---
title: "വിശ്വാസം പുതുജീവൻ തേടുന്നു; 800 വർഷം പഴക്കമുള്ള വെള്ളറങ്കോട് പരദേവത ക്ഷേത്രം പുനരുദ്ധാരണത്തിലേക്ക്"
english_title: "800-Year-Old Vellarangod Paradevatha Temple Set for Restoration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/391087/vellarangod-paradevatha-temple-restoration"
published_at: "2026-11-11T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3c42967647_vellarangod-paradevatha-temple-restoration.jpg"
keywords: ["TempleRestoration", "KeralaHeritage", "VadakaraTemple", "MalabarDevaswom", "CulturalPreservation"]
---

# വിശ്വാസം പുതുജീവൻ തേടുന്നു; 800 വർഷം പഴക്കമുള്ള വെള്ളറങ്കോട് പരദേവത ക്ഷേത്രം പുനരുദ്ധാരണത്തിലേക്ക്

> **Lead Summary:** വടകര: കടത്തനാടിന്റെ മണ്ണിൽ 800-ലധികം വർഷങ്ങളായി വിളങ്ങിനിൽക്കുന്ന പതിയാരക്കര വെള്ളറങ്കോട് പരദേവത ക്ഷേത്രം ഇനി നവീകരണത്തിന്റെ പാതയിലാണ്.

## Article Content

വടകര: കടത്തനാടിന്റെ മണ്ണിൽ 800-ലധികം വർഷങ്ങളായി വിളങ്ങിനിൽക്കുന്ന പതിയാരക്കര വെള്ളറങ്കോട് പരദേവത ക്ഷേത്രം ഇനി നവീകരണത്തിന്റെ പാതയിലാണ്.

കിരാതമൂർത്തിയായ വേട്ടക്കൊരുമകന്റെയും, കുലദൈവമായ പേരില്ലാത്തവന്റെയും പ്രതിഷ്ഠകൊണ്ട് ധന്യമായ ഈ ക്ഷേത്രം ഒരുകാലത്ത് കാമ്പ്രത്ത്, ചെറുവലത്ത്, പള്ളീലടത്തിൽ തറവാട്ട് വകയായിരുന്നു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന്റെ ഭാഗമാണ്.

> കടത്തനാട്ടിലെ വിശേഷപ്പെട്ട "അഴിമുറി ത്തിറ" ഇവിടുത്തെ തിറയാട്ടത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു. ഉദ്ദിഷ്ട കാര്യലബ്ധിക്കായി പരദേവതയ്ക്ക് "ഒറ്റ നിവേദ്യം" നടത്തി പ്രാർത്ഥിക്കുന്നത് ഈ ക്ഷേത്രത്തെ ഭക്തർക്ക് ഏറെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു.

ആണ്ടുതിറ ഉത്സവം മീനമാസത്തിലെ ചോതി, വിശാഖം, അനിഴം നാളുകളിലാണ്. കുടുംബകൂട്ടായ്മയുടെ ഭാഗമായും അനുബന്ധ കലാപരിപാടികൾ ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിലുമാണ് ഉത്സവം നടക്കുന്നത്. ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നും തക്കതായ സഹായങ്ങൾ ലഭിക്കാറുണ്ട്.

നവീകരണത്തിന്റെ ഭാഗമായി ശ്രീകോവിൽ, പാട്ടുപുര ഉൾപ്പെടെ പുതുക്കിപ്പണിയുന്നതോടൊപ്പം ഗുരുകാരണവ സങ്കൽപ്പം, ഭഗവതി ക്ഷേത്രം എന്നിവ പുതുതായി നിർമ്മിക്കും. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നാഗപ്രതിഷ്ഠയും നടത്തും.

ഊട്ടുപുര, ക്ഷേത്ര ഓഫീസ്, തന്ത്രിമഠം ഉൾപ്പെടെ നിർമ്മിക്കാനുള്ള പൂർണ്ണതോതിലുള്ള നവീകരണത്തിന് സ്ഥാനനിർണയം നടത്തിയത് കാണിപ്പയ്യൂരാണ്. ഒന്നരക്കോടി രൂപയാണ് മതിപ്പ് ചെലവ് കണക്കാക്കുന്നത്.

കുനിയിൽ ജയരാജൻ അടിയോടി പ്രസിഡന്റ്, അഭിനന്ദ് ബി, കെ.പി. ദിനേശൻ, വി.ടി. പവിത്രൻ വൈസ് പ്രസിഡന്റുമാർ, സി.പി. മുരളീധരൻ സെക്രട്ടറി, മനോജ് ശ്രീനിലയം, മുരളീധരൻ കല്ലായി, ലൈജു മഠത്തിൽ, ബിന്ദു പടിക്കുതാഴ ജോയിന്റ് സെക്രട്ടറിമാർ, അനൂപ് കുമാർ സി.വി. ട്രഷറർ ഇൻചാർജ് എന്നിവരടങ്ങിയ പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ച് സാമ്പത്തിക സമാഹരണത്തിനായുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അജിത്ത് പറമ്പത്താണ് എക്സിക്യൂട്ടീവ് ഓഫീസർ.

**സഹായം അയക്കാൻ:**

**എസ്.ബി.ഐ.യിലുള്ള വെള്ളറങ്കോട് പരദേവത പുനരുദ്ധാരണ കമ്മിറ്റിയുടെ അക്കൗണ്ട് നമ്പർ: 45387746453**

**ഐ.എഫ്.എസ്.സി: SBIN0071029**

The 800-year-old Vellarangod Paradevatha Temple in Vadakara is set to undergo a major renovation. The restoration plan includes rebuilding the sanctum, auxiliary structures and other temple facilities at an estimated cost of ₹1.5 crore, with a committee already formed to raise funds.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/391087/vellarangod-paradevatha-temple-restoration)