---
title: "ഇല്ലത്ത് പാലം അടച്ചിട്ട് ജനം ദുരിതത്തിൽ; അടിയന്തര അറ്റകുറ്റപ്പണി വേണമെന്ന് എൽ.ഡി.എഫ്"
english_title: "Ilatth Bridge Closure Triggers Demand for Urgent Repairs"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/392158/ilatth-bridge-closure-urgent-repairs-new-"
published_at: "2026-11-18T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd80325004a_illath-bridge-urgent-repairs-demand-new-update.jpg"
keywords: ["BridgeClosure", "LDF", "KeralaNews", "RoadRepair", "Vadakara"]
---

# ഇല്ലത്ത് പാലം അടച്ചിട്ട് ജനം ദുരിതത്തിൽ; അടിയന്തര അറ്റകുറ്റപ്പണി വേണമെന്ന് എൽ.ഡി.എഫ്

> **Lead Summary:** **വടകര: ** ചോറോട് ഇല്ലത്ത് പാലം പൂർണമായും അടച്ചതോടെ പ്രദേശവാസികൾ വലിയ ദുരിതത്തിലായെന്ന് എൽ.ഡി.എഫ്. ചോറോട് പഞ്ചായത്ത് കമ്മിറ്റി. പാലം അടിയന്തര അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നും പുനർനിർമാണം ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

## Article Content

**വടകര: ** ചോറോട് ഇല്ലത്ത് പാലം പൂർണമായും അടച്ചതോടെ പ്രദേശവാസികൾ വലിയ ദുരിതത്തിലായെന്ന് എൽ.ഡി.എഫ്. ചോറോട് പഞ്ചായത്ത് കമ്മിറ്റി. പാലം അടിയന്തര അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നും പുനർനിർമാണം ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

പാലം അടച്ചതോടെ വൈക്കിലശ്ശേരി, മലോൽമുക്ക്, കുരിക്കിലാട്, ചോറോട് ഈസ്റ്റ് പ്രദേശവാസികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ദൈനംദിന ആവശ്യങ്ങൾക്ക് ബന്ധപ്പെടുന്ന ഓർക്കാട്ടേരി ടൗണിലെത്താൻ ഇപ്പോൾ 2 കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ഗവ. ആശുപത്രി, ധനകാര്യ സ്ഥാപനങ്ങൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും, മടപ്പള്ളി ഗവ. കോളേജ്, ഏറാമല ഗവ. ഹൈസ്കൂൾ, പി.കെ. മെമ്മോറിയൽ സ്കൂൾ, വടകരയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും വിദ്യാർഥികൾ ആശ്രയിക്കുന്ന പ്രധാന റോഡിലെ പാലമാണ് ഇല്ലത്ത് പാലം.

മറുവശത്ത്, ചോറോട് ഗവ. ഹൈസ്കൂൾ, ഗോകുലം പബ്ലിക് സ്കൂൾ, കോ-ഓപ്പറേറ്റീവ് കോളേജ്, ഗോകുലം ബി.എഡ്. സെന്റർ എന്നിവിടങ്ങളിലേക്കും ഇതുവഴിയാണ് എത്തുന്നത്. വൈക്കിലശ്ശേരി - ഓർക്കാട്ടേരി റൂട്ടിൽ സർവീസ് നടത്തുന്ന 35-ലേറെ ഓട്ടോറിക്ഷ തൊഴിലാളികളും ദുരിതത്തിലാണ്. പാലത്തിന്റെ കരിങ്കൽ ഭിത്തിയിൽ വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പാലം അപകടത്തിലാണെന്ന ആശങ്ക ജനങ്ങൾക്കിടയിൽ വളർന്നത്.

നടക്കുതാഴ - ചോറോട് എൻ.സി. കനാലിന് കുറുകെയുള്ള പ്രധാനപ്പെട്ട രണ്ട് പാലങ്ങളാണ് വൈക്കിലശ്ശേരിയിലെ ഇല്ലത്ത് താഴെപ്പാലവും ചേന്നമംഗലത്തെ കുട്ടുളിപ്പാലവും. ഇരു പാലങ്ങൾക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ രണ്ട് പാലങ്ങളും പുതുക്കിപ്പണിയണമെന്ന ജനകീയ ആവശ്യം ഉയർന്നുവരികയും, അതിന്റെ അടിസ്ഥാനത്തിൽ പി.ഡബ്ല്യു.ഡി. അധികൃതർ പ്രാരംഭ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു.

എന്നാൽ നിർമാണത്തിന് ആവശ്യമായ ഫണ്ട് അന്നത്തെ സംസ്ഥാന സർക്കാർ അനുവദിക്കാത്തതിനാൽ പ്രവൃത്തി അടുത്ത ഘട്ടത്തിലേക്ക് മാറ്റുകയായിരുന്നു. രണ്ട് വർഷം മുമ്പ് എൽ.ഡി.എഫ്. സർക്കാർ ഇരു പാലങ്ങളുടെയും സമീപം മണ്ണുപരിശോധന നടത്തുകയും തുടർനടപടികൾക്കായി പാലം ഡിസൈനിങ് വിഭാഗത്തിന് അയക്കുകയും ചെയ്തിരുന്നു.

വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പാലത്തിലൂടെ കടന്നുപോകാനുള്ള അടിയന്തര അറ്റകുറ്റപ്പണികൾ ഉടൻ നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് യോഗം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എൻ.കെ. അജിത് കുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ എ.പി. വിജയൻ, നേതാക്കളായ പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ, ടി.എം. രാജൻ, മധു കുറുപ്പത്ത്, എൻ. നിധിൻ, കെ.കെ. പവിത്രൻ, എൻ.കെ. മോഹനൻ, കെ.എം. നാരായണൻ, പി. സുരേഷ്, പി.കെ. സതീശൻ, രഘുലാൽ എന്നിവർ സംസാരിച്ചു.

LDF’s Chorode Panchayat Committee says the closure of the Ilatth bridge has caused major hardship for residents in the area. The committee has demanded immediate repairs and reopening of the bridge, and plans to launch strong protests in the coming days.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/392158/ilatth-bridge-closure-urgent-repairs-new-)