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുക, റോഡിലെ ആവശ്യമായ ഇടങ്ങളിൽ സിഗ്നൽ മുന്നറിയിപ്പ് ലൈറ്റുകൾ സ്ഥാപിക്കുക എന്നിവയും സമിതിയുടെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.

അപകടങ്ങൾ ഒഴിവാക്കാൻ സീബ്രാലൈനുകൾ വേണം

കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ സുരക്ഷിത സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി നിർദിഷ്ട സ്ഥലങ്ങളിൽ സീബ്രാലൈനുകൾ സ്ഥാപിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തലോക്കൽ കൊയിലോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള റോഡിന്റെയും പടിക്കൽ താഴ റോഡിന്റെയും സമീപം, ഹോമിയോ ആശുപത്രിക്ക് സമീപം, പുതുതായി ആരംഭിക്കാനിരിക്കുന്ന പെട്രോൾ പമ്പിന്റെ മുൻവശം, ബാലവാടി ബസ് സ്റ്റോപ്പിന് സമീപം നിലവിലുള്ള സ്ഥലത്ത്, ബാലവാടി–വള്ളിക്കാട് ഭാഗത്തെ പൊടിമില്ലിന് സമീപം, വാസു സ്മാരകത്തിന് മുൻവശം എന്നിവിടങ്ങളിലാണ് സീബ്രാലൈനുകൾ സ്ഥാപിക്കേണ്ടത്.

ഈ നിർദേശങ്ങളെല്ലാം ജനജാഗ്രതാ സദസ്സിന് മുമ്പാകെ വടകര ജാഗ്രത അവതരിപ്പിച്ചതായിരുന്നു. തുടർന്ന് രൂപീകരിച്ച റോഡ് സുരക്ഷാ ജനജാഗ്രതാ സമിതി അവ അംഗീകരിക്കുകയും ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള നിരന്തര പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു.

എം.എൽ.എയുടെ ഇടപെടൽ; റണ്ണിങ് കോൺട്രാക്ടിൽ ഉൾപ്പെടുത്തി പ്രവൃത്തി

ആവശ്യങ്ങൾ നിവേദനങ്ങളിൽ ഒതുങ്ങിപ്പോകാതിരിക്കാൻ സമിതി ഭാരവാഹികൾ നിരന്തരമായ ഇടപെടലുകളാണ് നടത്തിയത്. നിരവധി തവണ കോഴിക്കോട് ജില്ലാ കലക്ടറെയും വടകര എം.എൽ.എ. കെ.കെ. രമയെയും നേരിൽക്കണ്ട് പ്രദേശത്തെ അപകടാവസ്ഥയും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും ബോധ്യപ്പെടുത്തി. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട എം.എൽ.എ. പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിന് ഇടപെടൽ നടത്തി. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ റണ്ണിങ് കോൺട്രാക്ടിൽ ഉൾപ്പെടുത്തി റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.

സമിതി മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ഏറെയും ഘട്ടംഘട്ടമായി നടപ്പിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കൂടുതൽ വിപുലമായ വികസന ആവശ്യങ്ങൾ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ എം.എൽ.എ. അവതരിപ്പിച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. റോഡിന്റെ സമഗ്ര വികസനത്തിനും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി തയ്യാറാക്കിയ വിശദമായ രൂപരേഖയും വടകര ജാഗ്രതയുടെ ഇടപെടലിന്റെ ഭാഗമായി അധികാരികൾക്ക് സമർപ്പിച്ചിട്ടുണ്ട്. തുടർനടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ശേഷിക്കുന്ന വികസനപ്രവർത്തനങ്ങൾക്കും ഉടൻ തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് സമിതി.

പൊതുമുതൽ സംരക്ഷണത്തിലും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം

റോഡ് സുരക്ഷാ വിഷയത്തിലെ ഇടപെടലുകൾക്കപ്പുറം പൊതുമുതൽ സംരക്ഷണത്തിനും നിയമവിരുദ്ധമായ കയ്യേറ്റങ്ങൾക്കും എതിരായ വടകര ജാഗ്രതയുടെ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്. വടകര ജാഗ്രത പൊതുമുതൽ സംരക്ഷണ സമിതി മൂലക്കൽ ബാബു മാസ്റ്ററുടെ സഹകരണത്തോടെ നടത്തിയ നിയമപോരാട്ടത്തിന്റെ ഭാഗമായി കൈനാട്ടി റെയിൽവേ മേൽപ്പാലത്തിൽനിന്ന് ഇറങ്ങുന്ന ഭാഗത്തിന്റെ ഇടതുവശത്തുള്ള അനധികൃത പൊതുമുതൽ കയ്യേറ്റം ഒഴിപ്പിച്ചെടുക്കാൻ കഴിഞ്ഞത് പ്രധാന നേട്ടമായി.

