---
title: "ഇല്ലത്ത് താഴെപ്പാലം പുനർനിർമിക്കണം, അരികിലുള്ള ടൗണിലെത്താൻ കിലോമീറ്ററുകൾ ചുറ്റണം; യാത്രാദുരിതത്തിനെതിരെ മനുഷ്യച്ചങ്ങല തീർത്ത് നൂറുകണക്കിനാളുകൾ"
english_title: "Protest Human Chain Demands Reconstruction of Illathu Underpass"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/393202/illathu-underpass-reconstruction-protest"
published_at: "2026-11-25T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b070c174b4f2_illathu-underpass-reconstruction-protest.jpg"
keywords: ["KeralaRoads", "BridgeClosure", "HumanChain", "RJD", "Orkkatery"]
---

# ഇല്ലത്ത് താഴെപ്പാലം പുനർനിർമിക്കണം, അരികിലുള്ള ടൗണിലെത്താൻ കിലോമീറ്ററുകൾ ചുറ്റണം; യാത്രാദുരിതത്തിനെതിരെ മനുഷ്യച്ചങ്ങല തീർത്ത് നൂറുകണക്കിനാളുകൾ

> **Lead Summary:** ഓർക്കാട്ടേരി : ചോറോട് - മലോൽമുക്ക് - ഓർക്കാട്ടേരി റോഡിലെ ഇല്ലത്ത് താഴെപ്പാലം അപകടാവസ്ഥയിൽ എന്ന കാരണത്താൽ പൂർണ്ണമായും അടച്ചുപൂട്ടിയത് വലിയ ഒരു പ്രദേശത്തെ ജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

## Article Content

ഓർക്കാട്ടേരി : ചോറോട് - മലോൽമുക്ക് - ഓർക്കാട്ടേരി റോഡിലെ ഇല്ലത്ത് താഴെപ്പാലം അപകടാവസ്ഥയിൽ എന്ന കാരണത്താൽ പൂർണ്ണമായും അടച്ചുപൂട്ടിയത് വലിയ ഒരു പ്രദേശത്തെ ജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

ചേന്നമംഗലം, മാങ്ങോട്ടു പാറ, കുരിക്കിലാട്, മലോൽമുക്ക് എന്നീ പ്രദേശങ്ങളിലെ ജനങ്ങൾ ഓർക്കാട്ടേരിയെയാണ് ഏറെ ആശ്രയിക്കുന്നത്. ഏറെ സമയം ഗതാഗത തടസ്സമുണ്ടാകുന്നതുകൊണ്ടുതന്നെ നാദാപുരം-വടകര വഴിയുള്ള ആളുകൾ ബൈപ്പാസ് ആയി ഈ റോഡിനെ ആശ്രയിക്കുകയാണ്.

വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച പാലം അപകടാവസ്ഥയിലാണെങ്കിലും പിഡബ്ല്യുഡി പാലം വിഭാഗം അധികൃതർ വന്ന് പരിശോധന നടത്തുകയും ഭാരം കയറ്റിയതും വലിയ വാഹനങ്ങളും പോകുന്നത് തടയുകയും ചെറിയ വാഹനങ്ങൾക്ക് പോകാൻ അനുമതി നൽകുകയും ചെയ്തിരുന്നു.

വാഹനങ്ങൾ പോയത് കാരണം ഫോട്ടോ എടുത്ത് പത്രവാർത്തയും കാണിച്ച് വകുപ്പുതല ഉന്നത മേധാവികളെ ബന്ധപ്പെട്ടുകൊണ്ട് പാലം കാൽനടയാത്ര പോലും കഴിയാത്ത രീതിയിൽ അടച്ചുപൂട്ടുകയായിരുന്നു.

നിരവധി സ്കൂളുകൾ, ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ഓർക്കാട്ടേരി കെ. കുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, ഓർക്കാട്ടേരി ശിവ ഭഗവതി ക്ഷേത്രം, ഓർക്കാട്ടേരി പള്ളി, ധനകാര്യ സ്ഥാപനങ്ങൾ, റേഷൻ ഷോപ്പ്, ബാങ്കുകൾ, മത്സ്യ മാർക്കറ്റ് എന്നിവിടങ്ങളിലേക്ക് ഒരുപാട് ആളുകൾ ഈ പ്രദേശത്തു നിന്നും പോകുന്ന വഴിയാണിത്.

ജീവനക്കാരും തൊഴിലാളികളും വിദ്യാർത്ഥികളും ഏറെ ദുരിതത്തിലാണ്. വെറും 300 മീറ്റർ കൊണ്ട് ടൗണിൽ എത്താവുന്ന സാഹചര്യത്തിൽ നിന്നും രണ്ട് കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ടി വരികയാണ്. ഓർക്കാട്ടേരി ടൗണിൽ എത്തിച്ചേരാൻ അസുഖം വന്നാൽ പോലും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത രീതിയിൽ പാലം അടച്ചുപൂട്ടിയിരിക്കുകയാണ്.

വൈക്കിലശ്ശേരിയിൽ നിന്നും ഓർക്കാട്ടേരി ടൗണിലേക്ക് സർവ്വീസ് നടത്തുന്ന നാൽപ്പതിലധികം ഓട്ടോറിക്ഷ ഡ്രൈവർമാരും ഏറെ ദുരിതത്തിലാണ്. എത്രയും വേഗം തന്നെ ബദൽ യാത്രാസൗകര്യം ഒരുക്കുകയും പാലം പുതുക്കിപ്പണിയുകയും ചെയ്യണമെന്ന് രാഷ്ട്രീയ ജനതാദൾ വൈക്കിലശ്ശേരി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

നവംബർ 25-ന് വൈകുന്നേരം 5 മണിക്ക് പാലത്തിൽ ഏറാമല പഞ്ചായത്തിന്റെ ഭാഗത്തും ചോറോട് ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുമായി നൂറുകണക്കിനാളുകൾ മനുഷ്യച്ചങ്ങല തീർത്തു. പ്രതിഷേധിച്ച് ഇ. ശ്രീധരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിഷേധ പൊതുയോഗം രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം ഇ.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മേഖല കമ്മിറ്റി ചെയർമാൻ എം.എം. നാരായണൻ അധ്യക്ഷത വഹിച്ചു. ആർജെഡി മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ, രാഷ്ട്രീയ ജനതാദൾ ഏറാമല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.കെ. അജിത് കുമാർ എന്നിവർ സംസാരിച്ചു.

ആർജെഡി വൈക്കിലശ്ശേരി മേഖല കമ്മിറ്റി കൺവീനർ വി.പി. മനോജൻ സ്വാഗതവും വാർഡ് പ്രസിഡന്റ് പി.സി. ശശീന്ദ്രൻ നന്ദിയും പറഞ്ഞു. മനുഷ്യച്ചങ്ങലക്ക് സി. വാസു, വി.പി. പവിത്രൻ, കെ.എം. പവിത്രൻ, രേവതി പെരുവാണ്ടിയിൽ, രാമചന്ദ്രൻ കൊല്ലോടി, ഡി. നിജേഷ് എന്നിവർ നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.

Hundreds of people formed a human chain on November 25 protesting the closure of the Illathu underpass on the Chorode-Malolmukku-Orkkatery road. Residents, students, workers and auto-rickshaw drivers say the shutdown has caused severe travel hardship and demanded immediate alternative arrangements and reconstruction of the bridge.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/393202/illathu-underpass-reconstruction-protest)