---
title: "വടകര മണിയൂരിൽ വീണ്ടും രോഗബാധ, സ്കൂൾ വിദ്യാർഥികൾക്ക് പിന്നാലെ നാലുവയസ്സുകാരനും ഷിഗെല്ല സ്ഥിരീകരിച്ചു; ഉറവിടം തേടി ആരോഗ്യവകുപ്പ്"
english_title: "Shigella Returns to Vadakara Muneer: 4-Year-Old Infected as Health Probe Continues"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/392180/vadakara-shigella-four-year-old-health-probe"
published_at: "2026-11-18T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdba36b6b6f_vadakara-shigella-four-year-old-health-probe.jpg"
keywords: ["Shigella", "Vadakara", "HealthDepartment", "KeralaHealth", "FoodSafety"]
---

# വടകര മണിയൂരിൽ വീണ്ടും രോഗബാധ, സ്കൂൾ വിദ്യാർഥികൾക്ക് പിന്നാലെ നാലുവയസ്സുകാരനും ഷിഗെല്ല സ്ഥിരീകരിച്ചു; ഉറവിടം തേടി ആരോഗ്യവകുപ്പ്

> **Lead Summary:** വടകര : ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടകര മണിയൂർ സ്വദേശിയായ നാല് വയസ്സുകാരനാണ് രോഗം ബാധിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശക്തമായ വയറിളക്കത്തെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

## Article Content

വടകര : ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടകര മണിയൂർ സ്വദേശിയായ നാല് വയസ്സുകാരനാണ് രോഗം ബാധിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശക്തമായ വയറിളക്കത്തെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ചെയ്ത കുട്ടി നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ മറ്റു ചില കുട്ടികൾക്കും സ്കൂൾ വിദ്യാർഥികൾക്കും ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്തിവരികയാണ്. രോഗം കൂടുതൽ പേരിലേക്ക് പടരാതിരിക്കാനുള്ള പ്രതിരോധ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിക്കുന്നുണ്ട്.

**രോഗം എങ്ങനെ പടരുന്നു?**

ഭക്ഷ്യവിഷബാധയിലൂടെ പകരുന്ന ബാക്ടീരിയൽ ഇൻഫെക്ഷനാണ് ഷിഗെല്ല. ഇത് തലച്ചോറിനെ ബാധിക്കുന്നതാണ് ഷിഗെല്ല എൻസെഫലോപതി. രക്തത്തിൽ ബിപി പെട്ടെന്ന് കുറയുന്നതിനെ ഷിഗെല്ല ഷോക്ക് എന്നു പറയും. ഇത് രണ്ടുമാണ് അപകടമാകുന്നത്.

പഴകിയതും ചൂടാക്കിയതുമായ ഭക്ഷണങ്ങൾ, വൃത്തിയില്ലാത്ത വെള്ളം, പെട്ടെന്ന് കേടാകുന്ന മയണൈസ്, ബേക്കറി പലഹാരങ്ങൾ, സാലഡുകൾ എന്നിവയിലൂടെയാണ് ഷിഗെല്ല ബാക്ടീരിയ ശരീരത്തിനുള്ളിലെത്തുന്നത്. കുടലിനെയാണിത് പ്രധാനമായും ബാധിക്കുന്നത്. ഏത് പ്രായക്കാരെയും ബാധിക്കാമെങ്കിലും കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നത്.

**ഷിഗെല്ല ലക്ഷണങ്ങൾ**

ഉയർന്ന പനി, വയറുവേദന, വയറിളക്കം, രക്തക്കറയുള്ള മലം എന്നിവയാണ് പ്രധാനപ്പെട്ടത്. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാലാണ് രക്തക്കലർപ്പ് ഉണ്ടാകുന്നത്. അസുഖം മൂർച്ഛിച്ചാൽ തലച്ചോറിനെ ബാധിക്കുകയും രക്തസമ്മർദം താഴുകയും ചെയ്യും. തലച്ചോറിനെ ബാധിച്ചാൽ അപസ്മാരവും ബോധക്ഷയവും വരാം. രോഗം ഗുരുതരമായ സാഹചര്യത്തിൽ കൃത്യമായ ചികിത്സ ലഭിക്കാതെയാവുമ്പോഴാണ് മരണം സംഭവിക്കുന്നത്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.

**ഷിഗെല്ല പ്രതിരോധ മാർഗ്ഗങ്ങൾ**

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വൃത്തിയുള്ള ഭക്ഷണം മാത്രം കഴിക്കുക, വെൽക്കം ഡ്രിങ്കിന്റെ ഉപയോഗം ഒഴിവാക്കുക. പകരം ചായ, കാപ്പി, ചൂടുള്ള മറ്റ് പാനീയങ്ങൾ എന്നിവ നൽകാം. പാകം ചെയ്ത ഭക്ഷണം ഉടനെ കഴിക്കുക. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ചശല്യം ഒഴിവാക്കുകയും ഭക്ഷണപദാർത്ഥങ്ങൾ ശരിയായി മൂടി വയ്ക്കുകയും ചെയ്യുക. ഭക്ഷണം ഫ്രിഡ്ജിൽ വെച്ചും പുറത്തെടുത്തും പലതവണ ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുക.

പഴങ്ങളും പച്ചക്കറികളും കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. ആഹാരത്തിന് മുൻപും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. കുട്ടികളുടെ മലം ശുചിമുറിയിൽ മാത്രം കളയുക. ശുചിമുറി മാലിന്യങ്ങൾ കുടിവെള്ള സ്രോതസ്സുമായി കലരാതെ ശ്രദ്ധിക്കണം. കിണറുകളിലെ വെള്ളം പരിശോധിച്ച് അണുവിമുക്തമാക്കണം.

ചികിത്സ പ്രധാനം

വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിർജലീകരണം സംഭവിച്ച് മരണകാരണമായേക്കാം. വയറിളക്ക രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ പാനീയ ചികിത്സ തുടങ്ങണം. ഇതിനായി ഒആർഎസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ ഇടയ്ക്കിടെ നൽകുകയും യഥാസമയം ചികിത്സ തേടുകയും വേണം.

A four-year-old child from Muneer in Vadakara has tested positive for shigella, prompting renewed health department inspections in the area. Officials are investigating the source of the infection after several schoolchildren in the locality were also diagnosed recently.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/392180/vadakara-shigella-four-year-old-health-probe)