---
title: "വീടുകയറി അക്രമം; ലഹരി സംഘങ്ങള്‍ക്കെതിരെ  ശക്തമായ നടപടി വേണമെന്ന് കെ.കെ രമ എം.എല്‍.എ"
english_title: "Domestic violence; KK Rema MLA calls for strong action against drug gangs"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40994/domestic-violence-kk-rema-mla-calls-for-strong-action-against-drug-gangs"
published_at: "2022-05-05T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273e4cead3e2_K K REMA MLA.jpg"
keywords: []
---

# വീടുകയറി അക്രമം; ലഹരി സംഘങ്ങള്‍ക്കെതിരെ  ശക്തമായ നടപടി വേണമെന്ന് കെ.കെ രമ എം.എല്‍.എ

> **Lead Summary:** **വടകര: **യുവാക്കളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും ഇതോടനുബന്ധിച്ചുണ്ടാകുന്ന കുറ്റകൃത്യങ്ങളും വടകരയടക്കം എല്ലാ മേഖലകളിലും വര്‍ധിച്ചുവരുന്നതായും ഇതിനെതിരെ സമൂഹവും പൊലിസും ശക്തമായി രംഗത്തുവരേണ്ടതുണ്ടെന്നും കെ.കെ രമ എം.എല്‍.എ പറഞ്ഞു.

## Article Content

**വടകര: **യുവാക്കളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും ഇതോടനുബന്ധിച്ചുണ്ടാകുന്ന കുറ്റകൃത്യങ്ങളും വടകരയടക്കം എല്ലാ മേഖലകളിലും വര്‍ധിച്ചുവരുന്നതായും ഇതിനെതിരെ സമൂഹവും പൊലിസും ശക്തമായി രംഗത്തുവരേണ്ടതുണ്ടെന്നും കെ.കെ രമ എം.എല്‍.എ പറഞ്ഞു.

കഴിഞ്ഞ ദിവസം മുട്ടുങ്ങലില്‍ വീടുകയറി അക്രമം നടത്തി കുട്ടികളെയടക്കം പരുക്കേല്‍പിച്ച സംഭവത്തില്‍ അക്രമത്തിനിരയായ വീട് സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. വളളിക്കാട് ബാലവാടി കയ്യാല രാജീവന്റെ വീട്ടിലാണ് സംഭവം നടന്നത്. റെയില്‍വേ ട്രാക്കിലിരുന്ന് ലഹരി ഉപയോഗം നടത്തുന്നതിനെതിരെ പ്രതികരിച്ചതിനാണ് പ്രതികള്‍ രാത്രിയില്‍ വീടുകയറി അക്രമം നടത്തിയത്. രാജീവന്റെ വീട്ടിലെ ചെറിയ കുട്ടികള്‍ക്കടക്കം പരുക്കേറ്റു.

പൊലിസിന്റെ കാര്യക്ഷമമായ ഇടപെടലില്‍ പ്രതികളെ വേഗം തന്നെ പിടികൂടാന്‍ കഴിഞ്ഞിട്ടുണ്ട്. ആളുകള്‍ അധികം ശ്രദ്ധിക്കാത്ത ഇടങ്ങളാണ് ഇത്തരം ലഹരി ഉപയോഗിക്കുന്നവര്‍ തെരഞ്ഞെടുക്കുന്നത്. ഇത്തരം സ്ഥലങ്ങളില്‍ പൊലിസിന്റെ പട്രോളിങ് സംഘം എത്തണം. മാരക മയക്കുമരുന്നായ എം.ഡി.എം.എ അടക്കം വടകര മേഖലയില്‍ സുലഭമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ശക്തമായി രംഗത്തുവരണമെന്നും കെ.കെ രമ വ്യക്തമാക്കി. കുറച്ചുനാള്‍ മുന്‍പ് വടകര കൊക്കഞ്ഞാത്തും ഇത്തരത്തില്‍ വീടുകയറി അക്രമം നടന്നിരുന്നു. ഈ കേസില്‍ പിന്നീട് ഒരു തുടര്‍നടപടികളും ഉണ്ടായിട്ടില്ല. ഇത്തരം അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതില്‍ പോലീസ് കുറെ കൂടെ ജാഗ്രത കാണിക്കണമെന്നും എം.എല്‍.എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40994/domestic-violence-kk-rema-mla-calls-for-strong-action-against-drug-gangs)