---
title: "ദുരിതമൊഴിയാതെ ബസ് ജീവനക്കാര്‍ സ്വകാര്യ ബസ്സുകള്‍ കട്ടപ്പുറത്ത് തന്നെ "
english_title: "criss in bus trnsport - vatakara taluk "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4183/criss-in-bus-trnsport-vatakara-taluk"
published_at: "2021-10-08T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616025de837ca_bus stand .jpg"
keywords: []
---

# ദുരിതമൊഴിയാതെ ബസ് ജീവനക്കാര്‍ സ്വകാര്യ ബസ്സുകള്‍ കട്ടപ്പുറത്ത് തന്നെ 

> **Lead Summary:** **വടകര: **എല്ലാ മേഖലകളിലും കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തിയെങ്കിലും കട്ടപ്പുറത്ത് ഇരിക്കാനാണ് സ്വകാര്യ ബസുകളുടെ വിധി. ബസ് സര്‍വീസുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും യാത്രക്കാരുടെ എണ്ണം തീരെക്കുറഞ്ഞത് സ്വകാര്യ ബസ് ജീവനക്കാര്‍ വലയുകയാണ്.

## Article Content

**വടകര: **എല്ലാ മേഖലകളിലും കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തിയെങ്കിലും കട്ടപ്പുറത്ത് ഇരിക്കാനാണ് സ്വകാര്യ ബസുകളുടെ വിധി. ബസ് സര്‍വീസുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും യാത്രക്കാരുടെ എണ്ണം തീരെക്കുറഞ്ഞത് സ്വകാര്യ ബസ് ജീവനക്കാര്‍ വലയുകയാണ്.

ദിവസം മുഴുവന്‍ ഓടിയിട്ടും ഡീസല്‍ കാശു പോലും ലഭിക്കാത്ത മുന്‍അനുഭവങ്ങള്‍ ബസുകള്‍ നിരത്തിലിറക്കുന്നതില്‍ നിന്ന് ഉടമകളെ പിന്നോട്ടു വലിക്കുന്നുണ്ട്.കൊവിഡിന് പിന്നാലെ യാത്രക്കാര്‍ ബസുകളെ കൈവെടിഞ്ഞ് സ്വകാര്യ വാഹനങ്ങളിലേക്ക് മാറിയതോടെ കടക്കെണിയിലാണ് മിക്ക ബസ് ഉടമകളും. കൊവിഡിന് മുമ്പ് സാമാന്യം നല്ല ടിക്കറ്റ് കളക്ഷന്‍ മിക്ക ബസുകള്‍ക്കും ലഭിച്ചിരുന്നു.

ഡീസല്‍ വില അനിയന്ത്രിതമായി ഉയരുന്നതിന് മുമ്പ് ലാഭകരമായാണ് മുന്നോട്ടു പോയിരുന്നത്. തൊഴിലാളികളുടെ ബത്ത കിഴിച്ചാലും രണ്ടായിരം രൂപ മുതല്‍ എല്ലാ ചിലവും കിഴിച്ച് ഉടമയ്ക്ക് കിട്ടും. ഇന്ധന വില വര്‍ദ്ധനവിന് പിന്നാലെ അധിക ചെലവ് വന്നതോടെ ജീവനക്കാരുടെ എണ്ണം നാലില്‍നിന്ന് മൂന്നായി കുറഞ്ഞു. മൂന്ന് പേരുണ്ടായിരുന്ന ബസുകളില്‍ രണ്ടുപേരും. പല ബസുകളിലും ഉടമകള്‍ തന്നെ ജീവനക്കാരായി. പിന്നീടുള്ള സംഭവവികാസങ്ങള്‍.

കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആദ്യം ബ്രേക്ക് വീണതും ബസ് മേഖലയ്ക്കാണ്. ബസുകള്‍ മാസങ്ങളോളം കട്ടപ്പുറത്തിരുന്നപ്പോള്‍ പ്രതിസന്ധിയുടെ കയത്തിലേക്ക് വീണത് പതിനായിരത്തോളം കുടുംബങ്ങള്‍ കൂടിയാണ്. ബസ് തൊഴിലാളിയാകാന്‍ ഉടമയ്ക്ക് കൈക്കൂലി കൊടുത്ത ഒരു കാലത്തിന് അധികം പഴക്കമില്ല.

കണ്ടക്ടറാകാന്‍ അര ലക്ഷം വരെ നിക്ഷേപമായി നല്‍കണം. ഒപ്പം വലിയ ശുപാര്‍ശകളും. കക്ഷത്ത് പണം നിറിച്ച ലതര്‍ ബാഗിന്റെ പത്രാസ് ഇന്ന് പഴം കഥ കൊവിഡ് പ്രതിസന്ധിയില്‍ കൂട്ടത്തകര്‍ച്ചയെ നേരിടുന്ന സ്വകാര്യ ബസ് വ്യവസായം കരകയറാനാവാത്ത സ്ഥിതിയിലാണിപ്പോള്‍. മഹാമാരിക്കാലത്തെ വലിയ പ്രതിസന്ധി എന്ന് അവസാനിക്കുമെന്ന ആശങ്കയിലാണ് ബസുടമകളും,തൊഴിലാളികളും. കൊവിഡിന്റെ ഒന്നാം തരംഗത്തില്‍ ഏറെക്കാലം കട്ടപ്പുറത്തായ ബസുകള്‍ നിരത്തിലിറങ്ങി തുടങ്ങിയതോടെ വലിയ ആശ്വാസത്തിലായിരുന്നു തൊഴിലാളികള്‍.

എന്നാല്‍ രണ്ടാംതരംഗം പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തതെന്ന് തൊഴിലാളികള്‍ പറയുന്നു. ആളൊഴിഞ്ഞ ബസുകള്‍ ഇനി എത്രനാള്‍ നിരത്തിലിറക്കാന്‍ കഴിയുമെന്ന ചോദ്യ ചിഹ്നമാണ് ഉടമകളുടെയും തൊഴിലാളികളുടെയും മുന്നിലുള്ളത്. ലോക്ഡൗണിന് ശേഷം ഓട്ടം തുടങ്ങിയെങ്കിലും എല്ലാം പേരിന് മാത്രം എന്ന തരത്തിലാണ് സ്വകാര്യ ബസ് ജീവനക്കാരുടെ അവസ്ഥ.ലോക്ക് ഡൌണ്‍ ഇളവുകള്‍ ഓരോന്നായി പുറത്തിറക്കുമ്പോഴും കോവിഡ് കാരണം ജീവിതത്തില്‍ പട്ടിണി കിടക്കേണ്ട തരത്തില്‍ ജനജീവിതം എത്തിയിരുന്നു എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നുണ്ടെങ്കിലും പൊതുഗതാഗതത്തെ സ്വീകരിച്ച് തുടങ്ങാത്തതും, സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഉപയോഗം ബസ്സുകളില്‍ ആളുകള്‍ കുറയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ്.ആയിരവും ആയിരത്തിയഞ്ഞൂറും ദിവസവരുമാനം കിട്ടിയിരുന്ന ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഇരുനൂറ്റിയമ്പത് രൂപ പോലും കിട്ടാത്ത സ്ഥിതിയാണിപ്പോള്‍.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4183/criss-in-bus-trnsport-vatakara-taluk)