---
title: "ചോമ്പാല ഹാര്‍ബര്‍ റോഡ് നിര്‍മ്മാണം  ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധം"
english_title: "Construction of Chompala Harbor Road Protest in creeping"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40009/construction-of-chompala-harbor-road-protest-in-creeping"
published_at: "2022-04-29T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626bfef15c614_citu proteset.jpg"
keywords: []
---

# ചോമ്പാല ഹാര്‍ബര്‍ റോഡ് നിര്‍മ്മാണം  ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധം

> **Lead Summary:** വടകര : ചോമ്പാല ഹാര്‍ബറിലേക്കുള്ള പ്രധാന റോഡിന്റെ ചെറിയദൂരം പുനര്‍നിര്‍മാണം തുടങ്ങി ഒന്‍പതുമാസമായിട്ടും പണി ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്തി. സി ഐ ടി യു മത്സ്യത്തൊഴിലാളി യൂണിയന്‍, ഓട്ടോത്തൊഴിലാളി യൂണിയന്‍, സി.പി.എം. ലോക്കല്‍ കമ്മിറ്റി എന്നിവര്‍ സംയുക്തമായാണ് സമരത്തിന് നേതൃത്വം നല്‍കിയത് .

## Article Content

വടകര : ചോമ്പാല ഹാര്‍ബറിലേക്കുള്ള പ്രധാന റോഡിന്റെ ചെറിയദൂരം പുനര്‍നിര്‍മാണം തുടങ്ങി ഒന്‍പതുമാസമായിട്ടും പണി ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്തി. സി ഐ ടി യു മത്സ്യത്തൊഴിലാളി യൂണിയന്‍, ഓട്ടോത്തൊഴിലാളി യൂണിയന്‍, സി.പി.എം. ലോക്കല്‍ കമ്മിറ്റി എന്നിവര്‍ സംയുക്തമായാണ് സമരത്തിന് നേതൃത്വം നല്‍കിയത് .

റോഡ് അടച്ചിട്ട് പണിനടക്കുന്നത് കാരണം പഴയ ഇടുങ്ങിയ റോഡിലൂടെയുള്ള യാത്ര വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. 80 ലക്ഷംരൂപ ചെലവില്‍ കോസ്റ്റല്‍ ഏരിയ ഡിപ്പാര്‍ട്ട്‌മെന്റ് ഫണ്ട് ഉപയോഗിച്ച് കാസര്‍കോടുള്ള കരാറുകാരനാണ് പണി ഏറ്റെടുത്ത് നടത്തുന്നത്. സമരം സി.പി.എം. ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം പി. ശ്രീധരന്‍ ഉദ്ഘാടനംചെയ്തു. എം.പി. ബാബു, രവീന്ദ്രന്‍ മഠത്തില്‍, പി.പി. അജിത, വി.പി. സുനീഷ് എന്നിവര്‍ സംസാരിച്ചു.

വികസനങ്ങള്‍ മുരടിച്ച ചോമ്പാല ഹാര്‍ബറിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ചോമ്പാല സോഷ്യലിസ്റ്റ് പഠനകേന്ദ്രം ഭാരവാഹികള്‍ ഹാര്‍ബര്‍ എന്‍ജിനിയറെ കണ്ട് അഭ്യര്‍ഥിച്ചു. ഹാര്‍ബര്‍ റോഡുപണി പൂര്‍ത്തീകരിക്കുക, ലൈറ്റും നിരീക്ഷണക്യാമറയും സ്ഥാപിച്ച് ഹാര്‍ബറിന്റെ സുരക്ഷ ഉറപ്പുവരുത്തുക, ഓവുചാലുകള്‍ അറ്റകുറ്റപ്പണി നടത്തുക, കുഴല്‍ക്കിണര്‍ സ്ഥാപിച്ച് ശുചീകരണത്തിന് വെള്ളം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സംഘം ഉന്നയിച്ചു.

എം.വി. ജയപ്രകാശ്, ടി.ടി. നാണു, കെ.കെ. പ്രശാന്ത്, കെ. രാജന്‍, കെ.വി. സത്യന്‍ എന്നിവര്‍ ചേര്‍ന്നാണ് എന്‍ജിനിയറെ കണ്ടത്. ഹാര്‍ബര്‍ റോഡുപണി പൂര്‍ത്തീകരിക്കണ മെന്ന് അഴിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി. ബാബുരാജ്, താലൂക്ക് വികസനസമിതി അംഗം പ്രദീപ് ചോമ്പാല, എന്നിവര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40009/construction-of-chompala-harbor-road-protest-in-creeping)