---
title: "വടകരയില്‍ നാടകോത്സവം തുടരുന്നു പ്രേക്ഷകപ്രശംസ ശ്രദ്ധ നേടി 'ഇരിക്കപ്പിണ്ഡം കഥ പറയുന്നു'"
english_title: "Drama festival continues in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42241/drama-festival-continues-in-vadakara"
published_at: "2022-05-12T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627c8e93e023b_natakam .jpg"
keywords: []
---

# വടകരയില്‍ നാടകോത്സവം തുടരുന്നു പ്രേക്ഷകപ്രശംസ ശ്രദ്ധ നേടി 'ഇരിക്കപ്പിണ്ഡം കഥ പറയുന്നു'

> **Lead Summary:** **വടകര :** നാടകസ്‌നേഹികളും നാടകപ്രവര്‍ത്തകരും വടകര ടൗണ്‍ ഹാളില്‍ ഒത്തുചേര്‍ന്ന് ഒരു നാടകക്കാലം പുനര്‍ജനിക്കുന്നു. കേരള സംഗീത നാടക അക്കാദമിയുടെ അമേച്വര്‍ നാടകോത്സവത്തില്‍ രണ്ടാം നാള്‍ അവതരിപ്പിച്ച 'ഇരിക്കപ്പിണ്ഡം കഥ പറയുന്നു' നാടകം പ്രേക്ഷകപ്രശംസ ശ്രദ്ധ പിടിച്ചുപറ്റി.

## Article Content

**വടകര :** നാടകസ്‌നേഹികളും നാടകപ്രവര്‍ത്തകരും വടകര ടൗണ്‍ ഹാളില്‍ ഒത്തുചേര്‍ന്ന് ഒരു നാടകക്കാലം പുനര്‍ജനിക്കുന്നു. കേരള സംഗീത നാടക അക്കാദമിയുടെ അമേച്വര്‍ നാടകോത്സവത്തില്‍ രണ്ടാം നാള്‍ അവതരിപ്പിച്ച 'ഇരിക്കപ്പിണ്ഡം കഥ പറയുന്നു' നാടകം പ്രേക്ഷകപ്രശംസ ശ്രദ്ധ പിടിച്ചുപറ്റി.

വി ടി ഭട്ടതിരിപ്പാടിന്റെ കര്‍മവഴികളിലൂടെ സഞ്ചരിച്ച നാടകം പുതിയ കാലത്തിന്റെ വെല്ലുവിളികളെ ഓര്‍മപ്പെടുത്തി. 'കണ്ണീരും കിനാവും'എന്ന വി ടിയുടെ ആത്മകഥയിലെ ചരിത്ര മുഹൂര്‍ത്തങ്ങളും സമുദായത്തിലുണ്ടാകുന്ന വിപ്ലവകരമായ മാറ്റങ്ങളും ഘോഷയും മറക്കുടയും വലിച്ചെറിഞ്ഞ് അടുക്കളയില്‍നിന്ന് അരങ്ങത്തേക്കുള്ള അന്തര്‍ജനങ്ങളുടെ കടന്നുവരവും അരങ്ങിനെ ഉജ്വലമാക്കി. എന്നാല്‍ നേടിയെടുത്ത നവോത്ഥാന മൂല്യങ്ങള്‍ അന്ധകാരംമൂടിയ കാലത്തിലേക്ക് തിരിച്ചുനടത്തുകയാണോ എന്ന ആശങ്കയും നാടകം പങ്കുവയ്ക്കുന്നു.

കഥാപാത്രങ്ങള്‍, അഭിനയം, പ്രകാശം, ശബ്ദം, സംഗീതം ഇവ ഓരോന്നും നാടകത്തില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. രചയിതാവ് ഇ ഡി ഡേവിസിനെയും സംവിധായകന്‍ ശശിധരന്‍ നടുവിലിനെയും റിമമ്പറന്‍സ് തിയേറ്റര്‍ ഗ്രൂപ്പ് കേരളയുടെ മുഴുവന്‍ കലാകാരന്മാരെയും വടകരയിലെ നാടകാസ്വാദകര്‍ പ്രശംസിച്ചു. നാടകാന്ത്യം നടന്ന ഓപ്പണ്‍ ഫോറത്തില്‍ സുരേഷ് ബാബു ശ്രീസ്ഥ, മുഹമ്മദ് പേരാമ്പ്ര, മനാഫ് വടകര തുടങ്ങിയവര്‍ പങ്കെടുത്തു.

നാടകോത്സവത്തിന്റെ മൂന്നാം നാളില്‍ മധുരഗീതങ്ങള്‍ ഗായകസംഘത്തിന്റെ പഴയകാല നാടക ഗാനങ്ങളുടെ അവതരണം നടന്നു. ഇ വി വത്സന്‍ ഉദ്ഘാടനം ചെയ്തു. പ്രേംകുമാര്‍ വടകര അധ്യക്ഷനായി.

മണലില്‍ മോഹനന്‍ സ്വാഗതവും ഡോ. എന്‍ മോഹനന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ബൊളീവിയന്‍ സ്റ്റാര്‍സ് എന്ന നാടകം അവതരിപ്പിച്ചു. വ്യാഴം രാവിലെ എട്ടുമുതല്‍ കുട്ടികളുടെ നാടക ക്യാമ്പ്, വൈകിട്ട് അഞ്ചിന് നാടകത്തിലെ സ്ത്രീപക്ഷ വായന എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ എന്നിവ നടക്കും.

നാടക പ്രവര്‍ത്തകരായ ശ്രീജ ആറങ്ങോട്ടുകര, സുധി നിരീക്ഷ എന്നിവര്‍ പങ്കെടുക്കും. ടി പി ഗോപാലന്‍ അധ്യക്ഷനാവും. തുടര്‍ന്ന് നെരൂദ തിയറ്റേഴ്‌സ് നടക്കാവ് (കാസര്‍കോട്) അവതരിപ്പിക്കുന്ന 'ഒറ്റന്‍' എന്ന നാടകം അരങ്ങേറും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42241/drama-festival-continues-in-vadakara)