---
title: "ഇനി അറ്റകുറ്റപ്പണി ഉണ്ടാകില്ല; വടകരയിലെ സിഗ്നൽസംവിധാനത്തിന് മരണമണി "
english_title: "There will be no more repairs; Death knell for the signal system in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39648/there-will-be-no-more-repairs-death-knell-for-the-signal-system-in-vadakara"
published_at: "2022-04-27T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62694676c2f45_traffic.jpg"
keywords: []
---

# ഇനി അറ്റകുറ്റപ്പണി ഉണ്ടാകില്ല; വടകരയിലെ സിഗ്നൽസംവിധാനത്തിന് മരണമണി 

> **Lead Summary:** **വടകര : **പത്തുവർഷംമുമ്പ്‌ സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനം പണിമുടക്കുന്നത് പതിവായി. ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ആക്കംകൂട്ടി വടകരയിലെ സിഗ്നൽസംവിധാനത്തിന് മരണമണി.

## Article Content

**വടകര : **പത്തുവർഷംമുമ്പ്‌ സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനം പണിമുടക്കുന്നത് പതിവായി. ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ആക്കംകൂട്ടി വടകരയിലെ സിഗ്നൽസംവിധാനത്തിന് മരണമണി.

വയറിങ് പൂർണമായും മാറ്റിയാൽമാത്രമേ പ്രവർത്തനം സുഗമമാകൂ എന്ന് കെൽട്രോൺ അറിയിച്ചിട്ടുണ്ട്. എന്നാൽ, ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി തുടങ്ങിയ സാഹചര്യത്തിൽ സിഗ്നൽസംവിധാനം ഉൾപ്പെടെ പൊളിച്ചുമാറ്റേണ്ടിവരുമെന്നതിനാൽ ഇനിയൊരു അറ്റകുറ്റപ്പണി ഉണ്ടാകില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന.

ദേശീയപാത നവീകരണത്തിനൊപ്പം സിഗ്നൽസംവിധാനംകൂടി ഇല്ലാതാകുന്നതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. പെരുവാട്ടുംതാഴ ജങ്ഷനിലെ സിഗ്നൽ സിഗ്നൽസംവിധാനത്തിന്റെ ഒരുഭാഗം പൊളിച്ചുനീക്കിക്കഴിഞ്ഞു.

ഇവിടെ മേൽപ്പാലത്തിന്റെ പ്രവൃത്തിക്കുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ട്. ഉടൻതന്നെ പ്രവൃത്തി തുടങ്ങും.ജങ്ഷന്റെ ഒരുഭാഗവും പൊളിച്ചുതുടങ്ങി. റോഡിന്റെ പടിഞ്ഞാറുഭാഗത്തുകൂടി മാത്രമായി വാഹനങ്ങൾ വിടാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.

ഇതോടെ ട്രാഫിക് സംവിധാനം പൂർണഇവിടെ ഇല്ലാതാകും. അടയ്ക്കാത്തെരു ജങ്ഷനിലെ ട്രാഫിക് സിഗ്നൽ പ്രവർത്തനം കുറേദിവസമായി താളംതെറ്റിയിരിക്കുകയാണ്. പച്ചലൈറ്റ് തീരെ തെളിയുന്നില്ല. ഒരു ചുവപ്പ്ലൈറ്റ് മാത്രമാണ് തെളിയുക.

ചുവപ്പ് ലൈറ്റ് അണഞ്ഞാൽ പച്ചയായി എന്ന ധാരണയിൽ വാഹനങ്ങൾ മുന്നോട്ടെടുക്കുകയാണ് ചെയ്യുന്നത്. ഇത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. മാത്രമല്ല ഗതാഗതക്കുരുക്കിനും വഴിയൊരുക്കുന്നു. തിരക്കുള്ള സമയത്ത് പോലീസിനെ ഇവിടെ ഡ്യൂട്ടിക്കിടണമെന്ന ആവശ്യം ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39648/there-will-be-no-more-repairs-death-knell-for-the-signal-system-in-vadakara)