സർക്കാർ പൊന്നുംവില നൽകി ഏറ്റെടുത്ത ഭൂമിയിലൂടെ ഡ്രെയിനേജ് പ്രവൃത്തി ആരംഭിച്ചതും സെറ്റ്‌ബാക്ക് സ്ഥലത്തെ അനധികൃത നിർമ്മാണം മാറ്റിച്ചതും നിയമപോരാട്ടത്തിന്റെ വിജയങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. പൊതുമുതൽ സംരക്ഷിക്കേണ്ട ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥ സംവിധാനങ്ങളെ ഉണർത്തുന്നതിൽ ജാഗ്രതയുടെ ഇടപെടലുകൾക്ക് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. അധികാരികളുടെ ശ്രദ്ധയിൽപ്പെടാതെ കിടന്ന വിഷയങ്ങൾ രേഖകളുടെയും നിയമനടപടികളുടെയും ജനകീയ ഇടപെടലുകളുടെയും കരുത്തിൽ പുറത്തുകൊണ്ടുവരികയായിരുന്നു സംഘടന.

കൈനാട്ടി റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിലെ അപാകതകൾ വർഷങ്ങൾക്കുമുമ്പ് വെളിച്ചത്തുകൊണ്ടുവന്നതും കോടികളുടെ അധിക ചെലവ് കണ്ടെത്തി ഏകദേശം ഒമ്പത് കോടി രൂപയോളം കുറയ്ക്കുന്നതിനായി ഇടപെട്ടതും വടകര ജാഗ്രതയുടെ പ്രവർത്തന ചരിത്രത്തിലെ മറ്റൊരു പ്രധാന അധ്യായമാണ്. നിർമ്മാണച്ചെലവ് പത്ത് കോടിയിൽ താഴെയായതിനെത്തുടർന്ന് പത്ത് കോടിയിൽ താഴെ ചെലവുള്ള മേൽപ്പാലങ്ങൾക്ക് ടോൾ ഒഴിവാക്കുമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ടോൾ ഒഴിവാക്കുന്നതിനും ഈ ഇടപെടൽ സഹായകമായി.

പൊതുസഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ നിർണായകമായ ഇടപെടലായിരുന്നു ഇത്. പൊതുതാൽപര്യ വിഷയങ്ങളിൽ കൃത്യമായ പരിശോധനയും നിയമപരമായ ഇടപെടലും നടത്തിയതിന്റെ ഫലമായാണ് ഈ നേട്ടങ്ങൾ സംഘടനയുടെ പ്രവർത്തനസ്മരണകളിൽ ഇടംപിടിച്ചത്.

നിയമപോരാട്ടങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ച വടകര ജാഗ്രത ചെയർമാന്റെ ഇടപെടൽ സംഘടനയുടെ കരുത്തും നിലപാടും വിളിച്ചറിയിക്കുന്നതാണ്. പൊതുസ്ഥലങ്ങളിലെ കയ്യേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കും എതിരെ നിയമത്തിന്റെ വഴിയിൽ ഉറച്ചുനിന്നുകൊണ്ടുള്ള പോരാട്ടമാണ് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ജനകീയ അംഗീകാരം നേടിക്കൊടുക്കുന്നത്.

ഒരുമയുടെ വിജയമെന്ന് സമിതി

റോഡ് സുരക്ഷാ പ്രവർത്തനങ്ങൾക്ക് സജീവ പിന്തുണയും ഇടപെടലും നൽകിയ വടകര എം.എൽ.എ. കെ.കെ. രമയോടും വിവിധ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ, സാംസ്കാരിക സംഘടനകളോടും ജാഗ്രത നന്ദി രേഖപ്പെടുത്തി

നാടിന്റെ സുരക്ഷയ്ക്കും പൊതുനന്മയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരുമയോടെ നിലകൊണ്ട മുഴുവൻ പൊതുജനങ്ങളുടെയും വടകര ജാഗ്രത പ്രവർത്തകരുടെയും സഹകരണം പ്രത്യേകം അനുസ്മരിച്ചു.

ഒരു പ്രദേശത്തിന്റെ അപകടഭീതിയെ പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാക്കി മാറ്റി, ജനകീയ കൂട്ടായ്മയിലൂടെ അധികാരികളുടെ ശ്രദ്ധയിൽ എത്തിച്ച് പരിഹാരനടപടികളിലേക്ക് നയിക്കാനായതാണ് ഈ ഇടപെടലിന്റെ സവിശേഷത.

> " ക്ഷണമുണരുവിൻ, അനീതികൾക്കെതിരെ നിർഭയം നിരന്തരം പ്രതികരിക്കുവിൻ"

എന്ന വടകര ജാഗ്രതയുടെ മുദ്രാവാക്യം അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കുന്നതാണ് സംഘടനയുടെ വിജയമന്ത്രമെന്ന് ഈ മുന്നേറ്റം വീണ്ടും തെളിയിക്കുന്നു.

English Summary: Renovation work has begun on the Vallikkad-Balavadi stretch of Muttungal-Pakramthalam Road in Vadakara, which saw repeated accidents and deaths. According to the committee, the work started under a running contract after sustained intervention by Vadakara Jagratha and MLA KK Rama. The committee demanded complete drainage, footpath, handrails, zebra lines, black spot declaration, AI cameras, removal of encroachments and control of illegal parking.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/390989/vadakara-vallikkad-balavadi-road-renovation-begins-new)