---
title: "മാഹി ബൈപ്പാസ് നിർമാണം; ജനങ്ങളുടെ ആശങ്കകൾക്ക് അടിയന്തിര പരിഹാരം കാണണം -കെ.കെ.രമ എം.എൽ.എ"
english_title: "Mahe Bypass Construction; People's concerns need to be addressed immediately - KK Rama MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39502/mahe-bypass-construction-peoples-concerns-need-to-be-addressed-immediately-kk-rama-mla"
published_at: "2022-04-26T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62681132d778f_k k rama.jpg"
keywords: []
---

# മാഹി ബൈപ്പാസ് നിർമാണം; ജനങ്ങളുടെ ആശങ്കകൾക്ക് അടിയന്തിര പരിഹാരം കാണണം -കെ.കെ.രമ എം.എൽ.എ

> **Lead Summary:** **വടകര : **മാഹി ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായി ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ അധികൃതർ തയാറാവണമെന്ന് കെ.കെ.രമ എം.എൽ.എ ആവശ്യപ്പെട്ടു.

## Article Content

**വടകര : **മാഹി ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായി ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ അധികൃതർ തയാറാവണമെന്ന് കെ.കെ.രമ എം.എൽ.എ ആവശ്യപ്പെട്ടു.

പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും അഭ്യർത്ഥനയെ തുടർന്ന് സ്ഥലം സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

ബൈപാസ് നിർമാണത്തിന്റെ ഭാഗമായി മാഹി റെയിൽവേ സ്റ്റേഷൻ പി.ഡബ്ല്യൂ.ഡി റോഡിന്റെ പകുതി ഭാഗം അക്വയർ ചെയ്തു പുതിയ സർവീസ് റോഡ് നിർമിച്ചതിനാൽ ഗതാഗത തടസം ഉണ്ടായിരിക്കുകയാണ്. നേരത്തെ 8 മീറ്റർ വീതി ഉണ്ടായിരുന്ന റോഡ് ഇപ്പോഴത്തെ പുനക്രമീകരണത്തിന്റെ ഭാഗമായി 4 മീറ്റർ പോലുമില്ല.

നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിന്റെ വീതി കുറഞ്ഞതിനാൽ പ്രദേശ വാസികളും യാത്രക്കാരും വലിയ യാത്രാദുരിതം അനുഭവിക്കുന്നുണ്ട്. മാഹി ടൗണിൽ സ്ഥിരമായി ഗാതാഗത തടസം ഉണ്ടാവുന്നതിനാൽ ബസുകൾ ഉൾപെടെ വഴി തിരിച്ചു വിട്ടിരുന്നത് ഈ റോഡ് വഴിയായിരുന്നു.

ഇപ്പോൾ ഇതിനുപോലും സാധ്യമാകാത്ത സ്ഥിതിയാണ്. അതിനാൽ നേരത്തെ തീരുമാനിച്ച പ്രകാരം ആവശ്യത്തിന് സ്ഥലം അക്വയർ ചെയ്ത് റോഡ് പഴയപോലെ ഗതാഗതയോഗ്യമാക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.

ദേശീയപാത അതോറിറ്റി അധികൃതർ, പ്രവർത്തി നടത്തുന്ന കമ്പനിയുടെ പ്രതിനിധികൾ പി.ഡബ്ല്യൂ.ഡി, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ എം.എൽ.എയോടൊപ്പം സ്ഥലം സന്ദർശിക്കുകയും കാര്യത്തിന്റെ ഗൗരവം മനസിലാക്കുകയും ചെയ്തിട്ടുണ്ട്.

ജനങ്ങൾക്ക് പ്രയാസമില്ലാത്ത വിധം പ്രശ്‌നപരിഹാരത്തിനുള്ള സത്വര നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായി എം.എൽ.എ പറഞ്ഞു. കൂടാതെ അശാസ്ത്രീയമായ ഡ്രൈനേജ് നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ കിഴക്കു വശത്തുള്ള നിരവധി വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയുമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ചെറിയ മഴയിൽ പോലും പല വീടുകളും വെള്ളത്തിലായി.ഈ വീടുകളും പ്രദേശങ്ങളും എം.എൽ.എ സന്ദർശിച്ചു. ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടു ഡ്രൈനേജ് നിർമാണത്തിനും ശേഷിക്കുന്ന സർവീസ് റോഡ് നിർമാണത്തിനും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുമെന്നും എം.എൽ.എ പറഞ്ഞു.

അഴിയൂർ പഞ്ചായത്ത് പ്രസ്ഥിരം സമിതി അധ്യക്ഷ അനീഷ ആനന്ദസദനം, വാർഡ് മെമ്പർ ഫിറോസ് കാളണ്ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും എന്നിവർ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39502/mahe-bypass-construction-peoples-concerns-need-to-be-addressed-immediately-kk-rama-mla)