---
title: "അടിപ്പാത അനുവദിച്ചിട്ടും നിർമ്മാണം തുടങ്ങിയില്ല; കുഞ്ഞിപ്പള്ളിയിലെ അപകട മരണം അധികാരികളുടെ അനാസ്ഥയുടെ ഫലമെന്ന് എസ്.ഡി.പി.ഐ"
english_title: "Underpass Delay Blamed for  Death in Kunjipalli, Says SDPI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/392184/underpass-delay-kunjipalli-youth-death"
published_at: "2026-11-18T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdbe5a755c7_underpass-delay-kunjipalli-youth-death.jpg"
keywords: ["SDPI", "Kunjipalli", "UnderpassDelay", "NationalHighway"]
---

# അടിപ്പാത അനുവദിച്ചിട്ടും നിർമ്മാണം തുടങ്ങിയില്ല; കുഞ്ഞിപ്പള്ളിയിലെ അപകട മരണം അധികാരികളുടെ അനാസ്ഥയുടെ ഫലമെന്ന് എസ്.ഡി.പി.ഐ

> **Lead Summary:** അഴിയൂർ: കഴിഞ്ഞ ദിവസം കുഞ്ഞിപ്പള്ളി ടൗണിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽ കാൽ നട യാത്രക്കാരൻ മരണപ്പെട്ടത്, ടൗണിൽ അടിപ്പാത ഒരുക്കാത്തതിന്റെ ദുരന്തഫലമാണെന്ന് എസ്.ഡി.പി.ഐ അഴിയൂർ പഞ്ചായത്ത് സെക്രട്ടറി മനാഫ് കുഞ്ഞിപ്പള്ളി കുറ്റപ്പെടുത്തി.

## Article Content

അഴിയൂർ: കഴിഞ്ഞ ദിവസം കുഞ്ഞിപ്പള്ളി ടൗണിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽ കാൽ നട യാത്രക്കാരൻ മരണപ്പെട്ടത്, ടൗണിൽ അടിപ്പാത ഒരുക്കാത്തതിന്റെ ദുരന്തഫലമാണെന്ന് എസ്.ഡി.പി.ഐ അഴിയൂർ പഞ്ചായത്ത് സെക്രട്ടറി മനാഫ് കുഞ്ഞിപ്പള്ളി കുറ്റപ്പെടുത്തി.

ചരിത്രപ്രസിദ്ധമായ കുഞ്ഞിപ്പള്ളിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷൻ, ഹെൽത്ത് സെന്റർ, കൃഷിഭവൻ, നിരവധി വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ ജനങ്ങൾ ആശ്രയിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങളുണ്ട്. എന്നിട്ടും നാഷണൽ ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി ജനങ്ങളുടെ സഞ്ചാരത്തിന് അടിപ്പാത അനുവദിച്ചു കിട്ടാൻ എസ്.ഡി.പി.ഐ അടക്കമുള്ളവർക്ക് നിരവധി സമരങ്ങൾ നടത്തേണ്ടി വന്നത് അധികാരികളുടെ ജനപക്ഷ നിലപാടില്ലായ്മയുടെ ഉദാഹരണമാണ്.

അടിപ്പാത അനുവദിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പ്രാരംഭ നടപടികൾ പോലും ആരംഭിച്ചിട്ടില്ല. പുതിയ നാഷണൽ ഹൈവേ ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് മുമ്പ് കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത യാഥാർത്ഥ്യമാക്കിയിരുന്നുവെങ്കിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാമായിരുന്നു.

ഒരു വികസനം വരുമ്പോൾ എല്ലാ മനുഷ്യരെയും പരിഗണിക്കേണ്ടതുണ്ട്. ചീറിപ്പാഞ്ഞ് വേഗതയിൽ പോകുന്ന വാഹനങ്ങളുടെ സൗകര്യം മാത്രം പരിഗണിച്ച് റോഡ് നിർമ്മിക്കുമ്പോൾ, നാട്ടിൻപുറങ്ങളിലെ സാധാരണ മനുഷ്യർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യം ഉറപ്പുവരുത്തേണ്ടത് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ഉത്തരവാദിത്തമാണ്.

ഇനിയൊരു ജീവൻ പൊലിയാതിരിക്കാൻ, കുഞ്ഞിപ്പള്ളി ടൗണിൽ അനുവദിച്ച അടിപ്പാത ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

SDPI alleges that the death of a  man in Kunjipalli while crossing the road was a tragic result of the failure to build an underpass. The party urged authorities to immediately complete the sanctioned underpass before more lives are lost.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/392184/underpass-delay-kunjipalli-youth-death)