---
title: "വേനൽതുമ്പികൾ പറന്നെത്തും;  ബാലസംഘം  കലാജാഥയുടെ പര്യടനം മെയ് നാലിന് ആരംഭിക്കും"
english_title: "Summer snails will fly; The tour of Balasangham Kalajatha will start on May 4"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40039/summer-snails-will-fly-the-tour-of-balasangham-kalajatha-will-start-on-may-4"
published_at: "2022-04-30T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626ca8f68e994_Untitled-1.jpg"
keywords: []
---

# വേനൽതുമ്പികൾ പറന്നെത്തും;  ബാലസംഘം  കലാജാഥയുടെ പര്യടനം മെയ് നാലിന് ആരംഭിക്കും

> **Lead Summary:** **വടകര : **ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ സഞ്ചരിക്കുന്ന തിയേറ്റർ ഗ്രൂപ്പായ ബാലസംഘം വേനൽതുമ്പികൾ കലാജാഥയുടെ പര്യടനം മെയ് നാലിന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**വടകര : **ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ സഞ്ചരിക്കുന്ന തിയേറ്റർ ഗ്രൂപ്പായ ബാലസംഘം വേനൽതുമ്പികൾ കലാജാഥയുടെ പര്യടനം മെയ് നാലിന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

> 24ന്‌ ഒഞ്ചിയം ചോറോട് എംഎസ്‌ യുപി സ്കൂളിൽ ആരംഭിച്ച ജില്ലാ പരിശീലന ക്യാമ്പ് മെയ്‌ ഒന്നിന്‌ സമാപിക്കും . "ഞങ്ങൾക്കും ചിലത് പറയാനുണ്ട്' മുദ്രാവാക്യമുയർത്തിയാണ് വേനൽതുമ്പികൾ എത്തുന്നത്. അരികുവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ പ്രമേയമാക്കി രംഗശിൽപ്പങ്ങൾ തുമ്പികൾ അരങ്ങിലെത്തിക്കും.

ലിംഗസമത്വം പ്രമേയമാക്കി ബാലസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അമാസ് എസ് ശേഖർ രചിച്ച കബഡി നാടകം, ആണിടങ്ങളായി ചുരുങ്ങുന്ന കളിയിടങ്ങളെക്കുറിച്ചും ജെൻഡർ ന്യൂട്രൽ യൂണിഫോമിനെക്കുറിച്ചും ചർച്ചചെയ്യുന്നു.

> പി ടി രാഹേഷിന്റെ ‘സൂപ്പർ ഹീറോസ്’, ബാലസംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം കെ പി പ്രിയദർശൻ രചിച്ച "ഓലപ്പാമ്പ്' നാടകവുമുണ്ട്‌. ശ്രീജിത്ത് പൊയിൽക്കാവിന്റെ ‘രാപ്പാട്ടുകാർ', ഇന്ദ്രൻ മച്ചാടിന്റെ ‘പുലിവരുന്ന പുലി'. എം വി മോഹനന്റെ ‘നമ്മുടെ മേനി നമുക്ക് സ്വന്തം'. ഡി പാണി എഴുതിവച്ച വരികൾക്ക് രംഗാവിഷ്കാരം ഒരുക്കുന്ന ‘പണയം'. ആര്യൻ കണ്ണനൂർ എഴുതിയ ‘ജാഗ്രതൈ'. സി സച്ചിദാനന്ദന്റെ ‘ഗോ കൊറോണ ഗോ'. നാടൻ കലാപാരമ്പര്യവും ആധുനിക റാപ്പ് മ്യൂസിക്കും ഉൾച്ചേർത്ത് തയ്യാറാക്കിയ അവതരണ ശിൽപ്പവും, ലോക തൊഴിലാളികളുടെ ഉണർത്തുപാട്ടായ സാർവ ദേശീയഗാനത്തിന്റെ ദൃശ്യാവിഷ്കാരവും അരങ്ങിലെത്തും.

കെ എൻ ബാബു, സുമേഷ് മാലിനി, ഹർഷദാസ്, വി വിഷ്ണുജ, സി രാധാകൃഷ്ണൻ എന്നിവരാണ് ജില്ലാ പരിശീലകർ. കെ പി പ്രിയദർശൻ ക്യാമ്പ് ഡയറക്ടറും വി എം പ്രജീഷ് കുമാർ ക്യാമ്പ് മാനേജരുമാണ്.

ഒഞ്ചിയം, വടകര ഏരിയയിലെ തുമ്പികളാണ് ജില്ലാ ക്യാമ്പിൽ പരിശീലനം നേടുന്നത്. ജില്ലാ ക്യാമ്പിനെ തുടർന്ന് മെയ് 2 മുതൽ വിവിധ ഏരിയകളിൽ ക്യാമ്പ് ആരംഭിക്കും. ജില്ലയിലാകെ 16 ഏരിയകളിലായി 16 കലജാഥകളിലായി 256 തുമ്പികൾ ഒരുങ്ങും.

അഞ്ഞൂറോളം കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകി മെയ് 25 ഓടെ ജില്ലയിൽ ജാഥകൾ സമാപിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം എം അഖിൽ നാസിം, പ്രസിഡന്റ്‌ എം അഞ്ജു ശ്രീധർ, സ്വാഗതസംഘം ചെയർമാൻ പി പി ചന്ദ്രശേഖരൻ, കൺവീനർ മധു കുറുപ്പത്ത്, വി എം പ്രജീഷ് കുമാർ, വി ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40039/summer-snails-will-fly-the-tour-of-balasangham-kalajatha-will-start-on-may-4)