---
title: "ഇല്ലത്തുപാലം പൂർണമായി അടച്ചു; ദുരിതത്തിലായി വൈക്കിലശ്ശേരി നിവാസികൾ, ബദൽ യാത്രാസൗകര്യം ഒരുക്കണമെന്ന് ആവശ്യം"
english_title: "Illathupalam Fully Closed; Residents Demand Alternate Travel Arrangements"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/391214/illathupalam-fully-closed-alternate-route"
published_at: "2026-11-11T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af484f07ddb2_illathupalam-fully-closed-alternate-route.jpg"
keywords: ["KeralaRoads", "PublicWorks", "BridgeClosure", "LocalResidents", "TravelDisruption"]
---

# ഇല്ലത്തുപാലം പൂർണമായി അടച്ചു; ദുരിതത്തിലായി വൈക്കിലശ്ശേരി നിവാസികൾ, ബദൽ യാത്രാസൗകര്യം ഒരുക്കണമെന്ന് ആവശ്യം

> **Lead Summary:** ചോറോട്: വൈക്കിലശ്ശേരിയിലെ ഇല്ലത്തുപാലം പൂർണമായും അടച്ചതോടെ ഓർക്കാട്ടേരി ടൗണിലേക്കുള്ള യാത്ര ദുരിതത്തിലായി പ്രദേശവാസികൾ. വൈക്കിലശ്ശേരി, മലോൽമുക്ക്, കുരുക്കിലാട്, ചോറോട് തുടങ്ങിയ പ്രദേശങ്ങളിലുള്ള വിദ്യാർഥികളും സാധാരണക്കാരുമാണ് പാലം അടച്ചതോടെ ഏറെ ബുദ്ധിമുട്ടുന്നത്. ബദൽ യാത്രാസൗകര്യം ഒരുക്കാതെയാണ് പാലം പൂർണമായി അടച്ചതെന്നാണ് നാട്ടുകാരുടെ പരാതി.

## Article Content

ചോറോട്: വൈക്കിലശ്ശേരിയിലെ ഇല്ലത്തുപാലം പൂർണമായും അടച്ചതോടെ ഓർക്കാട്ടേരി ടൗണിലേക്കുള്ള യാത്ര ദുരിതത്തിലായി പ്രദേശവാസികൾ. വൈക്കിലശ്ശേരി, മലോൽമുക്ക്, കുരുക്കിലാട്, ചോറോട് തുടങ്ങിയ പ്രദേശങ്ങളിലുള്ള വിദ്യാർഥികളും സാധാരണക്കാരുമാണ് പാലം അടച്ചതോടെ ഏറെ ബുദ്ധിമുട്ടുന്നത്. ബദൽ യാത്രാസൗകര്യം ഒരുക്കാതെയാണ് പാലം പൂർണമായി അടച്ചതെന്നാണ് നാട്ടുകാരുടെ പരാതി.

ഓർക്കാട്ടേരി ടൗൺ, ഏറാമല ഹയർസെക്കൻഡറി സ്കൂൾ, ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ധനകാര്യ സ്ഥാപനങ്ങൾ, റേഷൻ കട, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലെത്താൻ ഈ പ്രദേശങ്ങളിലുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത് ഇല്ലത്തുപാലത്തെയാണ്. പാലം അടച്ചതോടെ ഏതാനും നൂറു മീറ്റർ മാത്രം അകലെയുള്ള ടൗണിലെത്താൻ കിലോമീറ്ററുകളോളം ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയാണ്.

ചോറോട്–മലോൽമുക്ക്–ഓർക്കാട്ടേരി റോഡിലെ ചേന്നമംഗലത്തുള്ള കുട്ടൂലി പാലവും (സുകുമാരൻ പാലം), വൈക്കിലശ്ശേരിയിലെ ഇല്ലത്തുപാലവും പതിറ്റാണ്ടുകൾ പഴക്കമുള്ളവയാണ്. നടക്കുതാഴ–ചോറോട് കനാലിന് കുറുകെയാണ് ഇരു പാലങ്ങളും സ്ഥിതിചെയ്യുന്നത്. ഇല്ലത്തുപാലം കരിങ്കൽ ഭിത്തിയും കോൺക്രീറ്റ് തൂണുകളും ഉപയോഗിച്ചും കുട്ടൂലി പാലം ചെങ്കൽ ഭിത്തി ഉപയോഗിച്ചുമാണ് നിർമിച്ചിട്ടുള്ളത്. കാലപ്പഴക്കം ചെന്ന ഇരു പാലങ്ങളും പുതുക്കിപ്പണിയണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുകയാണ്.

