---
title: "അഭിരുചിക്കനുസരിച്ച പാഠ്യമേഖല തെരഞ്ഞെടുക്കാന്‍  വിദ്യാര്‍ഥികള്‍ പ്രാപ്തരാവണം: കെ.കെ രമ എം.എല്‍.എ"
english_title: "Orientation Program that provides guidance and training for the Entrance Examination (CUET) conducted by Central Universities"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40445/orientation-program-that-provides-guidance-and-training-for-the-entrance-examination-cuet-conducted-by-central-universities"
published_at: "2022-05-02T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626fb3630fb58_kk rema mla.jpg"
keywords: []
---

# അഭിരുചിക്കനുസരിച്ച പാഠ്യമേഖല തെരഞ്ഞെടുക്കാന്‍  വിദ്യാര്‍ഥികള്‍ പ്രാപ്തരാവണം: കെ.കെ രമ എം.എല്‍.എ

> **Lead Summary:** വടകര: ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചു പാഠ്യവിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ കുട്ടികള്‍ സ്വയം പ്രാപ്തരാവണമെന്നു കെ.കെ രമ എം.എല്‍.എ പറഞ്ഞു. എം.എല്‍.എ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ ഭാഗമായി കേന്ദ്ര സര്‍വകലാശാലകള്‍ നടത്തുന്ന പ്രവേശന പരീക്ഷ ( സി.യു.ഇ.ടി )യ്ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കുന്ന ഓറിയന്റേഷന്‍ പ്രോഗ്രാം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

## Article Content

വടകര: ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചു പാഠ്യവിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ കുട്ടികള്‍ സ്വയം പ്രാപ്തരാവണമെന്നു കെ.കെ രമ എം.എല്‍.എ പറഞ്ഞു. എം.എല്‍.എ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ ഭാഗമായി കേന്ദ്ര സര്‍വകലാശാലകള്‍ നടത്തുന്ന പ്രവേശന പരീക്ഷ ( സി.യു.ഇ.ടി )യ്ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കുന്ന ഓറിയന്റേഷന്‍ പ്രോഗ്രാം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

ഹയര്‍ സെക്കന്‍ഡറി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഹയര്‍ സെക്കണ്ടറി പഠനം പൂര്‍ത്തിയാകുന്നതോടെ ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും സാമ്പ്രദായിക ഉപരിപഠന സാധ്യതകളിലെക്ക് തിരിയുകയല്ലാതെ താല്പര്യമുള്ള പുതിയ പാഠ്യമേഖലകളെ കുറിച്ച് ആലോചിക്കാറില്ല.

കേന്ദ്രീയ സര്‍വകലാശാലകള്‍ വഴി നിരവധി വ്യത്യസ്ത പഠന സാദ്ധ്യതകള്‍ മുന്നിലുണ്ടെങ്കിലും പലരും അതിനെക്കുറിച്ച് അന്വേഷിക്കുകയോ, ആ സാധ്യതകളെ ഉപയോഗപ്പെടുത്തുകയോ ഇല്ല. ഈ മേഖലയെ കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കാനാണ് ഇങ്ങനെയൊരു ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചതെന്നും എം.എല്‍.എ പറഞ്ഞു.

ഡല്‍ഹി യൂനിവേഴ്‌സിറ്റി, അലിഗഡ്, ജാമിയമില്ലിയ, ബനാറസ്, ജെ.എന്‍.യു, ഹൈദരാബാദ്, പോണ്ടിച്ചേരി തുടങ്ങി നാല്‍പതിലധികം യൂനിവേഴ്‌സിറ്റികളിലേക്കാണ് പ്രവേശന പരീക്ഷ നടക്കുന്നത്.

സി.യു.ഇ.ടി അഥവാ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയതോ അവസാന വര്‍ഷ പരീക്ഷ എഴുതുന്നതോ ആയ വിദ്യാര്‍ഥികള്‍ക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്.

വടകര ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ചോറോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സബിത അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ശശികുമാര്‍ പുറമേരി പദ്ധതി വിശദീകരിച്ചു. പ്രമോദ് കയ്യാല സ്വാഗതവും ജിനുകുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40445/orientation-program-that-provides-guidance-and-training-for-the-entrance-examination-cuet-conducted-by-central-universities)