---
title: "മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരില്‍ ഇരിങ്ങല്‍ സ്വദേശിയും"
english_title: "A native of Iringal was among those arrested in the case of threatening a journalist"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4040/a-native-of-iringal-was-among-those-arrested-in-the-case-of-threatening-a-journalist"
published_at: "2021-10-07T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615f22435192b_arreset .jpg"
keywords: []
---

# മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരില്‍ ഇരിങ്ങല്‍ സ്വദേശിയും

> **Lead Summary:** വടകര: മാധ്യമ പ്രവര്‍ത്തകന്റെയും ഭാര്യയുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരില്‍ വടകര ഇരിങ്ങല്‍ സ്വദേശിയും. വടകര ഇരിങ്ങല്‍ ആറാണ്ടക്കല്‍ വിപിന്‍,പേരാമ്പ്ര മഠത്തില്‍ അജേഷ്, തളിപ്പറമ്പ് സ്വദേശി കുറ്റ്യേരി തലോറ തായാറത്ത് വളപ്പില്‍ ഷിബു മോന്‍, എന്നിവരെയാണ് വടകര എസ് ഐ,എം നിജേഷ് അറസ്റ്റ് ചെയ്തത്.

## Article Content

വടകര: മാധ്യമ പ്രവര്‍ത്തകന്റെയും ഭാര്യയുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരില്‍ വടകര ഇരിങ്ങല്‍ സ്വദേശിയും. വടകര ഇരിങ്ങല്‍ ആറാണ്ടക്കല്‍ വിപിന്‍,പേരാമ്പ്ര മഠത്തില്‍ അജേഷ്, തളിപ്പറമ്പ് സ്വദേശി കുറ്റ്യേരി തലോറ തായാറത്ത് വളപ്പില്‍ ഷിബു മോന്‍, എന്നിവരെയാണ് വടകര എസ് ഐ,എം നിജേഷ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വടകരയിലെ ഹോട്ടലിനുമുന്നില്‍ നില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകന്റെയും ഗര്‍ഭിണിയായ ഭാര്യയുടെയും ചിത്രം മൊബൈല്‍ഫോണില്‍ പകര്‍ത്തിയതിനു പിന്നാലെ മൂന്നംഗസംഘം ഇരുവരെയും അസഭ്യംപറയുകയും ചിത്രം മോര്‍ഫ്‌ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ജന്മഭൂമി വടകര ലേഖകന്‍ ബി. നവനീതകൃഷ്ണനാണ് ദുരനുഭവമുണ്ടായത്. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ വടകര എം.ആര്‍.എ. ഹോട്ടലിനുമുന്നിലാണ് സംഭവം. ഇവിടെ ഭാര്യയ്‌ക്കൊപ്പം ഭക്ഷണത്തിന് ഓര്‍ഡര്‍ചെയ്ത് പാഴ്‌സല്‍ കൗണ്ടറിനുമുന്നില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍വന്ന് മൊബൈല്‍ഫോണില്‍ ഇരുവരുടെയും ചിത്രങ്ങളെടുക്കുകയായിരുന്നു.

പുറത്തേക്കുപോയ ഇയാളെ വിളിച്ച് കാര്യങ്ങള്‍ ചോദിക്കുകയും ഫോണ്‍ പരിശോധിക്കുകയും ചെയ്തപ്പോള്‍ ഇരുവരുടേയും മൂന്നുചിത്രങ്ങള്‍ കണ്ടു. ഇത് ഡിലീറ്റ് ചെയ്യിപ്പിച്ചശേഷം തിരികെ ഹോട്ടലിലെത്തി ഭക്ഷണംവാങ്ങി പുറത്തിറങ്ങിയപ്പോള്‍ ഫോട്ടോയെടുത്തയാളും സുഹൃത്തുക്കളും എത്തി തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഡിലീറ്റ് ചെയ്ത ഫോട്ടോ തിരിച്ചെടുത്ത് മോര്‍ഫ്‌ചെയ്ത് പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപെടുത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4040/a-native-of-iringal-was-among-those-arrested-in-the-case-of-threatening-a-journalist)