മുൻ എം.എൽ.എ. സി.കെ. നാണുവിന്റെ പ്രത്യേക താൽപ്പര്യപ്രകാരം ദേശീയപാത വിഭാഗം ജില്ലയിലെ പ്രധാന റോഡ് ഏറ്റെടുക്കുന്ന പദ്ധതിയുടെ ഭാഗമായി ചോറോട്–ഓർക്കാട്ടേരി–മോന്താൽ റോഡ് എയർപോർട്ട് റോഡായി പരിഗണിച്ച് 20 കോടി രൂപ ചെലവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഫണ്ട് തികയാത്തതിനാൽ അന്ന് രണ്ട് പാലങ്ങളും പുതുക്കിപ്പണിയാൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യത്തെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ഇരു പാലങ്ങളും പരിശോധിക്കുകയും പുനർനിർമാണത്തിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞവർഷം മണ്ണുപരിശോധന നടത്തി തുടർനടപടികൾക്കായി ഡിസൈൻ വിഭാഗത്തിലേക്ക് ശുപാർശയും നൽകിയിരുന്നു.

ആഴ്ചകൾക്കുമുമ്പ് ഇല്ലത്തുപാലത്തിന് സമീപം ശുചീകരണ പ്രവർത്തനം നടത്തിയപ്പോഴാണ് പാലത്തിന്റെ ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെട്ടത്. ഇതിന്റെ ചിത്രങ്ങൾ സഹിതം മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ചെറിയ വാഹനങ്ങൾക്ക് മാത്രം കടന്നുപോകാൻ അനുമതി നൽകുകയും ചെയ്തു.

എന്നാൽ, ടാർ വീപ്പകൾ ഉപയോഗിച്ച് ഏർപ്പെടുത്തിയ തടസ്സങ്ങൾ മാറ്റി വലിയ വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുന്നതിന്റെ ചിത്രങ്ങളും പിന്നീട് വാർത്തയായി. ഇതേത്തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഇടപെടലിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം വീണ്ടും പരിശോധന നടത്തി പാലം പൂർണമായും അടച്ചുപൂട്ടുകയായിരുന്നു.

പാലം അടച്ചതോടെ പ്രദേശവാസികൾ കടുത്ത യാത്രാക്ലേശമാണ് നേരിടുന്നത്. ഓർക്കാട്ടേരി ടൗണിലേക്കുള്ള മറ്റു വഴികൾ കയറ്റിറക്കങ്ങളും വീതികുറഞ്ഞതും കുഴികൾ നിറഞ്ഞതുമായ റോഡുകളിലൂടെയാണ് കടന്നുപോകുന്നത്. ഇത് യാത്ര കൂടുതൽ ദുഷ്കരവും അപകടസാധ്യതയുള്ളതുമാക്കുന്നു. രോഗികളെ ആശുപത്രിയിലെത്തിക്കാനും മരുന്നുകൾ വാങ്ങാനും ഉൾപ്പെടെ കിലോമീറ്ററുകളോളം ചുറ്റിസഞ്ചരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

രണ്ട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാലം അടച്ചുപൂട്ടുമ്പോൾ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരുടെയോ രാഷ്ട്രീയ നേതൃത്വത്തിന്റെയോ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും ബദൽ യാത്രാസൗകര്യം ഒരുക്കാൻ നടപടിയെടുത്തില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. പുനർനിർമാണത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പാലം പൂർണമായി അടച്ചതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.

ഇല്ലത്തുപാലം എത്രയും വേഗം ചെറിയ വാഹനങ്ങൾക്ക് തുറന്നുകൊടുക്കുകയോ അതിന് സാധിക്കാത്തപക്ഷം സുരക്ഷിതമായ ബദൽ യാത്രാസൗകര്യം ഏർപ്പെടുത്തുകയോ ചെയ്യണമെന്ന് വൈക്കിലശ്ശേരി സോഷ്യലിസ്റ്റ് കൂട്ടായ്മ ആവശ്യപ്പെട്ടു.

കൂട്ടായ്മയുടെ യോഗം രാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മിറ്റി അംഗം പി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഇ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ, ചോറോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.കെ. അജിത്കുമാർ, പി.സി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

Illathupalam in Vaikkilassery has been fully closed, leaving residents struggling to reach Orkkatery town and nearby essential services. Locals say no alternative travel facility was arranged, and they are demanding either a partial reopening for small vehicles or a safe diversion route.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/391214/illathupalam-fully-closed-alternate-route)