---
title: "രാജ്യദ്രോഹ കുറ്റം മരവിപ്പിച്ച സുപ്രീം കോടതി നടപടി  സ്വാഗതാര്‍ഹമെന്ന് ആര്‍.എം.പി.ഐ"
english_title: "RMPI welcomes Supreme Court order freezing treason case"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42404/rmpi-welcomes-supreme-court-order-freezing-treason-case"
published_at: "2022-05-12T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627d23f25f838_rmp photo.jpg"
keywords: []
---

# രാജ്യദ്രോഹ കുറ്റം മരവിപ്പിച്ച സുപ്രീം കോടതി നടപടി  സ്വാഗതാര്‍ഹമെന്ന് ആര്‍.എം.പി.ഐ

> **Lead Summary:** **വടകര:** ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഒന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള രാജ്യദ്രോഹ കുറ്റം 124 എ മരവിപ്പിച്ച സുപ്രീം കോടതിയുടെ ചരിത്ര വിധി സ്വാഗതാര്‍ഹമാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

## Article Content

**വടകര:** ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഒന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള രാജ്യദ്രോഹ കുറ്റം 124 എ മരവിപ്പിച്ച സുപ്രീം കോടതിയുടെ ചരിത്ര വിധി സ്വാഗതാര്‍ഹമാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ബ്രിട്ടിഷ് കൊളോണിയല്‍ കാലത്ത് സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ ഉണ്ടാക്കിയ നിയമം സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേരെയാണ് ഇക്കാലമത്രയും ഭരണകൂടങ്ങള്‍ ഉപയോഗപ്പെടുത്തിയത് രാഷ്ട്രീയ നേതാക്കന്മാര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെല്ലാമെതിരായി രാജ്യ വ്യാപകമായി ഈ കരിനിയമം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

പൗരാവകാശവും ജനാധിപത്യവും നിലനില്‍ക്കണമെന്ന കോടതി നിരീക്ഷണം ശ്ലാഘനീയമാണ് മഹാത്മാ ഗാന്ധിയും ബാലഗംഗാധരതിലകന്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ കാരാഗൃഹത്തിലടക്കാന്‍ ഉപയോഗിച്ച നിയമം അരുന്ധതീറോയിക്കും ആള്‍കൂട്ട കൊലകള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി എന്ന കുറ്റത്തിന് രാമചന്ദ്ര ഗുഹയ്‌ക്കെതിരെയും പൗരത്വനിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെയും ജെ.എന്‍.യുവിലെ വിദ്യാത്ഥിസമരം, കര്‍ഷകസമരം തുടങ്ങി നിരവധി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ നിയമം ഉപയോഗപ്പെടുത്തിയിട്ടുണ്ട് .

ഇടത് വലത് വ്യത്യാസമില്ലാതെ എല്ലാ സര്‍ക്കാരുകള്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ വ്യാപകമായി മാവോയിസ്റ്റ് വേട്ടയുടെ ഭാഗമായി 124 എ വകുപ്പ് ദുരുപയോഗം ചെയ്തിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജയിലിലടക്കപ്പെട്ട നിരപരാധികളെ ഉടന്‍ വിട്ടയക്കാനും യു.എ.പി.എ പോലുള്ള നിയമങ്ങള്‍ ഉടന്‍ റദ്ദ് ചെയ്യാനും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42404/rmpi-welcomes-supreme-court-order-freezing-treason-case)